Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിൽ സർക്കാറിന് തിരിച്ചടി; ഗവർണർ മടക്കിയ ഓർഡിനൻസിൽ അനുമതി വൈകും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു; ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരാനും സർക്കാർ നീക്കം; ജാഗ്രതയോടെ നീങ്ങാൻ യുഡിഎഫും

തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിൽ സർക്കാറിന് തിരിച്ചടി; ഗവർണർ മടക്കിയ ഓർഡിനൻസിൽ അനുമതി വൈകും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു; ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരാനും സർക്കാർ നീക്കം;  ജാഗ്രതയോടെ നീങ്ങാൻ യുഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിന് സർക്കാർ തയ്യാറെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളൊടെയാണെന്ന കാര്യം പ്രതിപക്ഷ പാർട്ടികൾക്കും വ്യക്തമാണ്. എന്നാൽ, വിഷയത്തിൽ കണ്ണടച്ച് എതിർക്കാതെ ജാഗ്രതയോടെ വീക്ഷിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അതിവേഗം ഓർഡിനൻസ് കൊണ്ടുവന്ന സർക്കാർ നീക്കം എളുപ്പം നടക്കാൻ സാധ്യതയില്ല. ഓർഡിനൻസിൽ അനുമതി വൈകുമെന്നാണ ലഭിക്കുന്ന വിവരം.

ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. അതേസമയം തദ്ദേശ വാർഡ് പുനഃസംഘടനാ ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി ഇല്ലാതെ ഓർഡിനൻസ് പരിഗണിക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.

ഓർഡിനൻസ് കഴിഞ്ഞ ദിവസം ഗവർണർ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാർഡ് പുനർവിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. 2011 ലെ സെൻസസ് അനുസരിച്ചുള്ള വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്റെ അനുമതി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. പക്ഷെ അനുമതി ഇല്ലാത്തതിൽ ഉടക്കി രാജ്ഭവൻ ഫയൽ മടക്കി.

ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കാനിരിക്കുകയായിരുന്നു. ജൂൺ 10 മുതൽ സമ്മേളനം എന്ന നിലക്കാണ് ധാരണ. സമ്മേളനം വിളിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല. സഭ സമ്മേളിക്കാത്ത സമയത്തെ അടിയന്തിര ആവശ്യങ്ങൾക്കാണ് ഓർഡിനൻസ്.

അതേസമയം വാർഡ് പുനർനിർണയത്തെ യുഡിഎഫ് കണ്ണടച്ച് എതിർക്കില്ല. എന്നാൽ പുനർ വിഭജന കമ്മിഷനെ ഉപയോഗിച്ച് ഏകപക്ഷീയമായി നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ അതിനെ നേരിടാനുമാണ് യുഡിഎഫ് ആലോചന. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി വാർഡ് പുനർനിർണയത്തിലേക്കു കടക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് കോൺഗ്രസും മുസ്‌ലിം ലീഗും പ്രാഥമിക ആശയവിനിമയം നടത്തി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുവേളയിൽ വാർഡ് പുനർനിർണയ നീക്കങ്ങൾ ഇതേപോലെ തന്നെ സിപിഎം ആരംഭിച്ചെങ്കിലും കോവിഡ് വന്നതോടെ കമ്മിഷനു നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. അന്നു കൊണ്ടുവന്ന ഓർഡിനൻസ് തന്നെയാണു കാര്യമായ മാറ്റങ്ങളില്ലാതെ ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. അന്നും ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. പകരം നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചു പാസാക്കിയെങ്കിലും ഫലത്തിൽ പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല.

കഴിഞ്ഞ തവണ വാർഡ് പുനർനിർണയ നടപടികൾ കമ്മിഷൻ ആരംഭിച്ച സമയത്ത് സിപിഎം സംസ്ഥാനകമ്മിറ്റി തന്നെ ഇടപെട്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴത്തെ നടപടികളെപ്പറ്റി റിപ്പോർട്ട് നൽകാൻ എം.മുരളി അധ്യക്ഷനായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനയോടു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ കരുതലോടെ ഇരിക്കാനാണ് യുഡിഎഫ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP