Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കല്ലും കട്ടയുമൊഴികെ പൊളിക്കുന്ന ഫ്‌ളാറ്റുകളിലെ സർവ്വതം തങ്ങൾക്ക് വേണം; ലിഫ്റ്റ് മുതൽ ജനാലയും വാതിലും വരെ ആർക്കും കൊടുക്കരുത്; 51 ഫ്‌ളാറ്റ് ഉടമകൾ വീണ്ടും സുപ്രീംകോടതിയിൽ; കമ്മീഷനോട് ചോദിച്ചിട്ട് എന്തെന്ന് വച്ചു ചെയ്യാൻ ജഡ്ജ്; 25 ലക്ഷം വീതം 200 പേർക്ക് നഷ്ടപരിഹാരം അനുവദിച്ച് കമ്മീഷൻ; അവസാന നിമിഷം സ്റ്റേ ഓർഡർ കിട്ടുമെന്ന് കരുതി സാവകാശം പൊളിക്കൽ നടപടികൾ മുന്നോട്ട്

കല്ലും കട്ടയുമൊഴികെ പൊളിക്കുന്ന ഫ്‌ളാറ്റുകളിലെ സർവ്വതം തങ്ങൾക്ക് വേണം; ലിഫ്റ്റ് മുതൽ ജനാലയും വാതിലും വരെ ആർക്കും കൊടുക്കരുത്; 51 ഫ്‌ളാറ്റ് ഉടമകൾ വീണ്ടും സുപ്രീംകോടതിയിൽ; കമ്മീഷനോട് ചോദിച്ചിട്ട് എന്തെന്ന് വച്ചു ചെയ്യാൻ ജഡ്ജ്; 25 ലക്ഷം വീതം 200 പേർക്ക് നഷ്ടപരിഹാരം അനുവദിച്ച് കമ്മീഷൻ; അവസാന നിമിഷം സ്റ്റേ ഓർഡർ കിട്ടുമെന്ന് കരുതി സാവകാശം പൊളിക്കൽ നടപടികൾ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ പൊളിക്കൽ വൈകിപ്പിച്ച് അട്ടിമറിക്കുള്ള നീക്കം സജീവം. പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകൾ പരാതി നൽകിയതോടെ മരട് ഫ്‌ളാറ്റ് പൊളിക്കലിൽ പുതിയ പ്രതിസന്ധിയാണുണ്ടാകുന്നത്. ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനികൾ നിലപാടെടുത്തോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ ഉടമകൾ സമീപിച്ചത് എങ്ങനേയും പൊളിക്കലിന് സ്റ്റേ സമ്പാദിക്കാനാണ്. അങ്ങനെ വന്നാൽ മരടിലെ ഫ്‌ളാറ്റുകളിലേക്ക് തിരിച്ചു മടങ്ങാമെന്നും അവർ പ്രതീക്ഷിക്കുന്നത്. 51 ഫ്‌ളാറ്റ് ഉടമകൾ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു.ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പ്രത്യേക സിറ്റിംഗിൽ ജസ്റ്റിസ് കെ ബാലകൃഷ്ണണൻ നായർ കമ്മിറ്റി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. എങ്ങനേയും പൊളിക്കൽ നീട്ടിക്കൊണ്ട് പോകാനാണ് ഫ്‌ളാറ്റ് ഉടമകളുടെ ശ്രമം.

മരടിൽ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കേണ്ട പാർപ്പിട സമുച്ചയങ്ങളിലെ ജനലുകളും വാതിലും, സാനിറ്ററി ഉപകരണങ്ങളുമടക്കം പൊളിച്ച് നീക്കുന്ന ജോലികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൊളിക്കൽ ചുമതലയേറ്റ എഡിഫെയ്‌സ്, വിജയ സ്റ്റീൽ കമ്പനികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കരാർ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം ഇനി പൊളിക്കൽ ചുമതലയുള്ള കമ്പനികൾക്കാണ്. 325 ഫ്‌ളാറ്റുകളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളാണ് ഇങ്ങനെ നീക്കി തുടങ്ങിയിട്ടുള്ളത്. ഇതിനിടയിലാണ് ഈ സാധനങ്ങളുടെ ഉടമസ്ഥാവകാശവും തങ്ങൾക്കാണെന്ന് ചൂണ്ടികാട്ടി ഫ്‌ളാറ്റ് ഉടമകൾ രംഗത്ത് വന്നത്. വളരെ സാവധാനത്തിലാണ് പൊളിക്കൽ പരിപാടി നീളുന്നത്. ഏതെങ്കിലും ഘട്ടത്തില് സുപ്രീംകോടതിയിൽ നിന്ന് സ്‌റ്റേ ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷ സർക്കാരിനുമുണ്ട്. അതുകൊണ്ടാണ് ഈ തന്ത്രം.

നാല് പാർപ്പിട സമുച്ഛയിത്തിലെയും അസോസിയേഷനുകളും വ്യക്തികളുമടക്കം നിരവധിപേർ പരാതിയുമായി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. കട്ടളയും ജനലുകളുമടക്കം പൂർണ്ണമായും നീക്കാനുള്ള സമയം നഗരസഭ അനുവദിച്ചില്ലെന്നും ഉടമകൾ പരാതിപ്പെടുന്നു. എന്നാൽ സാധനങ്ങൾ ഇനി വിട്ട് കൊടുക്കാനാകില്ലെന്ന നിലപാടിലാണ് കരാർ കമ്പനികൾ. കഴിഞ്ഞ ഒരാഴ്ചയായി സ്വന്തം ജോലിക്കാരെ ഉപയോഗിച്ചാണ് ഇവ നീക്കുന്നത്. 2.32 കോടിരൂപയ്ക്ക് അഞ്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള കാരാറിന് കമ്പനികൾ സമ്മതം അറിയിച്ചതും ഈ സാധനങ്ങൾ കൂടി കണ്ടാണ്. ഇനി ഇവയെല്ലാം ഉടമകൾക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നത് കരാറിന്റെ ലംഘനമാകുമെന്നും കമ്പനികൾ പറയുന്നു.

നേരത്തെ പൊലീസ് കാവലിൽ പൊളിക്കൽ ജോലികൾ പുരോഗമിക്കുന്ന നെട്ടൂർ ജെയ്ൻ കോറൽ കോ ഫ്‌ളാറ്റ് സമുച്ചയത്തിലെ മിന്നൽ രക്ഷാചാലകത്തിന്റെ ചെമ്പു പാളികൾ കാണാതായതിൽ പനങ്ങാട് എസ്‌ഐ വിപിൻകുമാറിനെ സിറ്റി കമ്മിഷണർ വിജയ് സാഖറെ സസ്‌പെൻഡ് ചെയ്തിരുന്നു. 65 മീറ്റർ നീളം, 100 കിലോ ഗ്രാം ഭാരവുമുള്ള ചെമ്പു പാളികളുമായി മരട് സ്വദേശികളായ 2 പേരെ ഫ്‌ളാറ്റ് സമുച്ചയത്തിനു കാവൽ നിൽക്കുന്ന പൊലീസുകാർ കയ്യോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചെങ്കിലും പുറംലോകം അറിഞ്ഞത് ഒരാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കൽ നടക്കുന്ന കെട്ടിടത്തിൽ നിന്നു സാധനങ്ങൾ മോഷ്ടിച്ചാലുള്ള ഭവിഷ്യത്ത് 'ബോധ്യപ്പെടുത്തി' പണം വാങ്ങി പൊലീസ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ചു വിശദ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം അന്നുതന്നെ സർക്കാരിൽ നൽകിയെങ്കിലും നടപടി ഉണ്ടായില്ല

എസ്‌ഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മരട് ഏരിയാ കമ്മിറ്റി സെക്രട്ടറി എ.എസ്. വിനീഷ് മുഖ്യമന്ത്രിക്കു പരാതി നൽകി. ചെമ്പു പാളികൾ കാണാതായതിൽ പൊളിക്കൽ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയും പരാതി നൽകി. പനങ്ങാട് എസ്‌ഐ സംഭവം നിഷേധിച്ചെങ്കിലും ചെമ്പ് ഷീറ്റുകൾ പൊലീസ് സ്റ്റേഷന്റെ സൺ ഷെയ്ഡിൽ ഒളിപ്പിച്ചത് മാധ്യമങ്ങൾ ചിത്രം സഹിതം റിപ്പോർട്ട് ചെയ്തു. 19 നില കെട്ടിടത്തിന്റെ പിൻഭാഗത്ത് ഏറ്റവും മുകൾ നിലയിലെ ടെറസിൽ നിന്ന് ഭൂമിയിലേക്ക് അടിച്ചിറക്കിയ വീതി കൂടിയ ചെമ്പു പട്ടകളാണ് മോഷ്ടിക്കപ്പെട്ടത്. ഒരാൾ മരട് പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഇലക്ട്രിഷ്യനാണ്. സഹായിയായി എത്തിയ രണ്ടാമനും മരടുകാരനാണ്. എസ്‌ഐ സസ്‌പെൻഷനിൽ ആയതോടെ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്

മരടിൽ സുപ്രീം കോടതി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച ഫ്‌ളാറ്റുകളിലെ 200 ഉടമകൾക്ക് ഇതുവരെ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി നഷ്ടപരിഹാരത്തിനു ശുപാർശ ചെയ്തിട്ടുണ്ട്. മൊത്തം 50 കോടി രൂപയാണു നഷ്ടപരിഹാരമായി നൽകാൻ സമിതി അനുമതി നൽകിയത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പരമാവധി ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ 200 ഉടമകൾക്കും ലഭിക്കും. ഇന്നലെ 20 ഫ്‌ളാറ്റ് ഉടമകൾക്കു കൂടി നഷ്ടപരിഹാരം നൽകാൻ സമിതി ശുപാർശ ചെയ്തു. 180 ഫ്‌ളാറ്റ് ഉടമകളുടെ അപേക്ഷകളിൽ നേരത്തേ തന്നെ സമിതി അംഗീകരിച്ചിരുന്നു. അതിനിടെ മരടിലെ ഫ്ളാറ്റ് പൊളിക്കൽ:നഷ്ടപരിഹാരത്തിനുള്ള അപേക്ഷ 15 വരെ ഉടമകൾക്ക് നൽകാമെന്ന് സമിതി അറിയിച്ചു. 15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കാത്തവർക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയർമാൻ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അറിയിച്ചു. മരട് നഗരസഭയിലാണ് അപേക്ഷ സമർപ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമർപ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണൻനായർ സമിതി വ്യക്തമാക്കി

അതിനിടെ മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത് ദൗർഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള ദുരവസ്ഥയ്ക്ക് കാരണമായതിനെകുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ബിൽഡർമാരുടെ സംഘടനയായ ക്രെഡായ് ഭാരവാഹികൾ ആവശ്യപ്പെട്ടു. തകർക്കാനല്ല പടുത്തുയർത്താനാണ് സർക്കാർ കൂട്ടുനിൽക്കേണ്ടത്. ഏതാനും ചില സർക്കാർ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയ്ക്ക് നിരപരാധികളാണ് ബലിയാടാക്കപ്പെട്ടത്. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്താനുണ്ടായ കാരണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം ഇതിനായി റിട്ട.സുപ്രിം കോടതി ജഡ്ജിയെ തന്നെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.യഥാർഥ വസ്തുതകൾആരും ചർച്ച ചെയ്യുന്നില്ല.പൊളിച്ചു നീക്കാൻ ഉത്തരവിട്ട അഞ്ച് ഫ്‌ളാറ്റുകളിൽ ഹോളിഡേ ഹെറിറ്റേജ് നിർമ്മിച്ചിട്ടു പോലുമില്ല. ഗോൾഡൻ കായലോരം 1991 ലെ ആദ്യ സിആർഇസഡ് പ്രകാരമുള്ള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ തയാറാക്കും മുൻപ് നിർമ്മിച്ചതാണ്. ആൽഫാ വെഞ്ച്വേഴ്‌സ്, ഹോളി ഫെയ്ത് എന്നിവ 2006 ൽ ബിൽഡിങ്ങ് പെർമിറ്റെടുത്ത് 2012 ൽ പണി പൂർത്തിയാക്കിയതാണ്. ജെയിൻ ഹൗസിങ്ങ് 2006 ൽ ബിൽഡിങ്ങ് പെർമിറ്റ് ലഭിച്ചു 2010 ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. എട്ടോ പത്തോ വർഷമായി ഫ്ളാറ്റ് ഉടമകൾ കൃത്യമായി നികുതി അടച്ച് താമസിച്ചു വന്നിരുന്ന സ്ഥലമാണ് പൊളിക്കാൻ തീരുമാനിച്ചത്.

വ്യക്തതയില്ലാത്ത സിആർഇസഡ് നോട്ടിഫിക്കേഷൻ, കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിലെ അപാകത, ആശയക്കുഴപ്പം നിലനിൽക്കുന്ന മാനദണ്ഡങ്ങൾ വിവിധ ഘട്ടങ്ങളിലുണ്ടായ നോട്ടിഫിക്കേഷനിൽ വന്ന മാറ്റങ്ങൾ എന്നിവയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് നയിച്ചത്. സാധാരണക്കാരായ ജനങ്ങൾക്കാണ് ഇത് മൂലം നീതി നിഷേധിക്കപ്പെട്ടതെന്നും ക്രെഡായ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയ 1996 ലെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിലെ അപാകതകൾ 23 വർഷം കഴിഞ്ഞിട്ടും പരിഹരിക്കപ്പെട്ടില്ല. ഇത്തരമൊരു രേഖയെ അടിസ്ഥാനമാക്കി കേരളത്തിലെ നിർമ്മാണങ്ങൾ സിആർഇസഡ് നിയമം ലംഘിച്ചു നിർമ്മിച്ചവയാണെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും ക്രെഡായ് ഭാരവാഹികൾ ചോദിച്ചു.2018 നവംബർ 27 നാണ് മരട് സി ആർ ഇസഡ് രണ്ടിലാണോ മുന്നിലാണോ ഉൾപെടുന്നതെന്ന് പരിശോധിക്കാൻ സുപ്രീം കോടതി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ ഈ മൂന്നംഗ സമിതിയാകട്ടെ, നാല് പേരടങ്ങുന്ന മറ്റൊരു സബ്കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്.സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച് വാദികളായ തീരദേശ പരിപാലന അഥോറിറ്റിയുടെ രണ്ടംഗങ്ങളും സബ്കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു. ഇവരാകട്ടെ സ്വയം രക്ഷയ്ക്കായി മരട് സിആർഇസഡ് മൂന്നിലാണെന്ന് റിപോർട്ട് നൽകുകയും ചെയ്തു.

2019 ഫെബ്രുവരി 28 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എറണാകുളം ജില്ലയുടെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് മാപ്പ് അംഗീകരിക്കുകയും മരട് പ്രദേശത്തെ സിആർഇസഡ് രണ്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2019 മാർച്ച് ഒന്നിനു തന്നെ ഈ വിവരം കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിക്ക് ലഭിച്ചിട്ടും ഇക്കാര്യം മാർച്ച് 12 ന് ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ നിന്ന് മറച്ചു വച്ചുവെന്നും ക്രഡായ് ഭാരവാഹികൾ പറഞ്ഞു.ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേൾക്കാനോ അവർക്ക് ഒരു നോട്ടീസ് പോലും നൽകാനോ തയാറാകാതെയാണ് സബ് കമ്മിറ്റി സുപ്രീം കോടതിക്ക് റിപോർട്ട് നൽകിയത്. ഈ റിപോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി മെയ് എട്ടിന് ഉത്തരവിട്ടതെന്നും ക്രെഡായ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മാപ്പിങ്ങിൽ വന്ന അപാകതയും അഥോറിറ്റിക്ക് വന്ന വീഴ്ചയും കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തിയിരുനെങ്കിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ കഴിയുമായിരുന്നുവെന്നും പറയുന്നു. എങ്ങനേയും പൊളിക്കൽ നീട്ടാനുള്ള തന്ത്രമാണ് ഈ വാദങ്ങളെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP