Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോവിഡിന്റെ രണ്ടാം വേട്ടയിൽ തളർന്ന് വീണു സകല യൂറോപ്യൻ രാജ്യങ്ങളും; 70 കഴിഞ്ഞവർക്ക് വീട്ടിൽ ഭക്ഷണവും മരുന്നും എത്തിച്ച് പോളണ്ട്; നേപ്പിൾസിൽ പൊലീസിനെ നേരിടാൻ ജനം തെരുവിൽ; കൊറോണ നിയന്ത്രണത്തിന്റെ പേരിൽ യൂറോപ്പ് കത്തുന്നു

കോവിഡിന്റെ രണ്ടാം വേട്ടയിൽ തളർന്ന് വീണു സകല യൂറോപ്യൻ രാജ്യങ്ങളും; 70 കഴിഞ്ഞവർക്ക് വീട്ടിൽ ഭക്ഷണവും മരുന്നും എത്തിച്ച് പോളണ്ട്; നേപ്പിൾസിൽ പൊലീസിനെ നേരിടാൻ ജനം തെരുവിൽ; കൊറോണ നിയന്ത്രണത്തിന്റെ പേരിൽ യൂറോപ്പ് കത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ രണ്ടാം തേരോട്ടം ആരംഭിച്ചതോടെ യൂറോപ്പിൽ വീണ്ടും ഭീതിയുടെ കരിനിഴൽ പടരുന്നു. നിലവിൽ, സമ്പർക്കം പരമാവധി ഒഴിവാക്കുകയല്ലാതെ കൊറോണയെ തടയാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാത്തതിനാൽ, ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ട ഗതികേടിലാണ് മിക്ക ഭരണകൂടങ്ങളും. എന്നാൽ, ഒന്നാം ലോക്ക്ഡൗണിൽ തകർന്ന സമ്പദ്വ്യവസ്ഥ, നേരെ നിൽക്കാൻ പെടാപാടുപെടുന്ന സമയത്ത് മറ്റൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കുക എന്നത് സർവ്വനാശകാരിയായിരിക്കും എന്ന ബോദ്ധ്യവും ഭരണകൂടങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ പരമാവധി ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളാണ് ഇത്തവണ സർക്കാരുകൾ ആലോചിക്കുന്നത്.

പോളണ്ട് പുതിയൊരു സമീപനവുമായി എത്തിയത് ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 70 കഴിഞ്ഞവരും, കോവിഡ് ബാധിച്ചാൽ അപകടസാധ്യത വളരെയധികം ഉണ്ടാകാൻ ഇടയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുവാനുള്ള നിർദ്ദേശമാണ് അതിലൊന്ന്. ഇവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള അത്യാവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകാൻ കരുതൽ സേനാംഗങ്ങളെ ഉപയോഗിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രണ്ടാഴ്‌ച്ച കൊണ്ട് രോഗവ്യാപനം ഇരട്ടിയാവുകയും മരണം 168-ൽ എത്തുകയും ചെയ്തതോടെ രാജ്യം മുഴുവൻ റെഡ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

യൂറോപ്പ്, ഒരു മേഖലയെന്ന രീതിയിൽ നോക്കിയാൽ, പ്രതിദിനം പുതിയതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുകയാണ്. വിവിധ സർക്കാരുകളാണെങ്കിൽ, കോവിഡ് നിയന്ത്രണം, സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കൽ എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങളോടെയുള്ള പോരാട്ടത്തിലും. പോളണ്ടിലെ ഓരോ പത്തു മരണങ്ങളിലും ഏഴുപേർ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയതിനാലാണ് ഇത്തരക്കാർ വീടിന് വെളിയിൽ ഇറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. കരുതൽ സേനാംഗങ്ങൾക്ക് പുറമേ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേവകർ എന്നിവരെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും മുതിർന്ന പൗരന്മാരെ സഹായിക്കുവാനുള്ള ഈ പദ്ധതി നടപ്പാക്കുക.

റെഡ് സോൺ ആയി പ്രഖ്യാപിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ എല്ലാം അടച്ചു പൂട്ടി. ഓൺലൈൻ പഠനമായിരിക്കും ഇനി പോളണ്ടിൽ. വളരെ നേരത്തേ മുൻകരുതൽ എന്ന നിലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ, കോവിഡിന്റെ ഒന്നാം വരവിൽ കാര്യമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ട രാജ്യമാണ് പോളണ്ട്. എന്നാൽ, ആ ലോക്ക്ഡൗൺ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനാൽ, വീണ്ടും അത്തരമൊരു സാഹസത്തിന് മുതിരാൻ സർക്കാർ ഇപ്പോൾ തയ്യാറാകുന്നില്ല.

അതേസമയം ഫ്രാൻസിൽ ഇന്നലെ 41,622 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തും കർഫ്യൂ നിലനിൽക്കുകയാണ്. പ്രതിദിന മരണ സംഖ്യയും 150 ന് മുകളിലായി. ഇന്നലെ 10,000 ൽ അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ച ജർമ്മനിയിൽ, സ്വിറ്റ്സർലാൻഡ്, അയർലൻഡ്, പോളണ്ട്, ആസ്ട്രിയയുടെ മിക്ക ഭാഗങ്ങൾ, ഇറ്റലിയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജർമ്മൻ ആരോഗ്യ മന്ത്രി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ ആണ്.

നെതർലാൻഡിലും ഇന്നലെ 9,000 ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗ്രീസിൽ, ഏഥെൻസിലും, രോഗവ്യാപനം കൂടുതലുള്ള മറ്റിടങ്ങളിലും, അർദ്ധരാത്രിക്ക് ശേഷം രാവിലെ 5 മണിവരെ ജനങ്ങൾ തെരുവിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഗ്രീസും കടന്നു വന്നു. റോമിൽ നിലവിൽ കർഫ്യൂ ഉണ്ട്. നേപ്പിൾസിൽ രാത്രി 11 മണിക്ക് ശേഷം ജനങ്ങൾ വീടുകൾക്കുള്ളിൽ തുടരണമെന്ന് നിർദ്ദേശമിറക്കിയിട്ടുണ്ട്. മിലനിൽ രോഗവ്യാപനം വർദ്ധിച്ചതോടെ ലൊംബാർഡിയിൽ പഴയ നിയന്ത്രണങ്ങൾ തിരിച്ചുവരികയാണ്.

അതേസമയം, ഒന്നാം വരവിന്റെ കാലത്ത് നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾ ചെക്ക് റിപ്പബ്ലിക്ക് വീണ്ടും നടപ്പിലാക്കിയിരിക്കുകയാണ്.മിക്ക കടകളും ഷോപ്പിങ് മാലുകളൂം നവംബർ 3 വരെ അടച്ചിടും. പ്രാദേശിക യാത്രകൾക്ക് പോലും കർശന നിയന്ത്രണങ്ങൾ ഉണ്ട്. ഹാലോവീൻ ദിനവും ഓൾ സെയിന്റ്സ് ദിനവും വരുന്ന വാരാന്ത്യത്തിൽ മറ്റു രാജ്യങ്ങളിലേക് ജനങ്ങൾ പോകുന്നതിനെ വിലക്കിയിരിക്കുകയാണ് പോർച്ചുഗൽ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം നിയന്ത്രണാതീതമായതോടെ സ്പെയിനും പുതിയ നിയന്ത്രണങ്ങളുമായി എത്തുകയാണ്.

ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി കൂടുതൽ രോഗവ്യാപനമുള്ള നവാര മേഖലയിൽ ബാറുകളും റെസ്റ്റോറന്റുകളും അടക്കമ്നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മേഖലയുടെ അകത്തും പുറത്തേക്കും ഉള്ള അനാവശ്യ യാത്രകൾ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി മാഡ്രിഡും ഏതാണ്ട് ഇതേ സ്ഥിതിവിശേഷത്തിലാണ്. അയർലൻഡിൽ അടുത്ത ആറ് ആഴ്‌ച്ചത്തേക്ക് അത്യാവശ്യമില്ലാത്ത സാധങ്ങൾ വിൽക്കുന്ന കടകൾ എല്ലാം അടച്ചുപൂട്ടും. റെസ്റ്റോറന്റുകൾക്ക് ടേക്ക് എവേ സേവനം നൽകാൻ മാത്രമേ അനുവാദമുള്ളു. അതുപോലെ സ്വന്തം വീടുകളിൽ നിന്നും മൂന്ന് മൈൽ ദൂരത്തിലധികം സഞ്ചരിക്കാനും അനുവാദമില്ല.

നിയന്ത്രണങ്ങൾ നിലവിൽ വരികുയും, നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുകയും ചെയ്യുന്നതിനോടൊപ്പം പലയിടങ്ങളിലും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. നേപ്പിൾസിൽ കർഫ്യൂ ഏർപ്പെടുത്തിയതിനെതിരെ ഒരു കൂട്ടം ജനങ്ങൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചവറ്റുകൊട്ടകൾക്ക് തീവയ്ക്കുകയും പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തു. മുഖം മൂടിയെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ കർഫ്യൂവിനെതിരെ തെരുവിൽ ഇറങ്ങിയത്.

ബേസ്ബോൾ ബാറ്റുകൾ ഉപയോഗിച്ച് പൊലീസ് വാഹനങ്ങൾ തകർക്കുകയും, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികളും കല്ലും വലിച്ചെറിയുകയും ചെയ്ത അക്രമികളെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കേണ്ടതായി വന്നു. കോവിഡ് കാലത്ത് ഇറ്റലിയിൽ ഇത്തരമൊരു പ്രതിഷേധം ഇതാദ്യമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP