Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമൊഴുകും കാലം; നാലേകാൽ ലക്ഷം കോടി രൂപ വിദേശ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടൻ ഊറ്റിയപ്പോൾ കേരളത്തിന്റെ നഷ്ടം 5000 മുതൽ 8000 കോടി രൂപ വരെ; ഒഴുകിപ്പോയ പണം തിരികെയെത്താൻ മാർഗം ഇല്ലാതാകുമ്പോൾ കേരളത്തിന്റെ ധനക്കമ്മി വീണ്ടും കൂടും

കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമൊഴുകും കാലം; നാലേകാൽ ലക്ഷം കോടി രൂപ വിദേശ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടൻ ഊറ്റിയപ്പോൾ കേരളത്തിന്റെ നഷ്ടം 5000 മുതൽ 8000 കോടി രൂപ വരെ; ഒഴുകിപ്പോയ പണം തിരികെയെത്താൻ മാർഗം ഇല്ലാതാകുമ്പോൾ കേരളത്തിന്റെ ധനക്കമ്മി വീണ്ടും കൂടും

പ്രത്യേക ലേഖകൻ

ലണ്ടൻ: കേരളത്തിൽ സർക്കാരിന്റെ കയ്യിൽ പണം ഇല്ലെന്നത് പുതിയ കാര്യമല്ല. ശമ്പളവും പെൻഷനും നൽകാൻ കേരളം എല്ലാ മാസവും കടം എടുക്കുന്നതും വായ്പ അൽപം വൈകിയാൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതും ഒക്കെ മലയാളിക്ക് ശീലമാകുന്ന കാര്യമാകുകയാണ്. പണം ഇല്ലാതെ സാമൂഹ്യ പെൻഷൻ കിട്ടാത്ത ലക്ഷക്കണക്കിന് വൃദ്ധജനങ്ങൾ ഒരു നേരത്തെ മരുന്നിനുള്ള പണം എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്. പണം എടുക്കാൻ ഇല്ലാതെ പദ്ധതികൾ വൈകുന്നതും ചെയ്ത പണികളുടെ പണം കിട്ടാതെ കരാറുകാർ അലയുന്നതും ഒക്കെ സ്ഥിരം വാർത്തകളായി മാറുന്നു.

മറ്റു സംസ്ഥാനങ്ങളെ ബാധിക്കാത്ത ഈ വിഷയം കേരളത്തെ ഇത്ര ഗുരുതരമായി എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യം എന്ന് പറഞ്ഞു തടിതപ്പുകയാണ് കേരളം. അത് മാത്രമാകുമോ ഇത്രയും വലിയ സാമ്പത്തിക കെടുതിക്ക് കാരണം എന്ന അന്വേഷണം മുമ്പ് മറുനാടൻ മലയാളി നടത്തിയപ്പോൾ വ്യക്തമായതു വിദേശ പഠനത്തിനും വിദേശ ജോലിക്കുമായി കേരളത്തിലെ പതിനായിരക്കണക്കിന് യുവതീയുവാക്കൾ മുടക്കുന്ന അനേകായിരം കോടി രൂപയുടെ തിരിച്ചു വരവില്ലാത്ത ഒഴുക്ക് വളരെ പ്രധാനമാകുന്നു എന്നാണ്.

അധികകാലം കേരളത്തിന് കണ്ണടച്ച് ഇരുട്ടാക്കാനാകില്ല

ഈ പുതിയ പ്രതിസന്ധിയെ കുറിച്ച് ഇന്നലെ സോഷ്യൽ മീഡിയ താരം മുരളി തുമ്മാരുകുടിയു എഴുതിയിട്ടുണ്ട്. ഇക്കാര്യം മുമ്പ് മറുനാടനും വാർത്തകളാക്കിയിരുന്നു. കാര്യമായ നിലയിൽ കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റ് ഇനിയും കൈകാര്യം ചെയ്യാത്ത പണത്തിന്റെ തിരിച്ചൊഴുക്ക് സമീപ ഭാവിയിൽ തന്നെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടി വരും. കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയുമായി അധികകാലം കേരളത്തിന് മുൻപോട്ട് പോകാനാകില്ല എന്നതാണ് വാസ്തവം.

വിദേശ യാത്ര എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന ബ്രിട്ടനിലേക്ക് മാത്രം മലയാളികളിൽ നിന്നും ഏറ്റവും ചുരുങ്ങിയത് അയ്യായിരം കോടി രൂപ ഒരു വര്ഷം കേരളത്തിൽ നിന്നും ഒഴുകിയിരിക്കണം എന്ന് റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. കേരളത്തിൽ നിന്നും വിദേശ പഠനത്തിനും വിദേശ ജോലിക്കും പോകുന്നവരുടെ കൃത്യമായ അപ്‌ഡേറ്റ് ചെയ്ത കണക്കുകൾ എവിടെയും ലഭിക്കാത്തതിനാലാണ് ഊഹക്കണക്കിനെ ആശ്രയിക്കേണ്ടി വരുന്നത്. മാത്രമല്ല ഓരോ വിദ്യാർത്ഥിയും ഓരോ ഉദ്യോഗാർത്ഥിയും വിദേശ യാത്രയ്ക്ക് ചെലവിടുന്ന പണവും വ്യത്യസ്തമാണ്. എങ്കിലും ഏകദേശ കണക്കിൽ ഈ രണ്ടു വിഭാഗത്തിലും ഒരാൾ ബ്രിട്ടനിലേക്ക് വരുമ്പോൾ ശരാശരി 20 ലക്ഷം രൂപയെങ്കിലും ചെലവിടുകയാണ്.

കേരളം കാണാതെപോയ കണക്കുകൾ

ഏകദേശം നാലു പതിറ്റാണ്ടായി എന്നും വിദേശ വരുമാനത്തെ ആശ്രയിച്ച കേരളത്തിന്റെ നിറമുള്ള കാഴ്ചകളാണ് മലയാളി നിത്യവും കണ്ടിരുന്നത്. ഗൾഫ് കുടിയേറ്റ കഥകൾ അത്തരം കാര്യങ്ങളെ മലയാളികളോട് പറഞ്ഞിട്ടുള്ളൂ. ലക്ഷക്കണക്കിന് ആളുകൾ ഗൾഫ് കൊണ്ട് ജീവിതം നിറമുള്ളതാക്കിയപ്പോൾ കേവലം കുറച്ചു പേർക്കാണ് ചതിക്കുഴികൾ നേരിടേണ്ടി വന്നത്. എന്നാൽ അതൊക്കെ മികവുകൾ ഉള്ളവരുടെ ജീവിത നേട്ടങ്ങൾക്ക് മുൻപിൽ ആരുടേയും ശ്രദ്ധയിൽ പതിയാത്ത കാര്യങ്ങളായി. തുടക്കകാലത്ത് അമേരിക്കയും യൂറോപ്പും ഓസ്‌ട്രേലിയയും മലയാളികൾക്ക് വാതിൽ തുറന്നപ്പോഴും ഗൾഫ് പോലെ തന്നെ പ്രവാസം മലയാളിക്ക് സൗന്ദര്യ സങ്കൽപം നിറഞ്ഞതായിരുന്നു. പണത്തിന്റെ വരവ് മാത്രമായിരുന്നു മുന്നിൽ ഉണ്ടായിരുന്ന പ്രധാന കാഴ്ച.

എന്നാൽ ഇപ്പോൾ വിദേശത്തു നിന്നും വന്നതു പോലെ തിരിച്ചു വിദേശത്തേക്കും പണം ഒഴുകുന്ന കാലമായി എന്ന് പറഞ്ഞാൽ സാധാരണ മലയാളികൾ മൂക്കത്തു വിരൽ വച്ചേക്കും. പഠനത്തിന് പോകുന്നവർ പതിനായിരക്കണക്കിന് ആയപ്പോൾ ഓരോ നാട്ടിലും ചെന്ന് പെട്ട മലയാളി യുവത്വത്തിന് ആ നാട്ടിൽ ജീവിക്കാനുള്ള പണവും പഠനച്ചിലവും കണ്ടെത്താനാകാതെ വന്നതോടെ കേരളത്തിൽ നിന്നും പണം വിദേശത്തേക്ക് ഒഴുകുകയാണ്. പഴയ ഹവാലയെ ഓർമ്മിപ്പിച്ച് ഓരോ വിദേശത്തുമുള്ള മലയാളികളോട് ആ നാടുകളിൽ കറൻസി തന്നാൽ പകരം തുല്യ തുകയോ കൂടുതലോ കേരളത്തിൽ ഇന്ത്യൻ രൂപയായി മടക്കി നൽകാം എന്നാണ് ഓഫർ. അതിനർത്ഥം വിദേശത്തു പോയവർക്ക് പിടിച്ചു നിൽക്കാൻ കേരളത്തിലെ ആശ്രിതർ പണം ചെലവാക്കിയേ മതിയാകൂ എന്ന് തന്നെയാണ്.

വിദേശ പഠനജ്വരത്തിനൊപ്പം താഴ്ന്ന വരുമാനമുള്ള ജോലിക്കായും മലയാളി മുടക്കിയത് ആയിരക്കണക്കിന് കോടി രൂപ

വിദേശ പഠന ജ്വരം ട്രെൻഡ് ആയി മാറിയപ്പോൾ തന്നെയാണ് കോവിഡാനന്തര ജീവിതത്തിൽ മുൻപോട്ടു നീങ്ങാൻ കെയർ ജോലി അടക്കം താഴ്ന്ന വരുമാനമുള്ള ജോലികൾക്കും വിസ അനുവദിക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്. എന്നാൽ ഇത് മുതലാക്കാനും കോടികൾ പിഴിയാനും ഇടനിലക്കാർ രംഗത്ത് വന്നത് കേരളത്തിന്റെ ധന ശേഷിക്കാണ് ഇപ്പോൾ തിരിച്ചടി ആകുന്നത്. ഒരു പണം പോലും മുടക്കാതെ ലഭിക്കുന്ന ജോലിയാണ് മലയാളി യുവത്വം ഇരുപതു മുതൽ മുപ്പതു ലക്ഷം രൂപവരെ ഇടനിലക്കാരെ ഏൽപിച്ചത്. ഇതേക്കുറിച്ചു തുടക്കം മുതൽ സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമം ഉണ്ടായപ്പോഴെക്കെ വലയിൽ നിന്നും വീണാലും കുളത്തിൽ കിടന്നോളും എന്ന നിസ്സംഗ ഭാവമാണ് നിഷ്‌ക്രിയ നിലപാടിൽ സർക്കാർ സ്വീകരിച്ചത്.

എന്നാൽ ഒരു പൊടി മീൻ പോലും ചോരാത്ത വിധം ട്രോളർ വലയുമായാണ് റിക്രൂട്ട് താപ്പാനകൾ കേരളത്തിൽ നിറഞ്ഞാടിയത്. ഇങ്ങനെ ഇവർക്കിടയിൽ എത്തിയ പണത്തിൽ നല്ല പങ്കും നിക്ഷേപമായി തന്നെ യുകെയിലേക്ക് എത്തി. കേരളത്തിൽ ഉള്ള റിക്രൂട്ടിങ് എജെനസികൾക്ക് യുകെയിൽ ഇടനിലക്കാർ ഉണ്ടായിരുന്നു എന്നതാണ് പണത്തിൽ നല്ല പങ്കും യുകെയിലേക്കു പറക്കാൻ കാരണം. അല്ലാത്തവരുടെ കാര്യത്തിൽ ഏജന്റുമാർ യുകെയിൽ നിന്നും തന്നെ കാര്യങ്ങൾ നിയന്ത്രിച്ചപ്പോൾ പണം ഏറെക്കുറെ പൂർണമായും യുകെയിലേക്ക് എത്തുക ആയിരുന്നു.

ഈ പണം സിനിമ, ഹോട്ടൽ വ്യവസായം എന്നിവിടങ്ങളിൽ മാത്രമല്ല ആഡംബര ജീവിതത്തിനും ഉല്ലാസത്തിനും കൂടിയാണ് വഴി മാറിപ്പോയത്, ഇതിനൊന്നും എത്ര കിട്ടി, എത്ര പോയി എന്നൊന്നും എവിടെയും കണക്കുകളില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട ആയിരക്കണക്കിന് കോടി രൂപ കടൽ കടന്ന് എന്ന്  മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ മാസങ്ങൾക്ക് ശേഷം പണം വിദേശത്തേക്ക് അയക്കാനുള്ള സ്വകാര്യ കമ്പനികളുടെ പരസ്യം ശ്രദ്ധയിൽ പെട്ട മുരളി തുമ്മാരുകുടിയും സമാനമായ കാര്യം തന്നെയാണ് പറയാൻ ശ്രമിക്കുന്നതും.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

Muralee Thummarukudy
1h ·

അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്
ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും 'വിദേശത്തേക്ക്' പണം അയക്കുന്നതിന്റെ പരസ്യങ്ങൾ ആണ്.
അതും ചെറിയ പരസ്യങ്ങൾ അല്ല
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ ആണ് പരസ്യത്തിൽ
റോഡു നിറഞ്ഞു നിൽക്കുന്ന ബിൽബോർഡുകൾ
അറുപത് വർഷത്തെ ജീവിതത്തിൽ ഇന്നുവരെ കേരളത്തിൽ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല.
ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജൻസികളുടെ പരസ്യങ്ങൾ കണ്ടിട്ടുണ്ട്.
അങനെ വന്ന പണമാണ് കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായത്.
ആ കാലം കഴിഞ്ഞു
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശപണം വന്നിരുന്നത് കേരളത്തിലാണ്.
പക്ഷെ റിസർവ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്
അമിതാഭ് ബച്ചന്റ പരസ്യവും ഇതുമായി കൂട്ടി വായിക്കണം
വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്.
ആരാണ് കേരളത്തിൽ നിന്നും പുറത്തേക്ക് പണമയക്കുന്നത്?
പ്രധാനമായും വിദേശത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്.
കൃത്യമായ കണക്കില്ല. ഒരു ഊഹം പറയാം.
ഇപ്പോൾ കേരളത്തിൽ നിന്നും പുറത്ത് ഒരു ലക്ഷത്തോളം മലയാളി വിദ്യാർത്ഥികൾ ഉണ്ടാകും
ഒരു വിദ്യാർത്ഥിക്ക് മിനിമം വർഷത്തിൽ പതിനായിരം ഡോളർ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവക്കുക
അപ്പോൾ ഒരു ബില്യൻ ഡോളറായി, എണ്ണായിരം കോടി രൂപ
ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലിൽ കയറുന്നത്!
ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്
ഇതിന് പുറമേയാണ് ഗൾഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാൻ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്.
അതെത്രയാണെന് എനിക്ക് ഒരു ഊഹം പോലുമില്ല.
പക്ഷെ കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ വീട്ടുവാങ്ങാൻ അനുവാദം കിട്ടുന്നതോടെ
ഇപ്പോൾ പഠിക്കാൻ പോകുന്ന പതിനായിരങ്ങൾ അവിടെ വീടു വാങ്ങാൻ ശ്രമിക്കുന്നതോടെ
ഏറെ പണം പുറത്തേക്ക് പോകേണ്ടി വരും
ശരാശരി പതിനായിരം ഡോളറിൽ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്
ഒരു ബില്യൻ പത്തു ബില്യനാകും!
സൻജു സാംസൺ മാറി സച്ചിൻ ടെൻഡുൽക്കർ ബിൽബോർഡിൽ വരും
ഇതിനൊക്കെ നാട്ടിലെ സമ്പദ്വ്യവസ്ഥയിൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകും
സ്ഥലത്തിന്റെ വില കുറയുമെന്ന് ഒരിക്കൽ കൂടി പറയാം
ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?
ശ്രദ്ധിക്കേണ്ടേ?
ശ്രദ്ധിക്കണം
മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP