Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഹൈ വോൾട്ടേജ് നിവിൻപോളി ഷോ! 'മിഖായേൽ' നിവിൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രം; ഹോളിവുഡ്ഡ് മെയ്ക്കിങ്ങിലൂടെ ഒരിക്കൽ കൂടി മികവുതെളിയിച്ച് ഹനീഫ് അദേനി; തിരക്കഥയിലെ പാളിച്ചകൾ മാറ്റിയിരുന്നെങ്കിൽ ഇതൊരു സൂപ്പർ സിനിമയാവുമായിരുന്നു; ഇടിവെട്ടായി ഉണ്ണി മുകുന്ദനും സിദ്ധിഖും; ഇല്ല, മിഖായേൽ നിങ്ങളുടെ കാശ് നഷ്ടപ്പെടുത്തില്ല

ഹൈ വോൾട്ടേജ് നിവിൻപോളി ഷോ! 'മിഖായേൽ' നിവിൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രം; ഹോളിവുഡ്ഡ് മെയ്ക്കിങ്ങിലൂടെ ഒരിക്കൽ കൂടി മികവുതെളിയിച്ച് ഹനീഫ് അദേനി; തിരക്കഥയിലെ പാളിച്ചകൾ മാറ്റിയിരുന്നെങ്കിൽ ഇതൊരു സൂപ്പർ സിനിമയാവുമായിരുന്നു; ഇടിവെട്ടായി  ഉണ്ണി മുകുന്ദനും സിദ്ധിഖും; ഇല്ല, മിഖായേൽ നിങ്ങളുടെ കാശ് നഷ്ടപ്പെടുത്തില്ല

എം മാധവദാസ്

ലയാളത്തിലെ യുവനടന്മാരിൽ ബോക്സോഫീസിലെ നമ്പർ വൺ ആരാണെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയെ ഉള്ളൂ. നിവിൻപോളി. അർബൻ കാമുകൻ എന്ന നിലയിൽ പേരെടുത്ത നിവൻപോളിയുടെ പതിവ് പടങ്ങളിൽനിന്ന് തീർത്തും ഭിന്നമായ ആക്ഷൻ ഓറിയൻഡഡ് ഫാമിലി ഡ്രാമയാണ് മിഖായേൽ. ഹോളിവുഡ്ഡ് സിനിമകളുടെ മേക്കിങ്ങ് രീതി പോലെ കൊതിപ്പിക്കുന്ന ഫ്രെയിമുകളിലാണ് സംവിധായകൻ ഹനീഫ് അദേനി ചിത്രമൊരുക്കിയത്. അതുകൊണ്ട് തന്നെ നിവിൻ പോളി ആരാധകർക്ക് പിടിപ്പത് ആഹ്ലാദിക്കാനും കൈയടിക്കാനുമുള്ള അവസരം ചിത്രത്തിലുണ്ട്. ഒരു ടിപ്പിക്കൽ ഹൈ വോൾട്ടേജ് നിവിൻ ഷോ എന്ന് വേണമെങ്കിൽ ചിത്രത്തെ വിശദീകരിക്കാം. പല ആക്ഷൻ രംഗങ്ങളിലും അമ്പരപ്പിക്കുന്ന പെർഫോമൻസാണ് ഈ യുവനടന്റേതെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ ഈ സിനിമ വലിയൊരു ബോക്സോഫീസ് വിജയമാവുമെന്ന് ഉറപ്പാണ്.

പക്ഷേ നമുക്ക് ആരാധകരെ വിടാം.സാധാരണ പ്രേക്ഷകരിലേക്ക് അടുക്കുമ്പോൾ ആദ്യ പുകുതിയുടെ സൗന്ദര്യം രണ്ടാം പകുതിയിൽ കിട്ടുന്നില്ല. പലയിടത്തും യുകതിരാഹിത്യം പ്രകടം. പക്ഷേ ഈ ചിത്രത്തിന്റെ ആദ്യത്തെ ഇരുപതുമിനട്ട് ഒന്നു കണ്ടുനോക്കണം. ഹനീഫിനെ സമ്മതിച്ചുപോകും. ശരിക്കും സൂപ്പർ. ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ കഥയാണോ നാം കാണുന്നത് എന്ന് തോന്നിപ്പോവും. പക്ഷേ തുടർന്ന് ആ ടെമ്പോ നില നിർത്താനായില്ല. എന്നാലും കാശുമുടക്കിയെത്തുന്ന സാധാരണ പ്രേക്ഷകന് പണം പോകുന്ന ചിത്രമല്ല ഇത്. ആക്ഷനും സസ്പെൻസും ട്വിസ്റ്റുകളുമൊക്കെയായി ഒരു ത്രില്ലർ കൊമേർഷ്യൽ മുവി നിങ്ങൾക്ക് ആസ്വദിക്കാം. ഉണ്ണി മകുന്ദന്റെയും സിദ്ദീഖിന്റെയും പ്രകടനം ശരിക്കും ഇടിവെട്ടായിട്ടുണ്ട്.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രമെടുക്കുകയും എബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുകയും ചെയ്ത ഹനീഫ് പ്രതീക്ഷ നിലനിർത്തി എന്നുതന്നെ പറായം. പക്ഷേ വിഷമം അവിടെയല്ല. ഒന്നാന്തരം ക്ലാസ് സിനിമയാക്കാനുള്ള വകുപ്പുകൾ ഈ പടത്തിൽ ഉണ്ടായിരുന്നു. തിരക്കഥയിൽ ചില പുതുക്കലുകൾ നടത്തിയിരുന്നെങ്കിൽ എന്ന് പടം കഴിഞ്ഞപ്പോൾ തോന്നിപ്പോയി.

വെള്ളരിക്കാപ്പട്ടണത്തിലെ അറുകൊലകൾ

അടിസ്ഥാനപരമായി ഇതൊരു പഴഞ്ചൻ കഥയാണെങ്കിലും അതിശയകരമായ ചില കഥാപരിസരങ്ങൾ ഹനീഫ് അദേനി ചിത്രത്തിൽ കൊണ്ടു വന്നിട്ടുണ്ട്. ഒരു ഗ്യാങ്ങ്സ്റ്റർ കഥക്കുള്ളിലൂടെ കടുംബ കഥയായി, അൽപ്പം സൈക്കോയായ പ്രതിനായകനുമൊക്കെയായി ചിത്രം വ്യത്യസ്തമായ കഥാപരിസരത്തിലൂടെയാണ് തുടങ്ങുന്നത്. ഒരു ഡോക്ടറുടെ പ്രതികാരം എന്ന വൺലൈനിൽ പറയാവുന്ന കഥയിൽ ആദ്യ പകുതിയിൽ ഹനീഫ് അദേനിയിലെ സ്റ്റോറി ക്രാഫ്റ്റ് പ്രകടമാണ്. ഒരു കരാട്ടെ ഗ്രൗണ്ടിൽ നടക്കുന്ന പ്രശ്നങ്ങളും തുടർന്ന് സ്‌കുളിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുണ്ടാവുന്ന സംഘട്ടനവും എങ്ങനെ കൊലപാതകപരമ്പരകൾക്ക് തുടക്കമാവുന്നുവെന്നൊക്കെ പറയുന്നിടത്ത് കഥയിലെയും തിരക്കഥയിലെയും മികവ് പ്രകടമാവുകയാണ്. പക്ഷേ പിന്നീടങ്ങോട്ട് കാര്യം മാറുകയാണ്.

ഹോളിവുഡ്ഡിലെ ഗോഡ്ഫാദർ തൊട്ടുള്ള പ്രശസ്തമായ ഗ്യാങ്ങ്സ്റ്റർ മൂവികളിലെ സ്വാധീനം ഈ ചിത്രത്തിൽ പ്രകടമാണ്. എന്നാൽ അനുകരണമല്ല താനും. പക്ഷേ രണ്ടാം പകുതിയിലേക്ക് തിരക്കഥ വികസിച്ചപ്പോൾ കഥാപരിസരം പാളി. ഒന്നാമത് നിയമവാഴ്ചയില്ലാത്ത ഒരു സ്ഥലമായി, കൊള്ളയും കൊലയും അടിക്കടി അരങ്ങേറുന്ന ഒരു ക്രിമിനൽ സിറ്റിയിൽ കഥ നടക്കന്നതുപോലെ തോന്നുന്നത് വിശ്വസനീയമല്ലാതായി. അത്രക്ക് വെള്ളരിക്കാപ്പട്ടണമാണോ കേരളം. കമ്മീഷണർ ലെവലിലുള്ള ഒരു പൊലീസുകാരനെ കൊന്ന് ഫുട്ബോൾ പോസ്റ്റിൽ കെട്ടിത്തൂക്കിയിട്ടും ആരും ചോദിക്കാനില്ലാത്ത അവസ്ഥ. ഡോക്ടറായ നായകൻ സർജിക്കൽ ബ്ലേഡ്വെച്ച് അറിഞ്ചും പൊറിഞ്ചും വീശി ആളെകൊല്ലുന്നുണ്ട്. പൊലീസിന് മാത്രം പിടികിട്ടുന്നില്ല എന്ന് മാത്രമല്ല പൊലീസും ക്രിമിനലുകൾക്ക് ഒപ്പമാണ്. ഈ സിനിമ മുന്നോട്ടുവെക്കുന്ന സാമൂഹിക വിരുദ്ധമായ ആശയവും ഇതുതന്നെയാണ്. പൊലീസും നിയമവും പൊതുസമൂഹവുമൊക്കെ അടിമുടി ക്രിമിനൽവത്ക്കരിച്ചുവെന്നും കണ്ണിന് കണ്ണ് പല്ലിന് പല്ല എന്ന രീതിയിൽ തിരിച്ചടിക്കുന്നതാണ് ആധുനിക കാലത്ത് നല്ലതെന്നും ഈ പടം അടിവരയിടുന്നു.

ഇനി ഒരു സിനിമാ കഥയല്ലേ അതിൽ വലിയ സാമൂഹിക രാഷ്ട്രീയവും നവോത്ഥാനവും ഒന്നും നോക്കേണ്ടതില്ല. പക്ഷേ ലോജിക്ക് എന്ന ഒരു സാധനം വേണ്ടേ. ഒന്നാം പകുതിയിലെ കഥയുടെ ഒഴുക്ക് രണ്ടാം പകുതിയിൽ നഷ്ടപ്പെടുകയും അവസാനമടുപ്പിച്ച് പതിവ് അടിപിടിയായി മാറുകയും ചെയ്യുന്നു. ക്ലൈമാക്സ് അടുപ്പിച്ച് ചില രംഗങ്ങളൊക്കെ കാണുമ്പോൾ ആര് ആരെയാണ് കൊല്ലുന്നതെന്നും തല്ലുന്നതെന്നും മനസ്സിലാവില്ല. അതിനു പകരം സിദ്ദീഖിന്റെ അൽപ്പം സൈക്കോ ആയ ക്രൂരനായ വ്യവസായിയുടെ വൺലൈൻ ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ 'മിഖായേൽ' വേറിട്ടൊരു സിനിമയാവുമായിരുന്നു. പകരം ഉപകഥകൾ വന്നതോടെ ചിത്രത്തിന്റെ ഫോക്കസ് വഴിമാറി. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തിന് പണിയായത്. തിരക്കഥയൊരുക്കിയ സംവിധായകൻ തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതിയും.

നായകനുവേണ്ടിയുള്ള കട്ട ഹീറോയിസം പ്രമോട്ട് ചെയ്യുന്നതിനുള്ള രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിവിൻ പോളി ഫാൻസ് ഫെസ്റ്റിവൽ. ചെറുപ്പം മുതലേ ആയോധന കലകൾ പഠിച്ചുവെന്നൊക്കെയുള്ള കഥ കാണിച്ച് യുക്തിസഹമാക്കാൻ സംവിധായകൻ ശ്രമിക്കുന്നണ്ടെങ്കിലും, നരസിംഹത്തിലെ മോഹൻലാലെന്ന രീതിയിലുള്ള ഒറ്റയ്ക്കുള്ള നിവിന്റെ ആക്ഷൻ രംഗങ്ങൾ സാധാരണ പ്രേക്ഷകർക്ക് അത്ര ദഹിച്ചിട്ടില്ല. അവർ കത്തിയെന്ന പരമ്പരാഗത വാക്കിലേ ഇവയൊക്കെ കാണൂ എന്നത് ഹനീഫ് മറന്നുപോയി.

താരങ്ങളിൽ തിളങ്ങിയത് ഉണ്ണി മകുന്ദനും സിദ്ധിഖും

വില്ലനായെത്തി നായകനോളം കീർത്തിനേടുക. ഈ പടത്തിൽ ഉണ്ണി മുകന്ദന്റെ പ്രകടനത്തെ അങ്ങനെ വിലയിരുത്താം. ക്ലൈമാക്സിലെ കണ്ടുമടുത്ത ദ്വന്ദ്വയുദ്ധത്തെമൊക്കെ ഉണ്ണി ഒരു പ്രത്യേക സ്റ്റൈലിൽ ചെയ്യുന്നുണ്ട്. പിറുപിറുക്കുന്നതുപോലത്തെ ഡയലോഗ് ഡെലിവറിയിലെ മൂർച്ചയും അവതരണത്തിലെ മിതത്വവും ശ്രദ്ധേയം. 'മസിലളിയൻ' എന്ന ടൈപ്പിൽ ഒതുങ്ങാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് മാറ്റിപ്പിടിച്ചാൽ ഈ നടൻ ശരിക്കും പൊളിക്കുമെന്ന് തോനുന്നു. പലയിടത്തും നിവിനേക്കാൾ പ്രകടനം നന്നായത് ഉണ്ണി തന്നെയാണ്.

ക്രൂരനും മാനസിക വിഭ്രാന്തികൾ ഉള്ളവനുമായ പ്രതിനായക വേഷത്തെ ഗംഭീരമാക്കുന്നുണ്ട് സിദ്ദിഖ്. എത്രയോ തവണ സിദ്ദിഖ് ആവർത്തിച്ച വേഷമായിരുന്നിട്ടുകൂടി അതിൽ ഒരു വേറിട്ട ശൈലി കൊണ്ടുവരുന്നതിലാണ് ഒരു നടന്റെ മിടുക്ക് ഇരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചലച്ചിത്രമല്ല ഇത്. നിവിന്റെ നായികയായെത്തുന്ന മഞ്ജിമ മോഹൻ എതാനും സീനുകളിൽ മാത്രമാണുള്ളത്.

നിവിന്റെ സഹോദരിയായി വന്ന പെൺകുട്ടിയുടെ പ്രസരപ്പാർന്ന പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടാണ്. ഒന്നാംതരം ക്യാമറാവർക്കും വിഷ്വൽ ട്രീറ്റ്മെന്റുമൊക്കെയുണ്ടെങ്കിലും ഇതിന്റെ പശ്ചാത്തല സംഗീതം, പ്രത്യേകിച്ചും സംഘട്ടന രംഗങ്ങളിൽ ശുദ്ധ ബോറാണെന്ന് പറയാതെ വയ്യ.

വാൽക്കഷ്ണം: മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധിയുള്ളത് തിരക്കഥയിലാണെന്ന് തോന്നുന്നു. ഈ പംക്തിയിൽ തന്നെ ഇത് എത്രയോ തവണയാണ് നല്ല വൺലൈൻ കിട്ടിയിട്ടും പ്രമേയപരമായ പടം ഉയരാത്തത് പരാമർശിച്ചതെന്ന് ഓർക്കുക. നമുക്ക് നല്ല നടന്മാരുണ്ട്, നല്ല നടികളുണ്ട്, ക്യാമറാമാനുണ്ട്, ഹോളിവുഡ്ഡ് സ്റ്റെലിൽ വേണമെങ്കിലും പടം എടുക്കാൻ അറിയുന്ന സംവിധായകർ ഉണ്ട്. ഇല്ലാത്തത് നല്ല തിരക്കഥാകൃത്തുക്കൾ മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP