Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

അദ്ദേഹം സ്വപ്‌നം കണ്ടതായിരിക്കും; സുകുമാര കുറുപ്പിന്റെ വിരലടയാളം എടുത്തിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും വിട്ടയച്ചെന്നും ഉള്ള അലക്‌സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ തെറ്റ്; വാദം തള്ളി വിരലടയാള വിദഗ്ധനായ മുഹമ്മദ് ഇസ

അദ്ദേഹം സ്വപ്‌നം കണ്ടതായിരിക്കും; സുകുമാര കുറുപ്പിന്റെ വിരലടയാളം എടുത്തിരുന്നെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും വിട്ടയച്ചെന്നും ഉള്ള അലക്‌സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ തെറ്റ്; വാദം തള്ളി വിരലടയാള വിദഗ്ധനായ മുഹമ്മദ് ഇസ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുകുമാര കുറുപ്പ് ഒരിക്കൽ കേരള പൊലീസിന്റെ കൈയിൽ പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാദം തള്ളി വിരലടാള വിദഗ്ധനായ മുഹമ്മദ് ഇസ രംഗത്തെത്തി.

പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് സുകുമാര കുറുപ്പ് തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നതെന്നും പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുൻ ഡി ജി പി പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന സുകുമാര കുറുപ്പിനെ തിരിച്ചറിയാൻ അന്ന് ശാസ്ത്രീയ വഴികൾ ഒന്നുമില്ലായിരുന്നെന്നും അതിനാലാണ് വിട്ടയച്ചതെന്ന് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. അന്ന് മൂന്ന് നാല് മണിക്കൂർ ഇയാൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

. മരിച്ചത് ചാക്കോയാണെന്നും കൊലയാളി സുകുമാരക്കുറുപ്പാണെന്നും തിരിച്ചറിഞ്ഞ ശേഷം ഒരിക്കൽ ഇയാളുടെ നിർമ്മാണഘട്ടത്തിലായിരുന്ന വീടിനു മുന്നിൽനിന്ന് ഒരു സന്യാസിവേഷധാരി പിടിയിലായി. വീട്ടിലേക്കു നോക്കി നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം വിരലടയാളം ശേഖരിച്ചു വിട്ടയച്ചു. പിന്നീട് സുകുമാരക്കുറുപ്പിന്റെ ഇൻഷുറൻസ് പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയപ്പോഴാണ് സന്യാസിവേഷക്കാരൻ കുറുപ്പായിരുന്നെന്ന് ഉറപ്പിച്ചത്.

അന്നത്തെ സംവിധാനം വച്ച് വിരലടയാള പരിശോധനയുടെ ഫലം ലഭിക്കാൻ മൂന്നു ദിവസമെടുക്കുമായിരുന്നുവെന്നും അലക്‌സാണ്ടർ ജേക്കബ് പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് മുഹമ്മദ് ഇസ പറയുന്നത്. 1978 മുതൽ എല്ലാ ജില്ലകളിലും വിരലടയാളം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വിദഗ്ധനു വിരലടയാളങ്ങൾ ലഭിച്ചാൽ ഒരു മിനിറ്റു പോലും പരിശോധനയ്ക്ക് ആവശ്യമില്ല. അലക്‌സാണ്ടർ ജേക്കബിന് ഈ വിവരം ലഭിച്ചത് എവിടെനിന്നാണ് എന്നു വ്യക്തമല്ല. അന്നു സർവീസിലുണ്ടായിരുന്നവർക്ക് അങ്ങനെ ഒരു സംഭവം നടന്നതായോ പരിശോധനയ്ക്ക് വിരലടയാളങ്ങൾ ലഭിച്ചതായോ അറിയില്ല. കേസ് അന്വേഷകനായിരുന്ന പൊലീസ് ഓഫിസർ ഹരിദാസും ഇങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടില്ല. അദ്ദേഹമിത് സ്വപ്നം കണ്ടതായിരിക്കുമെന്നും മുഹമ്മദ് ഇസ പറയുന്നു.

മുഹമ്മദ് ഇസയുടെ ഫേസ്‌ബുക്ക് കുറിപ്പ്

1984 ജനുവരി 21ന് സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടെന്ന വാർത്തയ്ക്കു പിന്നാലെ, കുറുപ്പല്ല കൊല്ലപ്പെട്ടത് ചാക്കോ എന്നയാളാണെന്ന് അന്നത്തെ ചെങ്ങന്നൂർ ഡിവൈഎസ്‌പി പി.എം.ഹരിദാസിന്റെ വിദഗ്ധ അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഇപ്പോഴത്തെ ചർച്ചകൾ കണ്ടു കുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ കാണാമറയത്തിരുന്നു ചിരിക്കുന്നുണ്ടാകാം. അതല്ല ഇവിടെ ചർച്ചാവിഷയം, കുറുപ്പിനെ തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമായിരുന്നോ അതിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ്.

ചാനൽ ചർച്ചകളിൽ പൊലീസിലെ ഡിജിപി തലം മുതൽ എസ്‌പി വരെ ഉന്നത സ്ഥാനങ്ങളിൽനിന്നും വിരമിച്ചവർ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടത് കുറുപ്പ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനാഫലം തിരുവനന്തപുരം ഓഫിസിൽനിന്നും കിട്ടാൻ വൈകിയതുമൂലം കസ്റ്റഡിയിൽ നിന്നും വിട്ടുവെന്നുമാണ്. അന്ന് സർവീസിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് അങ്ങനെ ഒരാൾ കസ്റ്റഡിയിൽ ഉണ്ടായിരുന്നതായും വിരലടയാളങ്ങൾ പരിശോധനയ്ക്കു ലഭിച്ചതായും അറിവില്ല. കേസിന്റെ പ്രധാന അന്വേഷകനായ ഹരിദാസ് സർ പോലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

വിരലടയാളത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നുപോലുമറിയാത്ത ഐപിഎസുകാർ ഉൾപ്പെടെയുള്ള ഉന്നതന്മാർ ഈ വകുപ്പിൽ ധാരാളമുണ്ട്. വിരലടയാളങ്ങൾ പരിശോധിക്കുന്നത് ഫൊറൻസിക് ലാബിൽ ആണന്നുപോലും മുൻ ഡിജിപി ചാനലിൽ തട്ടിവിട്ടു. കേരള പൊലീസ് അക്കാദമയിൽ എസ്‌ഐമാർ അടക്കം പുതിയ തലമുറയ്ക്ക് പരിശീലനത്തിന്റെ ചുമതലയിലിരുന്ന ഇദ്ദേഹത്തിൽനിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരു പത്രക്കുറിപ്പിൽ കുറുപ്പിന്റെ ഫിംഗർപ്രിന്റ് എടുത്തിരുന്നെന്നും അത് കുറുപ്പിന്റെ എൽഐസി പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയെന്നും കുറുപ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നതെന്നും അപ്പോഴേക്കും കുറുപ്പിനെ വിട്ടയച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന് ഇതെവിടെനിന്നും കിട്ടിയെന്നറിയില്ല. എവിടെ ഏത് എക്‌സ്‌പേർട്ട് ആണ് പരിശോധിച്ചത്?

പൊലീസ് വകുപ്പിലെ ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ട് അല്ലാതെ പുറത്ത് ഒരിടത്തും വിരലടയാള പരിശോധന അധികാരികമായി നടക്കുന്നില്ല. അങ്ങനെ ഒരു പരിശോധന കേരളത്തിലെ ഒരു ഓഫിസിലും നടന്നിട്ടില്ലെന്ന് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ മറ്റൊരു മാന്യദേഹം (ചാനൽ ചർച്ചാ പ്രമുഖൻ ) കുറുപ്പു മരിച്ചെന്നും ജോഷി എന്നപേരിൽ പുണെയിൽ താമസിച്ചിരുന്ന ആൾ ഭോപ്പാലിൽ വച്ചാണ് മരിച്ചതെന്നും അത് കുറുപ്പാണെന്നും തീർച്ചപ്പെടുത്തി. ഏതു പരിശോധനയിലാണ് ഇങ്ങനെ തെളിഞ്ഞത്.

പണ്ട് ഇടുക്കി വെള്ളക്കയം കൊലക്കേസിൽ ഒരു സുപ്രഭാതത്തിൽ പ്രതിയാണെന്ന് പറഞ്ഞു നൂലിൽ കെട്ടിയിറക്കി ഒരാളെ കൊണ്ടുവരികയും ക്രൈം ബ്രാഞ്ച് ഡിഐജി ആയിരുന്ന ഗോപിനാഥ് സർ കാരണം ആ നിരപരാധി രക്ഷപ്പെടുകയും പിന്നീട് യഥാർഥ പ്രതി റിപ്പർ ചാക്കോയെ അറസ്റ്റു ചെയ്ത സംഭവവും ഓർമയിൽ വരുന്നു, അന്ന് ഉന്നതരുടെ പ്രഷറിൽ എന്നെ സഹായിച്ചത് ഗോപിനാഥ് സർ ആയിരുന്നു.

കേരള സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോ ആസ്ഥാനം തിരുവനന്തപുരവും ജില്ലാ ഓഫിസുകൾ അതതു ജില്ലകളിലുമാണു പ്രവർത്തിക്കുന്നത്. അതിന്റെ തലവൻ ഡയറക്ടർ ആണ്. ഈ ഓഫിസുകളിൽ മുൻകുറ്റവാളികളുടെയും പൊലീസ് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യുന്നവരുടെയും വിരലടയാള ശേഖരമാണുള്ളത്. പൊലീസ് ശേഖരിക്കുന്ന ഏതൊരാളുടെയും വിരലടയാളങ്ങൾ പരിശോധിക്കുവാൻ എല്ലാ ഓഫിസിലും സംവിധാനമുണ്ട്. 1976മുതൽ എല്ലാ ജില്ലകളിലും ഓഫിസുകൾ തുടങ്ങി, എങ്കിൽപ്പിന്നെ എന്തുകൊണ്ട് കുറുപ്പിന്റെ വിരലടയാളം ആലപ്പുഴ ഓഫിസിൽ പരിശോധനയ്ക്കു വിധേയമാക്കിയില്ല.

തന്നെയുമല്ല 1978 മുതൽ വിരലടയാളങ്ങൾ നേരിട്ട് തിരുവനന്തപുരം ഓഫിസിൽ കൊണ്ടുപോകാതെ ജില്ലാ ഓഫിസിൽനിന്നും ടെലിഫോണിക് സേർച്ച് വഴി പരിശോധിക്കാനുള്ള സംവിധാനം അന്നത്തെ ഡയറക്ടർ എൻ.കൃഷ്ണൻ നായർ സർ തുടങ്ങുകയും വിജയിക്കുകയുമുണ്ടായി. ആന്ധ്ര സ്വദേശിയായ ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനൽ നായിക്കിന്റെ വിരലടയാളം കോഴിക്കോട് റെയിൽവേ പൊലീസ് എടുക്കുകയും അതു കോഴിക്കോട് എക്‌സ്‌പേർട്ട് ആയിരുന്ന ആർ.രാജേന്ദ്രൻ ടെലഫോണിക് സേർച്ചിലൂടെ 30 മിനിറ്റിനകം തിരിച്ചറിയുകയുമുണ്ടായി. അപ്പോൾ അലക്‌സാണ്ടർ ജേക്കബ് ഐപിഎസിന്റെ വാദം ഇവിടെ പൊളിയുകയാണ്.

ഇനി കുറുപ്പിലേക്കു വരാം. അയാൾ മുൻകുറ്റവാളിയല്ല, അതിനാൽ വിരലടയാളം ഞങ്ങളുടെ ശേഖരങ്ങളിലില്ല. അപ്പോൾ അയാളുടെ വിരലടയാളം എങ്ങനെ കണ്ടെത്താം, അതിനുള്ള വിവിധ മാർഗങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഡിവൈഎസ്‌പി ഹരിദാസ് സാറിന്റെ സംഘത്തിന്റെ ഏക അപാകത അതു മാത്രമാണ്. ഇന്നും കുറുപ്പിന്റെ വിരലടയാളങ്ങൾ ലഭ്യമാണ്. ചെങ്ങന്നൂർ ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടിൽ ആധാരത്തിലും രജിസ്റ്റ്രാർ ഓഫിസിലും ഇപ്പോഴും ഉണ്ടാകും. അതേപോലെ കുറുപ്പ് ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ ആ മുറികൾ വിരലടയാള വിദഗ്ധനെ കൊണ്ടു പരിശോധനയ്ക്കു വിധേയമാക്കാതിരുന്നത് അന്വേഷണത്തിലെ വലിയ അപാകതയാണ്. അവിടെനിന്നും അയാളുടെ വിരലടയാളം കിട്ടാൻ സാധ്യത ഏറെയായിരുന്നു. അങ്ങനെ സംശയിക്കപ്പെടുന്നവരിൽനിന്നും വിരലടയാളത്തിലൂടെ യഥാർഥ ആളിനെ കണ്ടെത്താൻ കഴിയും. അതു പോലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനു എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടിക്കേണ്ടത് ജില്ലാ പൊലീസ് അധികാരിയുടെ ചുമതലയാണ് അങ്ങനെ എന്തെങ്കിലും പുറപ്പെടിവിച്ചുണ്ടോ?

നമുക്ക് അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം ഒഴിവാക്കുന്നതാണ് ഉചിതം. പൊലീസ് ഓഫിസർമാരിൽ ചിലർ വിരമിച്ച ശേഷം ഏതു വിഷയത്തിലും നിത്യേന ചാനലിൽ വന്നു പ്രകടനം നടത്താറുണ്ട്. ഇതിൽ ചാനൽകാരും ഒരു പരിധി വരെ കുറ്റക്കാരാണ്. സർവീസ് കാലം മുഴുവനും സ്‌പെഷൽ യൂണിറ്റിൽ ഇരുന്നവരെയാണ് ക്രൈം എക്‌സ്‌പേർട്ട് ആയി വരുന്നത്. ഓരോ കാര്യത്തിലും അതാത് വിഷയ വിദഗ്ധരെ വേണം ചർച്ചയ്ക്കു വിളിക്കാൻ. പെരുമ്പാവൂർ ജിഷ വധക്കേസിന്റെ കാലത്ത് ഇരട്ടകളുടെ ഡിഎൻഎയും വിരലടയാളവും ഒന്നുതന്നെ ആണന്നു പറഞ്ഞ മഹാന്മാരാണ് സർവീസിൽ ഉള്ളത്, ഇരട്ടകളുടെപോലും വ്യത്യസ്തമാണെന്ന് അവർക്കറിയില്ല.

മോഷണക്കേസിൽ പ്രതിയാരാണന്ന് അറിയാൻ പാഴൂർ പടിക്കൽപോയവരുണ്ട്, അവസാനം ആ മോഷ്ടാവിനെ വിരലടയാളത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ മേഖലയിൽ നടന്ന കൊലപാതക പരമ്പരയിൽ നിരപരാധികളായ രണ്ടുപേർ രണ്ടു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ യഥാർഥ പ്രതി റിപ്പർ ജയചന്ദ്രൻ ആണെന്ന് വിരലടയാളം വഴി തിരിച്ചറിഞ്ഞതിനാൽ നിരപരാധികളായ രണ്ടുപേരും ജയിൽമോചിതനായ സംഭവം ഇവിടെ ഓർമപ്പെടുത്തുകയാണ്.

സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ (സങ്കൽപം) അയാളുടെ വിരലടയാളം ശേഖരിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പിടിക്കപ്പെട്ടാൽ ഇപ്പോൾ ഈ കേസിൽ കേരളാപൊലീസിന് മേലുള്ള കളങ്കം മാറ്റാൻ സാധിക്കും, അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP