Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഹിമാചൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്ന പ്രവചനം പാളിയത് കരൺ താപ്പർ ചോദ്യം ചെയ്തപ്പോൾ പ്രശാന്ത് കിഷോറിന്റെ കൺട്രോൾ പോയി; തെളിവുഹാജരാക്കാൻ വെല്ലുവിളി; വീഡിയോ വൈറൽ; പ്രശാന്തിനെ ബിജെപി ദേശീയ വക്താവാക്കിയെന്ന് വ്യാജ പ്രചാരണം

ഹിമാചൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്ന പ്രവചനം പാളിയത് കരൺ താപ്പർ ചോദ്യം ചെയ്തപ്പോൾ പ്രശാന്ത് കിഷോറിന്റെ കൺട്രോൾ പോയി; തെളിവുഹാജരാക്കാൻ വെല്ലുവിളി; വീഡിയോ വൈറൽ; പ്രശാന്തിനെ ബിജെപി ദേശീയ വക്താവാക്കിയെന്ന്  വ്യാജ പ്രചാരണം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്താവായി നിയമിച്ചോ? ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പ്രശാന്ത് കിഷോറിനെ ദേശീയ വക്താവായി നിയമിച്ചുവെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ പേരിലുള്ള കത്തിന്റെ സ്‌ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബിജെപി കത്ത് വ്യാജമാണെന്ന് പ്രശാന്ത് കിഷോറിന്റെ പാർട്ടി ജൻ സുരാജ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്‌ക്രീൻ ഷോട്ട് പങ്കുവച്ച കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശിനെയും പ്രശാന്തിന്റെ പാർട്ടി വിമർശിച്ചു. ' വൈരുദ്ധ്യം നോക്കണേ, കോൺഗ്രസ്, രാഹുൽ ഗാന്ധി...നിങ്ങൾ വ്യാജ വാർത്തയെ കുറിച്ച് സംസാരിക്കുകയും അതിന്റെ ഇരകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണ്. ഇപ്പോൾ കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് മേധാവി ജയ്‌റാം രമേശ് വ്യാജ രേഖ വ്യക്തിപരമായി പങ്കുവയ്ക്കുന്നത് കണ്ടില്ലേ', ജൻ സുരാജ് ചോദിച്ചു.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, മോദിയും, ബിജെപിയും മൂന്നാം വട്ടവും ജയിക്കുമെന്ന് പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു. 2019 ലേതിന് സമാനമായി ബിജെപിക്ക് 303 ഓ അതിൽ കൂടുതലോ സീറ്റുകൾ കിട്ടിയേക്കുമെന്നാണ് പ്രശാന്ത് വിലയിരുത്തിയത്. ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദ പ്രചാരണത്തിലൂടെ തിരഞ്ഞെടുപ്പ് അജണ്ട വഴിതിരിച്ചുവിടാനും ബിജെപിക്ക് കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആ പ്രചാരണം ബിജെപിക്ക് നേട്ടമായി വന്നു. ഇപ്പോൾ മോദി ജി പരാജയപ്പെടുമെന്ന് ആരും പറയുന്നില്ല. 370 സീറ്റ് ബിജെപിക്ക് ഒറ്റയ്ക്ക് കിട്ടില്ലായിരിക്കും എന്നു മാത്രമാണ് എല്ലാവരും പറയുന്നത്, പ്രശാന്ത് കിഷോർ പറഞ്ഞു.

കരൺ താപ്പറിന് മുന്നിൽ പ്രശാന്ത് കുടുങ്ങി

കരൺ താപ്പറുമായുള്ള അഭിമുഖത്തിൽ പ്രശാന്ത് കിഷോറിന് പണി പാളിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. 2022 ലെ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്ന പ്രശാന്തിന്റെ പ്രവചനം പാളി പോയതിനെ കുറിച്ച് താപ്പർ ചോദിച്ചതോടെ വാഗ്വാദമായി.

ട്വീറ്റുകളും, വാർത്താ ലേഖനങ്ങളും എടുത്തുകാട്ടി കൊണ്ടാണ് ഹിമാചലിൽ കോൺഗ്രസ് തോൽക്കുമെന്ന പ്രശാന്തിന്റെ പ്രവചനം താപ്പർ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, താൻ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വീഡിയോ തെളിവുകൾ ഹാജരാക്കിയാൽ, താൻ രാഷ്ട്രീയം വിടാമെന്നും പ്രശാന്ത് കിഷോർ കരൺ താപ്പറെ വെല്ലുവിളിച്ചു. പത്രങ്ങളിലെയും, വെബ്‌സൈറ്റുകളിലെയും റിപ്പോർട്ടുകൾ തെളിവായി എടുക്കാൻ കഴിയില്ലെന്ന വിചിത്ര വാദമാണ് പ്രശാന്ത് ഉന്നയിച്ചത്. 'പത്രങ്ങൾക്ക് എന്തും പ്രസിദ്ധീകരിക്കാം, ഞാൻ അത്തരമൊരു പ്രസ്താവന നടത്തിയെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു', പ്രശാന്ത് അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖം വൈറലായതോടെ, ' വെള്ളം കുടിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്. ഈ തിരഞ്ഞെടുപ്പിലെ എന്റെ പ്രവചനത്തിൽ വേവവാതി പൂണ്ടവർ ജൂൺ നാലിന് ധാരാളം വെള്ളം കരുതി വച്ചോളൂ', എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. എന്തായാലും താപ്പറുമായുള്ള വൈറൽ അഭിമുഖത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലർ പ്രശാന്തിനെ മുൾമുനയിൽ നിർത്തിയതിന് താപ്പറെ അനുമോദിച്ചു. മറ്റുചിലർ, പ്രശാന്ത് കിഷോർ വാക്കുമാറ്റി പറഞ്ഞതിനെ വിമർശിച്ചു. വീഡിയോയെ ആധാരമാക്കി സോഷ്യൽ മീഡിയയിൽ നിരവധി മീമുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP