Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202403Monday

കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും തരിമ്പും കുറ്റബോധമില്ലാതെ ശ്യാംജിത്ത്; വിഷ്ണു പ്രിയയുടെ അരും കൊലയ്ക്ക് പ്രചോദനമായത് അഞ്ചാം പാതിര സിനിമയാണെന്ന് മൊഴി; നാണം കുണുങ്ങിയായ യുവാവിൽ നിന്നും കൊടുംകുറ്റവാളിയിലേക്ക് ശ്യാംജിത്ത് എങ്ങനെ മാറി?

കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും തരിമ്പും കുറ്റബോധമില്ലാതെ ശ്യാംജിത്ത്; വിഷ്ണു പ്രിയയുടെ അരും കൊലയ്ക്ക് പ്രചോദനമായത് അഞ്ചാം പാതിര സിനിമയാണെന്ന് മൊഴി; നാണം കുണുങ്ങിയായ യുവാവിൽ നിന്നും കൊടുംകുറ്റവാളിയിലേക്ക് ശ്യാംജിത്ത് എങ്ങനെ മാറി?

അനീഷ് കുമാർ

കണ്ണൂർ: പ്രണയ വൈരാഗ്യത്താൽ 23 വയസുകാരിയെ അരുംകൊലയ്ക്കിരയാക്കിയ പ്രതി ശ്യാംജിത്ത് കോടതി കുറ്റക്കാരനെന്ന് വിധിക്കുമ്പോൾ പ്രതിക്കൂട്ടിൽ നിന്നത് ലവലേശം കുറ്റബോധമില്ലാതെ. വിചാരണ വേളയിലും തെല്ലു പോലും കുറ്റബോധം ശ്യാംജിത്തിനെ അലട്ടിയിരുന്നില്ലെന്നാണ് തലശേരി കോടതിയിലെ അഭിഭാഷകരും കോടതിയിലേക്ക് കൊണ്ടുവന്നിരുന്ന പൊലീസും പറയുന്നത്. മാസങ്ങൾക്ക് മുൻപ് തലശേരി കോടതിയിൽ തുടങ്ങിയ വിചാരണ വേളയിൽ വിഷ്ണുപ്രിയയുടെ അമ്മയുടെയും സഹോദരിയുടെ സാക്ഷിവിസ്താരം നടന്നിരുന്നു ഞങ്ങളുടെ അമ്മുവിനെ എന്തിന് കൊന്നുവെന്ന അവരുടെ വിലാപങ്ങൾക്കു മുൻപിലും പ്രതികൂട്ടിൽ എല്ലാം കേട്ടു നിന്ന ശ്യാംജിത്തിന് യാതൊരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. ഇതു തന്നെയാണ്, കുറ്റക്കാരനെന്ന് കോടതി വിധി വിധിച്ച ദിവസവും സംഭവിച്ചത്. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയും അച്ഛനെ ഹോട്ടൽ നടത്തിപ്പിൽ സഹായിക്കുകയും ചെയ്തിരുന്ന ശ്യാംജിത്തെന്ന നാണം കുണുങ്ങിയായ യുവാവിന് എങ്ങനെ ഇത്ര മാത്രം ക്രുരനാവാൻ കഴിഞ്ഞുവെന്ന ചോദ്യമാണ് നാട്ടുകാർക്കും ബന്ധുക്കൾക്കുമുള്ളത്.

ദുരന്തത്തിലെത്തിയത് കോവിഡ് കാലത്തെ പ്രണയം

കോവിഡ് അടച്ചു പൂട്ടൽ കാലത്ത് കാലത്ത് സഹോദരിയുടെ സഹപാഠിയുമായി അവിചാരിതമായാണ് വിഷ്ണു പ്രിയ പരിചയപ്പെടുന്നത്. പിന്നീട് അതു കടുത്ത പ്രണയ ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. മൊബൈൽ ഫോണിലൂടെയും നേരിട്ടു കണ്ടും ശ്യാംജിത്തുമായി പ്രണയത്തിലാകുമ്പോൾ വിഷ്ണുപ്രിയയും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ആ ബന്ധം തന്റെ ജീവനെടുക്കാനുള്ളതാണെന്ന്.
ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാർഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാൻ വിഷ്ണുപ്രിയ തീരുമാനിക്കുകയായിരുന്നു പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി പരിചയപ്പെടുന്നത്. ഇവർ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രംഗത്തെത്തി. വിഷ്ണുപ്രിയയെയും ആൺസുഹൃത്തിനെയും നേരിൽക്കണ്ട് ബന്ധം പിരിയാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വർധിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

നാടിനെ നടുക്കിയ അരുംകൊല

2022 ഒക്ടോബർ രണ്ട്. കണ്ണൂർ പാനൂരിലെ വീട്ടിൽ ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ശ്യാമേട്ടൻ വന്നിട്ടുണ്ട്, എന്നെ എന്തെങ്കിലും ചെയ്യുമെന്ന് വിഷ്ണുപ്രിയ ആൺസുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആൺസുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിർണായകമായത്. കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആൺസുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പൊലീസുകാരനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.

പ്രതിയുടെ ഫോൺനമ്പർ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പൊലീസിനു വ്യക്തമായി. പൊലീസ് എത്തുമ്പോൾ അച്ഛന്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താൻ കൃത്യം ചെയ്‌തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ പിറ്റേന്ന് കുളത്തിൽ നിന്ന് കണ്ടെത്തി. കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കണ്ടെടുത്ത വസ്തുക്കളിൽ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയിൽ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നു പോയത് മൂന്നു പേർ കണ്ടിരുന്നു. വീഡിയോ കോളിൽ ആൺസുഹൃത്തിന് ലഭിച്ച വിവരങ്ങളും നിർണായകമായി. ദൃക്‌സാക്ഷിയില്ലാത്ത കേസാണ് പൊലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

അഞ്ചാം പാതിര പ്രേരണയായി

വിഷ്ണു പ്രിയയയെ കൊല്ലാൻ ആസൂത്രണം ചെയ്തത് അഞ്ചാം പാതിര സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് അന്വേഷണത്തിൽ മൊഴി നൽകിയിരുന്നു. അഞ്ചാംപാതിരയിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താൻ വിഷ്ണുപ്രിയയുടെ വള്ള്യായിയിലെ വീട്ടിലെത്തിയത്. അഞ്ചാം പാതിരയെന്ന ക്രൈം സിനിമ പ്രതി പല തവണകണ്ടതുകൊലപാതക ആസൂത്രണത്തിന് സഹായകമായെന്ന മൊഴി കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തിൽ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാർത്തയായിരുന്നു. വിഷ്ണുപ്രിയ അർഹിക്കുന്ന ശിക്ഷയാണ് താൻ നൽകിയതെന്നായിരുന്നു അന്ന് മാധ്യമങ്ങൾക്കു മുമ്പിൽ പ്രതിയുടെ നിലപാട്. തനിക്ക് ഇപ്പോൾ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്. എന്നാൽ, ഇന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിക്കുകയാണ് ചെയ്തത്. നിഷ്ഠൂരമായ കൃത്യത്തിന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്ന് തിങ്കളാഴ്ച അറിയാൻ കഴിയും. അപൂർവ്വമായ അരും കൊല നടത്തിയ യുവാവിന് കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.കെ. അജിത്ത് കുമാർ വാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP