Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു; കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു; കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.

ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തി ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ഹൈജീൻ റേറ്റിങ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രിൽ മാസം ആകെ 4545 പരിശോധനകൾ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ വിവിധയിനത്തിൽ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 3479 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകൾ അൺ സേഫും 53 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡും റിപ്പോർട്ട് ചെയ്തു. മിസ് ബ്രാൻഡഡ് സാംപിളുകളുടെ ഇനത്തിൽ 32 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു.

1605 ലൈസൻസുകളും 11343 രജിസ്ട്രേഷനുകളും കഴിഞ്ഞ മാസം നൽകി. 65 അഡ്ജ്യൂഡിക്കേഷൻ കേസുകളും 83 പ്രോസിക്യൂഷൻ കേസുകളും ഏപ്രിൽ മാസം ഫയൽ ചെയ്തു. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 477 റെക്ടിഫിക്കേഷൻ നോട്ടീസുകളാണ് സ്ഥാപനങ്ങൾക്ക് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP