Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

നാട്ടിൽ ഒരു ഫാം തുടങ്ങിയത് 18 വർഷം വിദേശ രാജ്യങ്ങളിൽ അധ്വാനിച്ച പണം ഉപയോഗിച്ച്; കോടതി വിധിയുണ്ടെന്ന് പറഞ്ഞ് ഫാമിലെ ഗർഭിണികളായ പന്നികളേയും കുഞ്ഞുങ്ങളേയും പോലും കൊണ്ട് പോയത് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കാതെ ലോറിയിൽ കുത്തി നിറച്ച്; കസ്റ്റഡിയിലെടുത്ത ശേഷം ഇറച്ചിയാക്കി വിറ്റോ എന്നും സംശയം; മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും രക്ഷയില്ല; ഇനി കേരളത്തിൽ ഒരു രൂപ പോലും മുടക്കാനില്ലെന്ന് ബിന്ദു തോമസ്

നാട്ടിൽ ഒരു ഫാം തുടങ്ങിയത് 18 വർഷം വിദേശ രാജ്യങ്ങളിൽ അധ്വാനിച്ച പണം ഉപയോഗിച്ച്; കോടതി വിധിയുണ്ടെന്ന് പറഞ്ഞ് ഫാമിലെ ഗർഭിണികളായ പന്നികളേയും കുഞ്ഞുങ്ങളേയും പോലും കൊണ്ട് പോയത് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കാതെ ലോറിയിൽ കുത്തി നിറച്ച്; കസ്റ്റഡിയിലെടുത്ത ശേഷം ഇറച്ചിയാക്കി വിറ്റോ എന്നും സംശയം; മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും രക്ഷയില്ല; ഇനി കേരളത്തിൽ ഒരു രൂപ പോലും മുടക്കാനില്ലെന്ന് ബിന്ദു തോമസ്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മുഖ്യമന്ത്രിയുടെ ഓഫീലെത്തി പരാതി പറഞ്ഞിട്ടും ഫലമില്ല.അധികൃതരുടെയും രാഷ്ട്രീയക്കാരുടെ കണ്ണിച്ചോരയില്ലാത്ത നടപടി തുടരുന്നു.എല്ലാം സഹിച്ച് മടുത്തെന്നും നാട്ടിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള ശ്രമം അവസാനിപ്പിച്ചെന്നും പ്രവാസി വനിത. പാലാ സ്വദേശി ബിന്ദു തോമസ്സാണ് അധികൃതരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികാര നടപടിക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ തൊഴിൽമേഖലയിൽ നിന്നും പിൻവലിയുന്നത്.

കഴിഞ്ഞ മാസം 1-ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ വണ്ണംപ്പുറം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി ഇവരുടെ ഫാമിലെ പന്നികളെ ഒട്ടുമുക്കാലും കസ്റ്റഡിയിൽ എടുത്തിരുന്നു.സംരക്ഷണം അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്ന് മൃഗഡോക്ടർ രേഖാ മൂലം റിപ്പോർട്ട് നൽകിയിട്ടും തന്റെ ഫാമിൽ സംരക്ഷിച്ചുവന്നിരുന്ന ഗർഭിണികളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന പന്നികളെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഈമാസം 24 -ന് കസ്റ്റയിൽ എടുത്തുന്നെന്ന് ബിന്ദു പറയുന്നു.

രോഗത്തെതുടർന്ന് ചികത്സയിലായിരുന്നതും പൂർണ്ണ ഗർഭിണിയായിരുന്നതും മുലകുടിമാറാത്ത കുഞ്ഞുങ്ങളെയുമെല്ലാം വാഹനത്തിൽ കയറ്റിയത് ചവിട്ടിയും കണ്ടുനിൽക്കാൻ കഴിയാത്തത്ര ദേഹോപദ്രവം ഏൽപ്പിച്ചും മൃഗസംരക്ഷണ നിയമത്തിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുമാണെന്നും ബിന്ദു ആരോപിച്ചു.ഈ മാസം 15-നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തന്റെ ഫാമിലെ പ്രശ്നങ്ങൾ പ്രൈവറ്റ് സെക്രട്ടറിയോട് വിശദീകരിച്ചതെന്നും കളക്ടറോട് വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ഈയവസരത്തിൽ അദ്ദേഹം അറിയിച്ചതെന്നും തുടർന്ന് ഈ മാസം 24-നാണ് പഞ്ചായത്ത് അധികൃതർ ഫാമിലെത്തി ഇവിടെ സംരക്ഷിച്ചുവന്നിരുന്ന മുഴുവൻ പന്നികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും ബിന്ദു വിശദീകരിച്ചു.

കസ്റ്റഡിയിൽ എടുത്ത പന്നികളെ മുഴുവൻ കൂത്താട്ടുകുളത്തെ സർക്കാർ സ്ഥാപനമായ മീറ്റ് പ്രോടക്റ്റ്‌സ് ഓഫ് ഇന്ത്യയിൽ എത്തിച്ച് ഇറച്ചിയാക്കി വിറ്റിരിക്കാമെന്നും ഇങ്ങിനെയാണ് സംഭിച്ചിട്ടുള്ളതെങ്കിൽ മിണ്ടാപ്രാണികളോടുള്ള ഏറ്റവലിയ ക്രൂരതയാണ് നടന്നിട്ടുള്ളതെന്നും ഇതേക്കുറിച്ച് ഉത്തരവാദിത്വപ്പെട്ടവർ അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.പ്രവാസികൾ ഇനി കേരളത്തിൽ തൊഴിൽ മേഖലയിൽ ഒരു രൂപ പോലും മുടക്കരുത്.മുടക്കിയാൽ നിങ്ങൾ ദുഃഖിക്കേണ്ടിവരും.രാഷ്ട്രീയക്കാരും അധികാരിവർഗ്ഗവും ഭരണക്കാരും ചേർന്ന് നിങ്ങളെ കുത്തുപാളയെടുപ്പിക്കും.രണ്ട് വർഷത്തെ അനുഭവത്തിൽ നിന്നും എനിക്ക് ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടു.നഷ്ടമായത് നാട്ടിൽ പണിയെടുത്ത് ജീവിക്കാമെന്ന സ്വപ്നമാണ്.ഭാവിയെക്കുറിച്ച് ഇപ്പോഴുള്ളത് ആശങ്കകൾ മാത്രം.

18 കൊല്ലത്തോളം വിവിധ രാജ്യങ്ങളിൽ ജോലിചെയ്ത് വകയിൽ കൈയിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് ആരംഭിച്ച ഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതിന്റെ കാര്യ-കാരണങ്ങളെക്കുറിച്ചും ഇതുമൂലം താൻ നേരിട്ട പ്രതി സന്ധികളെക്കുറിച്ചും അനുഭവത്തെക്കുറിച്ചുമെല്ലാം പ്രവാസി സംരംഭക ബിന്ദു തോമസ്സ് പ്രതികരിച്ചത് ഇങ്ങിനെ.രണ്ട് കൊല്ലം മുമ്പ് വെൺമണിയിൽ താൻ വാങ്ങിയ സ്ഥലത്ത് പന്നി ഫാം തുടങ്ങിയെന്നും ഇത് നല്ലരീതിയിൽ നടന്നുവരവെ ലക്ഷങ്ങൾ കൈമടക്ക് ചോദിച്ചെത്തിയ രാഷ്ട്രീയക്കാരിൽ ചിലരെ താൻ കൈയൊഴിഞ്ഞെന്നും ഇതിന്റെ വൈരാഗ്യത്തിൽ ഇവർ പ്രദേശവാസികളെ കൈയിലെടുത്ത് തനിക്കെതിരെ നിയമ നടപടികൾ ആരംഭിക്കുകയായിരുന്നെന്നും ഇതിൽ ഇവർ വിജയിക്കുകയും തുടർന്ന് അധികൃതർ തന്റെ സ്ഥാപനം അടച്ചുപൂട്ടിക്കുകയായിരുന്നെന്നുമാണ് ബിന്ദു വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമെല്ലാം ഇപ്പോൾ തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും വിവരമുള്ള ആരെങ്കിലും കേരളത്തിൽ പണം ഇറക്കി എന്തെങ്കിലും ചെയ്യാൻ തയ്യാറാവുമോ എന്നാണ് ഇവർ ചോദിക്കുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു.ഓരോരുത്തരായി രാവിലെ വരും. ചോദിക്കുന്നത് പതിനായിരങ്ങളും ലക്ഷവുമൊക്കെയാണ്.ആദ്യമൊക്കെ കൊടുത്തു.ബാങ്ക് ബാലൻസ് കുറഞ്ഞ് ,സാമ്പത്തീകഞെരുക്കം കൂടിക്കൂടി വന്നപ്പോൾ ഇത്തരക്കാരോട് തുകയൊന്നുകുറയ്ക്കണമെന്നും ഫാമിൽ വരുമാനം വന്നുതുടങ്ങുമ്പോൾ വേണ്ടത് ചെയ്യാമെന്നും പറഞ്ഞുനോക്കി.

ഞങ്ങളെ പിണക്കിയാൽ നിങ്ങൾക്ക് ഫാം നടത്തിക്കൊുപോകാൻ കഴിയില്ലെന്നും എല്ലാംകൂടി തല്ലിപ്പോളിച്ച് ദൂരെയെറിയുമെന്നും മറ്റുമായിരുന്നു ഇവരിൽ ചിലരുടെ ഭീഷിണി .ഉദ്യോഗസ്ഥർ പ്രതികാര ബുദ്ധിയോടെയായിരുന്നു പെരുമാറിയത്.കോടതി ഉത്തരവിന്റെ ബലത്തിൽ ഫാം അടച്ചുപൂട്ടാൻ എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന പന്നികളെ മാറ്റാൻ ഒരു ദിവസത്തെ സാവകാശം നൽകണമെന്ന് അധികൃതരോട് കരഞ്ഞ് കാലുപിടിച്ച് ആവശ്യപ്പെട്ടു.അവർ കനിഞ്ഞില്ല.പിടിച്ച് നിൽക്കാൻ നിവർത്തിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് അന്ന് ആത്മഹത്യയ്ക്ക് തുനിഞ്ഞത്.ദേഹത്ത് പെട്രോൾ ഒഴിച്ചിരുന്നു.ലൈറ്റർ കത്തിക്കുന്നതിനുള്ള ശ്രമം പൊലീസുകാർ പരാജയപ്പെടുത്തിയതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ജിവിച്ചിരിക്കുന്നത്.ബിന്ദു തുടർന്ന്ു പറഞ്ഞു.

നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നോക്കി നിൽക്കെയായിരുന്നു ഈമാസം 1-ന് സ്വന്തം ഫാമിന് സമീപം ബിന്ദു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പാല സ്വദേശിനിയായാ ബിന്ദു 2 വർഷം മുമ്പാണ് വെൺമണി പട്ടയത്തുകുടിയിൽ സർക്കാറിന്റെ വിവിധ വകുപ്പുകൾ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് പന്നിഫാം ആരംഭിച്ചത്.ഫാമിന്റെ പഞ്ചായത്ത് ലൈസൻസ് സംഘടിപ്പിച്ചുനൽകാമെന്നേറ്റത് ഇവിടുത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായിരുന്നു.പഞ്ചായത്തിൽ പിടിപാടുണ്ടായിരുന്ന ഇയാളുടെ ഉറപ്പിലാണ് താൻ ഫാം ആരംഭിച്ചത്. ലൈസൻസ് സംമ്പന്ധിച്ച പ്രശ്നമെല്ലാം താൻ കൈകാര്യം ചെയ്തോളാം എന്നും പറഞ്ഞ് ഇയാൾ തന്നിൽ നിന്നും ലക്ഷങ്ങൾ വാങ്ങി.ഇയാളുടെ വഞ്ചനയാണ് പ്രധാനമായും ഇന്നത്തെ തന്റെ ദുർഗതിക്ക് പ്രധാന കാരണം. ബിന്ദു ചൂണ്ടിക്കാട്ടി.

സ്ഥലം വാങ്ങി അദ്ധ്വാനിച്ച് ജീവിക്കാമെന്നാണ് കരുതിയത്.പന്നി ഫാമിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മുതൽ രാഷ്ട്രീയക്കാരനാണ്, പൊതുപ്രവർത്തകനാണ് എന്നൊക്കെ പറഞ്ഞ് ഓരോരുത്തർ രാവിലെ വീട്ടിലെത്തും.ചോദിക്കുന്നതുക കൊടുത്തില്ലങ്കിൽ പിന്നെ ഭീഷിണിയായി.ചിലർ ഒരു പാട് മോഹനവാഗ്ദാനങ്ങളും നൽകി.പഞ്ചായത്ത് മെമ്പർ വീട്ടിലേയ്ക്കുള്ള റോഡ് ശരിയാക്കാമെന്നും പറഞ്ഞാണ് 2 ലക്ഷം വാങ്ങിയത്.മറ്റൊരാൾ അത്യാവശ്യം പറഞ്ഞപ്പോൾ യാതൊരു ഈടും വാങ്ങാതെ ലക്ഷങ്ങൾ നൽകി.ദിവസങ്ങൾക്കുള്ളിൽ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.തിരിച്ചുചോദിച്ചപ്പോൾ പണം വാങ്ങിയതുപോലും മറന്നമട്ടായിരുന്നു അങ്ങേരുടെ പ്രതികരണം.

ഫാംപൂട്ടുന്നതിനുള്ള കോടതി ഉത്തരവ് കണക്കിലെടുത്ത് ഇവിടെയുണ്ടായിരുന്ന പന്നികളെ മുഴുവൻ വിൽപ്പന നടത്തിയിരുന്നു.അവയെ വാങ്ങിയ ആൾ കൊണ്ടുപോകാൻ വാഹനവുമായി എത്തുകയും ചെയ്തിരുന്നു.ഇയാളുടെ നേതൃത്വത്തിൽ പന്നികളെ വാഹനത്തിൽ കയറ്റിക്കൊണ്ടിരിക്കവേ തന്നെ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് ഇടയാറിലെ സർക്കാർ സ്ഥാപനത്തിലേയ്ക്ക് പന്നികളെ മാറ്റുന്നതിന് നീക്കം നടത്തി.ഒരു ദിവസത്തെ സാവകാശം തരണമെന്ന് ജനക്കൂട്ടത്തിന് മുമ്പിൽ വച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാലിൽവീണ് കരഞ്ഞ് അപേക്ഷിച്ചു.അദ്ദേഹം അനുമതി നിൽകിയില്ല.ഇതാണ് കൂടുതൽ വേദനിപ്പിച്ചത്.നാട്ടുകാരുടെ മുമ്പിൽ നാണം കെട്ടു.ഇനി ജീവിക്കുന്നതിൽ അർത്ഥമില്ലന്ന് മനസ്സിൽ തോന്നി.തുടർന്നാണ് അത്മഹത്യക്ക് ശ്രമിച്ചത്.

ഇപ്പോഴും ജീവൻ സുരക്ഷിതമാണെന്ന് കരുതുന്നില്ല.പലവട്ടം വധഭീണി ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പൊലീസിനെയും അറിയിച്ചിട്ടണ്ട.ഇത് സംമ്പന്ധിച്ച് പൊലീസ് എന്തെങ്കിലും നടപടിയെടുത്തതായി അറിയില്ല.ഭർത്താവ് വിദേശത്ത് ജോലി സ്ഥലത്താണ്.മകൻ പാലായിലെ വീട്ടിലും.പണിക്കാരും ഞാനും മാത്രമാണ് ഇവിടെയുള്ളത്.കാര്യങ്ങൾ പുറത്തറിഞ്ഞതോടെ പണം കൈപ്പറ്റിയവർ വേവലാതിയിലാണ്.അവർ എന്തുവേണമെങ്കിലും ചെയ്തേയ്ക്കാം.ആരും ചോദിക്കാനും പറയാനുമില്ലാത്തോരാവുമ്പോൾ വരുന്നത് അനുഭവിക്കുക തന്നെ.അല്ലാതെ എന്തുചെയ്യാൻ.ബിന്ദു ഗദ്ഗതത്തോടെ വാക്കുകൾ ചുരുക്കി.

പട്ടയത്തുകുടിയിൽ ബിന്ദുവിന്റെ ഫാം സ്ഥിതിചെയ്തിരുന്ന പ്രദേശത്തിന് സമീപത്തെ താമസക്കാരാണ് ഫാമിനെതിരെരംഗത്തെത്തിയത്.സമീപത്തെ ജലശ്രോതസ്സിലേയ്ക്ക് ഇവിടെ നിന്നും മാലിന്യം ഒഴുകുന്നുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം.എന്നാൽ ഇത് വാസ്തവ വിരുദ്ധമായ ആരോപണമാണെന്നും ഫാം അടച്ചുപൂട്ടിക്കണമെന്ന ലക്ഷ്യത്തിൽ രംഗത്തിറങ്ങിയി ചിലരുടെ താൽപര്യത്തോട് നാട്ടുകാരിൽ ഒരു വിഭാഗം യോജിക്കുകയായിരുന്നെന്നും എല്ലാത്തരത്തിലും സ്വാധീനമുണ്ടായിരുന്ന ഇക്കൂട്ടർ ലക്ഷ്യം സാധിച്ചെടുക്കാൻ ഭരണസ്വാധീനം പ്രയോജനപ്പെടുത്തുകയായിരുന്നെന്നുമാണ് ബിന്ദു വെളിപ്പെടുത്തുന്നത്.ദുരവസ്ഥ പുറത്തുവന്നതുമുതൽ ഒരുപാട് പേർ നമ്പർ തപ്പിപ്പിടിച്ച് വിളിച്ച് കാര്യങ്ങൾ തിരക്കുകയും ആശ്വസിയ്‌പ്പിക്കുകയും ചെയ്യുന്നുണ്ട്.ഇത് വലിലൊരളവിൽ ആശ്വാസമാണ്..ബിന്ദു വാക്കുകൾ ചുരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP