Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

യുകെയിലെ വിജ്ഞാന നഗരത്തിനു മലയാളി മേയർ; ബൈജു യുകെയിൽ മേയറാകുന്ന അഞ്ചാമത്തെ മലയാളി; കേംബ്രിഡ്ജിലെ 42 കൗൺസിലർമാരിലെ ഏക ഏഷ്യക്കാരൻ; ബ്രിട്ടീഷ് വംശജർക്ക് മൃഗീയ ആധിപത്യമുള്ള കൗൺസിലിൽ മേയർ പദവിയിൽ എത്തുന്ന ആദ്യ മലയാളി

യുകെയിലെ വിജ്ഞാന നഗരത്തിനു മലയാളി മേയർ; ബൈജു യുകെയിൽ മേയറാകുന്ന അഞ്ചാമത്തെ മലയാളി; കേംബ്രിഡ്ജിലെ 42 കൗൺസിലർമാരിലെ ഏക ഏഷ്യക്കാരൻ; ബ്രിട്ടീഷ് വംശജർക്ക് മൃഗീയ ആധിപത്യമുള്ള കൗൺസിലിൽ മേയർ പദവിയിൽ എത്തുന്ന ആദ്യ മലയാളി

പ്രത്യേക ലേഖകൻ

ലണ്ടൻ: യുകെയിലെ വിജ്ഞാന നഗരമെന്ന വിളിപ്പേരുള്ള കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയർ. ഏതാനും വർഷമായി കൗൺസിലറും ഒരു വർഷമായി ഡെപ്യുട്ടി മേയറുമായ ലേബർ പാർട്ടി അംഗമായ കോട്ടയം ആർപ്പൂക്കരക്കാരൻ ബൈജു വർക്കി തിട്ടാല ആണ് ഒരു വർഷത്തേക്ക് മേയർ പദവിയിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെപ്യുട്ടി മേയർ ആയതോടെ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ട പദവി ആണെങ്കിലും ബ്രിട്ടീഷ് വംശജർക്ക് മൃഗീയ ആധിപത്യമുള്ള കൗൺസിലിൽ മലയാളി മേയർ ആകുന്നു എന്നത് യുകെ മലയാളികൾക്ക് മാത്രമല്ല പ്രവാസി മലയാളി സമൂഹത്തിനു തന്നെ അഭിമാന നിമിഷം കൂടിയാണ്.

മാത്രമല്ല ആകെയുള്ള 42 കൗൺസിലർമാരിൽ ബൈജു മാത്രമാണ് കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഏക അംഗം. കൺസർവേറ്റീവ് പാർട്ടി അംഗമായ ഒരു കുടിയേറ്റക്കാരൻ കൂടി കൗൺസിലർ ആണെങ്കിലും ഇദ്ദേഹം രണ്ടാം തലമുറയിൽ ഉൾപ്പെട്ട ബ്രിട്ടീഷ് വംശജൻ ആണെന്ന് കരുതപ്പെടുന്നു. ബൈജു വർക്കി മേയർ ആയതോടെ ചുരുങ്ങിയത് ഈ പദവിയിൽ എത്തുന്ന അഞ്ചാമത്തെ മലയാളി എന്ന നേട്ടവും മലയാളി സമൂഹത്തിനു സ്വന്തമാകുകയാണ്.

ക്രോയ്ഡോൺ മഹാനഗരത്തിന്റെ മേയർ ആയിരുന്ന മഞ്ജു ഷാഹുൽ ഹമീദ്, എസക്സിലെ ചെറുപട്ടണമായ ലൗട്ടനിലെ മേയർ ആയിരുന്ന ഫിലിപ് എബ്രഹാം, ബ്രിസ്റ്റോളിന് അടുത്ത ബ്രാഡ്‌ലി സ്റ്റോക് എന്ന ചെറു ടൗണിലെ മേയർ ആയിരുന്ന ടോം ആദിത്യ, ന്യൂകാസിലിൽ പ്രാന്ത പട്ടണമായ സ്റ്റാൻലിയിലെ മേയർ ആയിരുന്ന ആദ്യകാല മലയാളി ബാലൻ നായർ എന്നിവരൊക്കെ മുൻപ് ചെറുതും വലുതുമായ പട്ടണങ്ങളുടെ മേയർ പദവിയിൽ എത്തിയ മലയാളികളാണ്.

ക്രോയ്ഡോണിലും കേംബ്രിഡ്ജിലും ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന നഗരങ്ങൾ ആയതിനാൽ ഈ രണ്ടു സ്ഥലത്തും മേയർ പദവിയിൽ മലയാളികൾ എത്തിയത് പ്രാദേശിക മലയാളി സമൂഹത്തിനും എടുത്തു പറയാവുന്ന നേട്ടമായി വിലയിരുത്തപ്പെടുകയാണ്. ബൈജു ഭാവിയിൽ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കാൻ സാധ്യതയുള്ള വിധം രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള വ്യക്തി കൂടിയാണ് എന്നാണ് കരുതപ്പെടുന്നത്.

കോട്ടയം ആർപ്പൂക്കരയിൽ നിന്നും ബിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു, തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്. 2013-ൽ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി ബിരുദം നേടുകയും പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്നും എംപ്ലോയ്മെന്റ് ലോയിൽ ഉന്നത ബിരുദവും നേടി. 2018ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ മണ്ഡലത്തിൽനിന്നും ലേബർ ടിക്കറ്റിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2019 മുതൽ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനൽ ഡിഫൻസ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടനിൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സിഎൽപി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.

ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജിൽ നഴ്സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആൻസി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേൽ കുടുംബാംഗമാണ്. വിദ്യാർത്ഥികളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല എന്നിവർ മക്കളാണ്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP