Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

തളിപറമ്പിലെ ആശുപത്രികളിൽ മോഷണം നടത്തുന്ന കള്ളൻ ഒടുവിൽ പിടിയിലായി; സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ ഷൗക്കത്തലിയെ പിടികൂടിയത് ആശുപത്രി ജീവനക്കാർ

തളിപറമ്പിലെ ആശുപത്രികളിൽ മോഷണം നടത്തുന്ന കള്ളൻ ഒടുവിൽ പിടിയിലായി; സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ ഷൗക്കത്തലിയെ പിടികൂടിയത് ആശുപത്രി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപറമ്പിലെ ആശുപത്രി കള്ളൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. തളിപറമ്പ് നഗരത്തിലെയും പരിസരങ്ങളിലെയും ആശുപത്രികളിൽ നിന്നും രോഗികളെയും കൂട്ടിരിപ്പുകാരെയും കൊള്ളയടിക്കുന്നത് പതിവാക്കിയ യുവാവിനെയാണ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ തന്ത്രപരമായി കൈയോടെ പിടികൂടിയത്. ഇയാളെ പൊലീസ് തളിപറമ്പ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഇതോടെ പൊലിസിന്റെയും ആശുപത്രി ജീവനക്കാരുടെയും തീരാതലവേദനയായ മോഷ്ടാവാണ് അകത്തായത്. ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം കവരുന്ന പാപ്പിനിശേരി സ്വദേശിയായ യുവാവ് നേരത്തെയും ഇതു ആവർത്തിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലി(34)യെയാണ് ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.

ഒരാഴ്ച മുൻപ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന രോഗികളായ രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികൾ പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ സി.സി.ടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയിൽ നിന്ന് ഷൗക്കത്തലി പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.

എന്നാൽ ഇയാൾ വീണ്ടും മോഷണത്തിനായി ആശുപത്രിയിലെത്തുമെന്ന കണക്കുകൂട്ടൽ ആശുപത്രി ജീവനക്കാർ ഉറക്കമൊഴിച്ചു കാത്തു നിൽക്കുകയായിരുന്നു. ഇവർ പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിലെ 220-ാം നമ്പർ മുറിയിൽ മോഷണത്തിന് എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടി പൊലിസിൽ വിവരമറിയിച്ചത്.

പൊലിസ് എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തതിനു ശേഷം തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ ഒരുവർഷം മുൻപ് ഇതേ ആശുപത്രിയിൽ ഇയാൾ കവർച്ച നടത്തിയിരുന്നു. അന്ന് രോഗികളുടെ പരാതിയിൽ ആശുപത്രി അധികൃതർ ഇയാളെ പിടികൂടിയിരുന്നുവെങ്കിലും കവർച്ച ചെയ്ത പണം ലഭിച്ചതിനാൽ താക്കീതു നൽകി വെറുതെ വിടുകയായിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിച്ചുവരികയാണ്. കണ്ണൂർ നഗരത്തിലെ ആശുപത്രികളിലും ഇതിനുസമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികളുടെ മൊബൈൽ ഫോൺ രാത്രികാലങ്ങളിൽ വാർഡുകളിൽ കയറുന്ന മോഷ്ടാക്കൾ കവർന്നെടുക്കുന്നത് നിത്യസംഭവങ്ങളിലെന്നാണ്.

കണ്ണൂർ ജില്ലയിലെ മറ്റു ആശുപത്രികളിൽ നടന്ന കവർച്ചാ സംഭവങ്ങളിൽ ഷൗക്കത്തിന് പങ്കുണ്ടോയെന്നു അറിയാനായിഷൗക്കത്തലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ലഭിക്കുന്നതിനായി അപേക്ഷ നൽകുമെന്ന് തളിപ്പറമ്പ് ടൗൺ പൊലിസ് അറിയിച്ചു. ഇതിനു സമാനമായി വയോധികരായ രോഗികളായും അവരുടെ കൂട്ടിരിപ്പുകാരുമായും അടുത്ത സൗഹാർദ്ദം സ്ഥാപിച്ചു പണവും മൊബൈൽ ഫോണുകളും കവരുന്ന സംഘവും വിലസുന്നുണ്ട്. പേവാർഡുകൾക്കു പോലും മതിയായ അടച്ചുറപ്പില്ലാതെയാണ് ജില്ലയിലെ മിക്ക ആശുപത്രികളും പ്രവർത്തിക്കുന്നതെന്ന പരാതി രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP