Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

സ്വകാര്യ ബാങ്കെന്ന് പറഞ്ഞെത്തിയവർ ടിക്കറ്റ് കവർച്ച ചെയ്തുവെന്ന് പരാതി; മഞ്ചേരിക്കാരനിൽ നിന്നും തട്ടിയെടുത്ത 70 ലക്ഷത്തിന്റെ ടിക്കറ്റുമായി പാലക്കാട്ടുകാരൻ തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ; സ്വർണ്ണ വെള്ളരിയും നിധിയും ഇരുതലമൂരിക്കും വെള്ളിമൂങ്ങയ്ക്കും സ്വർണ കല്ലിനുമൊപ്പം ലോട്ടറി ചതിയും; വമ്പൻ റാക്കറ്റ് വലയിൽ

സ്വകാര്യ ബാങ്കെന്ന് പറഞ്ഞെത്തിയവർ ടിക്കറ്റ് കവർച്ച ചെയ്തുവെന്ന് പരാതി; മഞ്ചേരിക്കാരനിൽ നിന്നും തട്ടിയെടുത്ത 70 ലക്ഷത്തിന്റെ ടിക്കറ്റുമായി പാലക്കാട്ടുകാരൻ തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ; സ്വർണ്ണ വെള്ളരിയും നിധിയും ഇരുതലമൂരിക്കും വെള്ളിമൂങ്ങയ്ക്കും സ്വർണ കല്ലിനുമൊപ്പം ലോട്ടറി ചതിയും; വമ്പൻ റാക്കറ്റ് വലയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി സ്വദേശിയിൽനിന്നും തട്ടിയെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറിയുടെ 70ലക്ഷം സമ്മാനാർഹമായ ടിക്കറ്റുമായി പാലക്കാട്ടുകാരൻ തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ. ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് സമ്മാനത്തുകക്കായി തട്ടിയെടുത്ത ടിക്കറ്റ് സമർപ്പിച്ചത്. പൊലീസ് ഇയാളുടെ മൊഴിയെടുത്തു. ടിക്കറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ലോട്ടറി ഓഫിസിൽ നൽകിയിരുന്നു. തുടർന്നു ലോട്ടറിയുമായി പാലക്കാട് സ്വദേശി എത്തിയതോടെ ഇവർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

പണത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ച ആളിൽ നിന്നു വില കൊടുത്ത് ടിക്കറ്റ് വാങ്ങിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ബാങ്കിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം ലഭിക്കാൻ ആറു മാസമെടുക്കുന്നതിനാലാണ് പണത്തിന്റെ അത്യാവശ്യത്തിനു ടിക്കറ്റ് വിൽക്കുന്നതെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും പറയുന്നു. ഒരു സംഘം വന്ന് ബന്ധുവിന് ഒന്നാം സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റാണെന്നും വേഗത്തിൽ പണം നൽകുകയാണെങ്കിൽ നൽകാമെന്നും അറിയിച്ചു. 15 ലക്ഷം രൂപ നൽകിയാണ് ഇയാൾ 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയതെന്നും വിവരമുണ്ട്.

ടിക്കറ്റ് കവർച്ച ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളും ടിക്കറ്റ് വാങ്ങിയ ആളും തമ്മിൽ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയിൽ നിന്നാണ് കഴിഞ്ഞ 15നു ടിക്കറ്റ് കവർച്ച ചെയ്തത്. കഴിഞ്ഞമാസം 19ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റ് നമ്പർ എൻ.ഡി 798484 നമ്പർ ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പിലൂടെ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.

പ്രസ്തുത ടിക്കറ്റിന് കൂടുതൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി സമ്മാനർഹമായ ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ വിളിച്ചുവരുത്തുകയും ചെയ്തു. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്‌കാൻ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക്കയറ്റി മാരകമായി പരിക്കേൽപ്പിച്ച് സമ്മാനർഹമായ ടിക്കറ്റ് കവർച്ച ചെയ്തു പോവുകയാണ് ഉണ്ടായത്.

തുടർന്ന് മഞ്ചേരി പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും , തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികളായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലു രിക്കൽവീട്ടിൽ അബ്ദുൽ അസീസ് (26), കോഴി പള്ളിയാളി വീട്ടിൽ അബ്ദുൽ ഗഫൂർ (38), കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ (44), കലസിയിൽ വീട്ടിൽ പ്രിൻസ് (22), ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടിൽ അബ്ദുൽ മുബഷിർ (20) എന്നിവർ കഴിഞ്ഞ ദിവസം പൊലീസിന്റെ വലയിലാകുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹമായവരെ കണ്ടെത്തി വൻ തുക ഓഫർ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികൾ. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വർണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ തൊട്ടുമുമ്പുള്ള ദിവസവും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP