Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ആദ്യം പൂട്ടിയത് അനധികൃത നിർമ്മാണം തടയാനായി തുടങ്ങിയ സർക്കാർ ഓഫീസ്; നേരം വെളുത്തപ്പോൾ അങ്കണവാടി റിസോർട്ടായി; കൈയേറ്റത്തിന്റെ പുതു ചരിത്രം രചിച്ച് മൂന്നാർ; ഇത് സ്ഥലം വേറെ.. ഇവിടെ ഇങ്ങനാണ് ഭായ്..!

ആദ്യം പൂട്ടിയത് അനധികൃത നിർമ്മാണം തടയാനായി തുടങ്ങിയ സർക്കാർ ഓഫീസ്;  നേരം വെളുത്തപ്പോൾ അങ്കണവാടി റിസോർട്ടായി; കൈയേറ്റത്തിന്റെ പുതു ചരിത്രം രചിച്ച് മൂന്നാർ; ഇത് സ്ഥലം വേറെ.. ഇവിടെ ഇങ്ങനാണ് ഭായ്..!

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ഭൂമാഫിയയുടെ കടന്നുകയറ്റത്തിനും സമാനതകളില്ലാത്ത നടപടികൾക്കും പേരുകേട്ട മൂന്നാറിൽ ഇപ്പോൾ കൈയേറ്റത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന സംഭവം ഇത്തവണ മാഫിയ ആദ്യം താഴിട്ടത് അനധികൃത നിർമ്മാണവും കൈയേറ്റവും തടയാനായി ആരംഭിച്ച സർക്കാർ ഓഫീസിന് തന്നെ. ഈ ഒരൊറ്റ സംഭവം മതി മൂന്നാറിലെ ഈ സംഘങ്ങൾ എത്ര വലിയ മാഫിയ ആണെന്ന് തിരിച്ചറിയാൻ.

ടൗണിന് സമീപം ഇക്കാനഗറിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ റവന്യു ഓഫിസ് കെട്ടിടം പൂട്ട് പൊളിച്ച് അകത്ത് കയറി സാധനങ്ങൾ മാറ്റിയ ശേഷം പുതിയ താഴിട്ട് പൂട്ടി കയ്യേറ്റക്കാർ. മൂന്നാർ മേഖലയിലെ സർക്കാർ ഭൂമിയുടെ സംരക്ഷണവും അനധികൃത നിർമ്മാണങ്ങൾ തടയലും ലക്ഷ്യമിട്ട് 2010ൽ സ്ഥാപിച്ചതാണ് സ്‌പെഷൽ റവന്യു ഓഫിസ്. ഒരു തഹസിൽദാരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം.

വെള്ളിയാഴ്ച ഒരു സംഘം എത്തി പൂട്ട് പൊളിച്ച് പ്രവേശിക്കുന്നത് കണ്ടതായി സമീപവാസികൾ അറിയിച്ചു. മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്‌സ് ആയിരുന്ന ഈ കെട്ടിടം സ്വകാര്യവ്യക്തി കയ്യേറി സ്വന്തമാക്കിയിരുന്നു. 2008ൽ സർക്കാർ ഈ കെട്ടിടവും ചുറ്റുമുള്ള 50 സെന്റ് സ്ഥലവും ഏറ്റെടുത്തു. 2014ൽ ആണ് സ്‌പെഷൽ റവന്യു ഓഫിസ് തുടങ്ങിയത്.

കഴിഞ്ഞ ജനുവരിയിൽ ഇതിന്റെ പ്രവർത്തനം ഭാഗികമായി ദേവികുളം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ ഭൂമി സംബന്ധമായ രേഖകളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർ രാത്രി ഇവിടെ താമസവും ഉണ്ടായിരുന്നെങ്കിലും ശനി അവധിയായിരുന്നതിനാൽ ആരും ഉണ്ടായിരുന്നില്ല. തിങ്കൾ രാവിലെ സ്‌പെഷൽ റവന്യു ഇൻസ്‌പെക്ടർ ടി.ആർ.വിവേക് എത്തി ഓഫിസ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് പൂട്ട് മാറിയതായി കണ്ടത്. പഴയ താഴ് തകർത്തതിന്റെ അടയാളം വാതിലിൽ കാണാമായിരുന്നു.

ഭിത്തിയിൽ പതിച്ചിരുന്ന നോട്ടിസുകളും മറ്റും കീറി നശിപ്പിച്ച നിലയിലാണ്. സബ്കലക്ടർ എസ്.പ്രേംകൃഷ്ണ, ഡപ്യൂട്ടി തഹസിൽദാർ ജയിംസ് നൈനാൻ, വില്ലേജ് ഓഫിസർ സിദ്ദിഖ് എന്നിവർ എത്തി. എസ്‌ഐ സൂഫിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി പൂട്ട് തകർത്ത് ഓഫിസ് തുറന്നു. രേഖകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഇവിടെക്കൊണ്ടും ഇത്തവണ നിർത്തിയില്ല.അടുത്ത പരാക്രമം കുരുന്നുകളുടെ അംഗൻവാടിയോടായിരുന്നു.മൂന്നാർ കോളനിയിൽ പ്രവർത്തിക്കുന്ന 97ാം നമ്പർ അങ്കണവാടിയുടെ 2 സെന്റ് സ്ഥലമാണ് ഇതിന് സമീപം റിസോർട്ട് നടത്തുന്ന സ്വകാര്യവ്യക്തി ഒറ്റ രാത്രി കൊണ്ട് മതിൽ കെട്ടി തിരിച്ച് സ്വന്തമാക്കിയത്. റിസോർട്ടിന്റെ മുൻഭാഗത്ത് അങ്കണവാടി കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന, കുട്ടികളുടെ കളിസ്ഥലമാണ് സ്വകാര്യ വ്യക്തിയുടേതായത്.

അങ്കണവാടി ജീവനക്കാർ ഇന്നലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് സ്ഥലം നഷ്ടപ്പെട്ടത് അറിയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് സബ്കലക്ടർ എസ്.പ്രേംകൃഷ്ണ സ്ഥലത്ത് എത്തി. സ്വകാര്യവ്യക്തി നിർമ്മിച്ച മതിൽ പൊളിച്ച് നീക്കാനും നടപടി എടുക്കാനും നിർദ്ദേശം നൽകി. ഈ അങ്കണവാടിക്കായി ആദ്യം പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയുടെ പകുതിയോളം കയ്യേറ്റക്കാർ സ്വന്തമാക്കി. അത് കൂടാതെയാണ് പുതിയ കയ്യേറ്റം.തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇടവേളയും രണ്ടാം ശനി അവധിയും മുതലെടുത്താണ് ഭൂമാഫിയ അങ്കണവാടിയെയും പിടികൂടിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP