Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

എയർ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ കയറും; കമ്പനി പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിൽ

എയർ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ കയറും; കമ്പനി പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സപ്രസ്  പ്രതിസന്ധിക്ക് പരിഹാരമായി. സിക് ലീവെടുത്ത് ഡ്യൂട്ടിയിൽ നിന്ന് മാറി നിന്ന് ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്

പ്രതിഷേധത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ലേബർ കമ്മീഷണറുടെ ഓഫീസാണ് ഇതറിയിച്ചത്. സമരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിക്ക് ശേഷം 178 ഫ്‌ളൈറ്റുകളാണ് മുടങ്ങിയത്.

എയർ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ഡൽഹി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചർച്ചയിൽ നിലപാടെടുത്തു. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു.

എയർ ഇന്ത്യ എക്‌സപ്രസ് സമരത്തിന് കടിഞ്ഞാണിടാൻ 30 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ പുറത്താക്കിയിരുന്നു. സിക്ക് ലീവെടുത്ത് ഫോണും ഓഫാക്കി 300 ഓളം ജീവനക്കാർ പണി മുടക്കിയതോടെയാണ് വലിയതോതിൽ വിമാനങ്ങൾ മുടങ്ങിയത്. ഇന്ന് നാല് മണിക്കകം ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി വരുമെന്നാണ് മാനേജ്‌മെന്റ് നൽകിയ അന്ത്യശാസന. 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായാണ് സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്.

85 ഫ്‌ളൈറ്റുകൾ ഇന്നുറദ്ദാക്കിയതോടെ, വിമാനം മുടങ്ങൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സപ്രസിന് സമ്പൂർണ പ്രതിസന്ധിയായി മാറി. പുതിയ ജോലി വ്യവസ്ഥകൾക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങൾ വിമർശിക്കുന്നു. എഐഎക്‌സ് കണക്റ്റുമായുള്ള ( നേരത്തെ എയർ ഏഷ്യ ഇന്ത്യ) ലയനനീക്കത്തിന്റെ മധ്യേയാണ് പുതിയ സംഭവവികാസങ്ങൾ.

എയർ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സർവീസുകളാണ്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി. മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും. മൂന്നു മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇന്നു രാവിലെ 8.50നു മസ്‌കറ്റിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സർവീസുകളാണ് ഇപ്പോൾ എയർ ഇന്ത്യ മാനേജ്‌മെന്റ് പുനഃക്രമീകരിച്ചത്.

കേരളത്തിലാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്സ്‌പ്രസ്. ഇതിലെ സീനിയർ കാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽ പെടുന്നവരാണ് സമരക്കാരിൽ കൂടുതലും. ഒരു വിമാനം സർവീസ് നടത്തണമെങ്കിൽ എൽ1 ക്രൂ അംഗത്തിന്റെ നേതൃത്വത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് വേണ്ടത്. എൽ1നെ ഒഴിവാക്കി വിമാന സർവീസ് നടത്താനും സാധിക്കില്ല. അതുകൊണ്ടു തന്നെ 200 പേരെ ഒറ്റയടിക്ക് പിരിച്ചുവിടുക അത്ര എളുപ്പമല്ല.

നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ച് വിസ്താര ജീവനക്കാർ സർവീസുകൾ മുടക്കി ഒരുമാസം പിന്നിടും മുമ്പേയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിമാന കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. വിസ്താരയിൽ വേതന പാക്കേജ് അടക്കമുള്ള വിഷയങ്ങളിലെ അസംതൃപ്തിയായിരുന്നു പ്രശ്‌നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP