Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

എരുമേലി വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വയം ഏറ്റെടുത്ത കടലാസു സംഘടനാ നേതാവ് രാജീവിന് വൻ തിരിച്ചടി; പ്രവാസികളുടെ പേരും പറഞ്ഞ് പണം പിരിക്കാൻ ആരും അങ്ങോട്ട് വരേണ്ടെന്ന് പ്രഖ്യാപിച്ച് പി സി ജോർജ്ജ്; രാജീവ് ജോസഫുമായി ഒരു ബന്ധവുമില്ലെന്ന് കെ പി യോഹന്നാനും: സ്വയം പ്രഖ്യാപിത വിമാനത്താവള നിർമ്മാതാവിന് ഇനി വീട്ടിലിരിക്കേണ്ടി വരും

എരുമേലി വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വയം ഏറ്റെടുത്ത കടലാസു സംഘടനാ നേതാവ് രാജീവിന് വൻ തിരിച്ചടി; പ്രവാസികളുടെ പേരും പറഞ്ഞ് പണം പിരിക്കാൻ ആരും അങ്ങോട്ട് വരേണ്ടെന്ന് പ്രഖ്യാപിച്ച് പി സി ജോർജ്ജ്; രാജീവ് ജോസഫുമായി ഒരു ബന്ധവുമില്ലെന്ന് കെ പി യോഹന്നാനും: സ്വയം പ്രഖ്യാപിത വിമാനത്താവള നിർമ്മാതാവിന് ഇനി വീട്ടിലിരിക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം തുടങ്ങാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ പേരിൽ പ്രവാസികളിൽ നിന്നും പണപ്പിരിവ് നടത്തുന്ന ഈർക്കിൽ സംഘടനയുടെ നേതാവ് രാജീവ് ജോസഫിന് കനത്ത തിരിച്ചടി. സ്ഥലം എംഎൽഎ കൂടിയായ പി സി ജോർജ്ജ് ഇത്തരം തട്ടിപ്പുകളിൽ ആരും വീഴരുതെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് പണം പിരിക്കാനിറങ്ങിയ രാജീവ് ജോസഫിന് തിരിച്ചടിയായത്.

ഇന്ന് മുണ്ടക്കയത്തു വച്ചാണ് പി സി ജോർജ്ജ് എരുമേലി വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് നടത്തിപ്പുകാരനാണെന്നും പറഞ്ഞ് സ്വയം രംഗത്തെത്തിയ രാജീവിന് തിരിച്ചടിയാകുന്ന വാദം ഉയർത്തിയത്. ചിലർ വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് പണം പിരിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും ഒരിക്കലും ഇത് അനുവദിക്കില്ലെന്നുമാണ് ഇത്തരക്കാരെ അടുപ്പിക്കില്ലെന്നും ജോർജ്ജ് പറഞ്ഞു. അവന്മാർ പണം പിരിക്കാൻ മറ്റു വഴി നോക്കട്ടെ, ഇത് സർക്കാറിന്റെ മേൽനോട്ടത്തിൽ സ്വതന്ത്രമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എരുമേലിയിലാണ് വിമാനത്താവളത്തിന് പറ്റിയ സ്ഥലം ഉള്ളതെന്നും അത് എങ്ങനെ വേണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി.

പി സി ജോർജ്ജിന്റെ നിലപാട് രാജീവ് ജോസഫിന്റെ തട്ടിപ്പിൽ ആരും വീഴരുതെന്ന മുന്നറിയിപ്പു കൂടിയാണ്. ഇതോടെ രാജീവ് പണപ്പിരിവിനായി അച്ചടിച്ചു കൂട്ടിയ പിരിവുകുറ്റികൾ വെറുതേയാകും. ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് തന്നെയാണ് വിമാനത്താവളത്തിനായി സർക്കാറിന്റെ മനസിൽ ഉള്ളതെന്നാണ് അറിയുന്നത്. ഈ ചർച്ചിന്റെ പേര് പറഞ്ഞാണ് രാജീവ് പണപ്പിരിവുമായി കലകാസു കമ്പനിയുണ്ടാക്കി രംഗത്തിറങ്ങിയത്. എന്നാൽ ഒരു തവണ മാത്രമാണ് രാജീവ് ജോസഫ് തങ്ങളെ കാണാനെത്തിയതെന്നും രാജീവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ബിലീവേഴ്‌സ് ചർച്ച് അധികൃതർ മറുനാടനോട് വ്യക്തമാക്കി. മാത്രമല്ല, മെത്രപ്പൊലീത്തയെ ഇതുവരെ കണ്ടിട്ടില്ലെന്നും രാജീവ് പറയുന്നു. രാജീവിനെ പോലെ മറ്റു പലരും വന്നു കണ്ടിട്ടുണ്ടെന്നും ചർച്ച് അധികൃതർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് എരുമേലി വിമനത്താവളത്തെ കുറിച്ച പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടത്. ഇതോടെ  ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള പ്രചരണങ്ങൾ പൊള്ളയാണെന്ന് വ്യക്തമായിരുന്നു. എങ്കിലും ഇവർ ഓഹരി പിരിവുമായും മുന്നോട്ടു പോകാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് പി സി ജോർജ്ജ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

വിമാനത്താവളത്തെ കുറിച്ച് സർക്കാർ തലത്തിൽ എന്തെങ്കിലും തീരുമാനം വരുന്നതിന് മുമ്പായാണ് രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയത്. പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പഠനം നടത്തിയെന്ന് അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി അടുത്തിടെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. അതുകൊണ്ട് തന്നെയാണ് കെ എസ് ഐ ഡി സിയെ സാധ്യതാ പഠനത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്.

ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയാണ് ചെയ്തത്. പിന്നീട് കൈരളി ടിവിയിൽ പരസ്യം നൽകി. ഇതിനിടെ ചില അവാർഡുകളും നേടി.  സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ടുവെന്നതാണ് മറ്റൊരു വസ്തുത. വിമാനത്താവളം എരുമേലിയിൽ നിർമ്മിക്കുന്നതിന് പഠനം നടത്താൻ എയ്റോപോളിസ് കമ്പനിയെ ആരു ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഇന്നലത്തെ മന്ത്രിസഭാ തീരുമാനത്തോടെ വ്യക്തമാവുകയാണ്. ആർക്കൊക്കെ എത്രശതമാനം ഓഹരി നൽകും എന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാർ ആണ്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ രാജീവ് ജോസഫും കൂട്ടതും പണപ്പിരിവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

സർക്കാർ സ്ഥലം നൽകിയാൽ മതിയെന്നും 2500 കോടി രൂപ സ്വരൂപിച്ച് വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്നും കാട്ടിയാണ് എയ്റോപോളിസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പണപ്പിരിവ് ഊർജ്ജിതമാക്കിയിരിക്കുന്നത്. വെബ്സൈറ്റ് വഴിയാണ് ഈ ശ്രമങ്ങൾ ഊർജ്ജിതമായത്. സർക്കാരിന് 51 ശതമാനം ഓഹരി നൽകാമെന്നാണ് കമ്പനി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രവർത്തനവും നടത്താതെ പത്തനംതിട്ടയിലെ വിലാസംവച്ച് കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സർക്കാർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കില്ലെന്ന സൂചനയാണ് മറുനാടന് ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നെടുമ്പാശ്ശേരി മാതൃകയിലാകും എല്ലാം നടക്കുക.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിഎസ്‌പിയുടെ സ്ഥാനാർത്ഥിയായിരുന്നു രാജീവ് ജോസഫ്. ഇതിനുശേഷം കോൺഗ്രസ്സുകാരനായി പ്രവർത്തിച്ചുവെന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ സി ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജീവ് ജോസഫ് മത്സരിച്ചിരുന്നു. നേരത്തെ കമ്പനിയുടെ പേരിൽ സ്വന്തമായി ഒരു വെബ്സൈറ്റ് തയ്യാറാക്കി ഷെയർ പിരിവെന്ന വിധത്തിൽ പ്രചരണം നടത്തിയിരുന്നു രാജീവ്. പ്രവാസികളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന തട്ടിപ്പുകളാണ് ഇപ്പോൾ കൂടുതൽ വ്യക്തതയോടെ പുറത്തായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP