Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

കൈതച്ചക്കയുടെ ഇലയും വാഴത്തണ്ടും വൈക്കോലും ഉപയോഗിച്ച് ലെതർ നിർമ്മാണം; സസ്യാവശിഷ്ടങ്ങൾ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എൻ ഐ ഐ എസ് ടി കൈമാറി

കൈതച്ചക്കയുടെ ഇലയും വാഴത്തണ്ടും വൈക്കോലും ഉപയോഗിച്ച് ലെതർ നിർമ്മാണം; സസ്യാവശിഷ്ടങ്ങൾ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എൻ ഐ ഐ എസ് ടി കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് വീഗൻ ലെതർ നിർമ്മിക്കുന്നതിനുള്ള സിഎസ്‌ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (സിഎസ്‌ഐആർ-എൻഐഐഎസ്ടി)യുടെ സാങ്കേതികവിദ്യ ആൾട്ടർ വേവ് ഇക്കോ ഇന്നൊവേഷൻസ് (എഡബ്ല്യുഇഐ) പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു.

സസ്യാവശിഷ്ടങ്ങളിൽ നിന്ന് ലെതർ നിർമ്മിക്കുന്നതിനുള്ള സിഎസ്‌ഐആർ-എൻഐഐഎസ്ടി യുടെ സാങ്കേതികവിദ്യയുടെ അഞ്ചാമത്തെ കൈമാറ്റമാണിത്. കേരളത്തിൽ നിന്നുള്ളൊരു കമ്പനിക്ക് എൻഐഐഎസ്ടിയുടെ ഈ സാങ്കേതികവിദ്യ ആദ്യമായി കൈമാറിയെന്ന പ്രത്യേകതയും ഇത്തവണത്തേതിനുണ്ട്.

വിവിധ കാർഷികാവശഷ്ടിങ്ങളായ കൈതച്ചക്കയുടെ ഇല, വാഴത്തണ്ട്, വൈക്കോൽ തുടങ്ങിയവയിൽ നിന്ന് ലെതർ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് കൈമാറിയത്. ഇത് തുകൽ വ്യവസായത്തിന് സുസ്ഥിര പരിഹാരവും ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് രഹിത-പരിസ്ഥിതി സൗഹൃദ ബദലും സാധ്യമാക്കും.

സിഎസ്‌ഐആർ-എൻഐഐഎസ്ടി യുടെ പാപ്പനംകോട് കാമ്പസിൽ നടന്ന ചടങ്ങിൽ സിഎസ്‌ഐആർ-എൻഐഐഎസ്ടി ഡയറക്ടർ സി. അനന്തരാമകൃഷ്ണൻ എഡബ്ല്യുഇഐ ഡയറക്ടർമാരായ ജെസ്വിൻ ജോർജ്ജ്, നിധിൻ സോട്ടർ, നിഗിൽ സോട്ടർ, ടിഗിൽ തോമസ് എന്നിവർക്ക് ധാരണാപത്രം കൈമാറി.

സസ്യാധിഷ്ഠിതവും ജൈവവിഘടനം സാധ്യമാക്കുന്നതും ഉയർന്ന പ്രവർത്തന ക്ഷമതയുള്ളതുമായ വസ്തുക്കളിൽ നിന്ന് സുസ്ഥിര ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ആൾട്ടർ വേവ് ഇക്കോ ഇന്നൊവേഷൻസിന്റെ താത്പര്യവും അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലുള്ള എൻഐഐഎസ്ടി യുടെ വൈദഗ്ധ്യവും ഒരുമിച്ച് കൊണ്ടുവരാൻ ഈ സഹകരണം സഹായകമാകുമെന്ന് സിഎസ്‌ഐആർ-എൻഐഐഎസ്ടി ഡയറക്ടർ സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. ഇതിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎസ്‌ഐആർ-എൻഐഐഎസ്ടിയിലെ സീനിയർ സയന്റിസ്റ്റ് ഡോ. ആഞ്ജനേയലു കൊത്തക്കോട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേരളത്തിൽ ഏകദേശം 20,000 ഹെക്ടർ സ്ഥലത്ത് കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് ഏകദേശം 720,000 മെട്രിക് ടൺ കാർഷിക മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. മലയാറ്റൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൾട്ടർ വേവ് ഇക്കോ ഇന്നൊവേഷൻസ് കർഷകരിൽ നിന്നു കാർഷിക ജൈവവസ്തുക്കളും മറ്റ് ജൈവവസ്തുക്കളും ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP