Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

പതിനെട്ടു വർഷം മുൻപു ബാലുശ്ശേരിയിൽ നിന്നും കാണാതായി; അഞ്ചു മാസമായി കൊല്ലത്തെ മോർച്ചറിയിൽ: ലാബിലേക്ക് മാറ്റും മുമ്പ് ഇസ്ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തിയ വാർത്ത കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞു: സലീമിന് ജന്മനാട്ടിൽ കബറടക്കം

പതിനെട്ടു വർഷം മുൻപു ബാലുശ്ശേരിയിൽ നിന്നും കാണാതായി; അഞ്ചു മാസമായി കൊല്ലത്തെ മോർച്ചറിയിൽ: ലാബിലേക്ക് മാറ്റും മുമ്പ് ഇസ്ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തിയ വാർത്ത കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞു: സലീമിന് ജന്മനാട്ടിൽ കബറടക്കം

മറുനാടൻ മലയാളി ബ്യൂറോ

ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്തു നിന്നു പതിനെട്ടു വർഷം മുൻപു കാണാതായ ഗൃഹനാഥന്റെ മൃതദേഹം കൊല്ലത്തെ മോർച്ചറിയിൽ നിന്നും കണ്ടെത്തി. മൃതദേഹം പഠനാവശ്യത്തിനായി ലാബിലേക്ക് മാറ്റും മുമ്പ് മതപരമായ ചടങ്ങുകൾ നടത്തിയ വാർത്ത കണ്ടാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. ഇതോടെ കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ മൃതദേഹം (70) ബന്ധുക്കളെത്തി ഏറ്റുവാങ്ങി ജന്മനാട്ടിലെത്തിച്ച് കബറടക്കി.

കൊല്ലം ജില്ലാ ആശുപത്രിയിൽ അഞ്ചു മാസം മോർച്ചറിയിൽ സൂക്ഷിച്ചിട്ടും ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്നാണ് സലീമിന്റെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിനു പഠനാവശ്യത്തിനായി വിട്ടുകൊടുത്തത്. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കുന്നതിനു മുൻപു ജില്ലാ ആശുപത്രിയിലെ നഴ്‌സ് മുൻകയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തിയതു സംബന്ധിച്ച വാർത്ത കണ്ടാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

മദ്രാസാധ്യാപകനായിരുന്ന സലീമിനെ 2006ൽ ആണു കാണാതായത്. അപ്പോൾ 52 വയസ്സായിരുന്നു. ഉണ്ണികുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ സലീം സ്വതന്ത്രനായി മത്സരിച്ചിരുന്നു. അതിനു ശേഷമാണ് സലീമിനെ കാണാതാവുന്നത്. ബന്ധുക്കളും പൊലീസും ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 2023 ഡിസംബറിൽ കൊല്ലത്ത് അവശനിലയിൽ കണ്ട സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

സലീം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, അതേ ആശുപത്രിയിലെ സീനിയർ നഴ്‌സിങ് ഓഫിസർ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും സൗഹൃദത്തിലായി. അച്ഛനെ പരിചരിക്കാനെത്തിയ സുരഭിയാണ് ആരും തുണയില്ലാത്ത സലീമിനെയും നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം അഞ്ചു മാസത്തിനു ശേഷവും ആരും എത്താതായതോടെ പഠനാവശ്യത്തിനു വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തി.

ഇതു സംബന്ധിച്ച വാർത്തയും പടവും കണ്ടു സലീമിന്റെ സൗദിയിലുള്ള ബന്ധുക്കൾ കൊല്ലത്തെ പൊതുപ്രവർത്തകരെ ബന്ധപ്പെട്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പഠനാവശ്യത്തിനായി രാസവസ്തുക്കൾ പ്രയോഗിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ കബറടക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP