Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം

45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം

എം മാധവദാസ്

കുഴപ്പമില്ല, കണ്ടിരിക്കാം തുടങ്ങിയ എവിടെയും തൊടാത്ത വാക്കുകൊണ്ട് ശരാശരി മലയാളി എന്താണോ ഉദ്ദേശിക്കുന്നത്. അതുതന്നെയാണ് കായംകുളം കൊച്ചുണ്ണിയെന്ന, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ഒറ്റ വാക്കിലുള്ള നിരൂപണം. ബ്രഹ്മാണ്ഡചിത്രത്തിന്റെ മീഡിയാ ഹൈപ്പിൽ ധംകൃതപുളകിതനായി മലയോളം പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്നയാളാണ് നിങ്ങളെങ്കിൽ സിനിമ തീരുമ്പോൾ പവനായി ശവമായി എന്ന അവസ്ഥയിലാവും. അല്ലാതെ ടൈംപാസിന് ഒരു പടം കണ്ടുകളയാമെന്ന് കരുതിയാൽ കുഴപ്പമില്ല കണ്ടിരിക്കാം. നിങ്ങളുടെ പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ലസഗുവാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ ചിത്രത്തിന്റെ ആസ്വാദനം.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. 45 കോടിയുടെ യാതൊരു കോപ്പും ഈ പടത്തിലില്ല. എന്റെ ഗോകുലം ഗോപാലേട്ടാ, പുതിയ പിള്ളാർ വെറും പത്തുകോടിക്ക് പടം തീർത്ത് തരുമായിരുന്നു. ബാക്കി പ്രളയ ദുരിതാശ്വാസത്തിന് കൊടുത്താൽ നാടിന് ഉപകാരമായേനെ. ന്തൊക്കെയായിരുന്നു തള്ളൽ. ലോകത്തര ഫോട്ടോഗ്രാഫി, ഹോളിവുഡ് സ്റ്റെൽ.. ഒന്നും കാണുന്നില്ല. ഒരു സാധാരണ ചിത്രം. പടത്തിന്റെ എറ്റവും വലിയ പ്രശ്നം എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിലുള്ള ഒന്നാം പകുതിയാണ്. ആദ്യപകുതി കൊച്ചുണ്ണി എങ്ങനെയാണ് കള്ളനായതെന്ന് നീട്ടി പരത്തി വിശദീകരിക്കയാണ്. ഒരിടത്തുപോലും ഒന്നു കൈയടിക്കാനുള്ള സ്‌കോപ്പില്ല. ഇന്റർവെൽ പഞ്ചായി മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി വരുമ്പോഴാണ് തീയേറ്റർ ഉണരുന്നത്. ഈ ഒന്നാംപകുതി ലേശം ചുരുക്കി മൂന്നുമണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യം അൽപ്പം കുറച്ചിരുന്നെങ്കിൽ കൊച്ചുണ്ണി കുറേക്കൂടി രസകരമാവുമായിരുന്നു.

രണ്ടാംപകുതിയിലാണ് സിനിമയ്ക്ക് കായംകുളം കൊച്ചുണ്ണിയുടെ സംഭവ ബഹുലമായ ജീവിതത്തിന്റെ ത്രില്ല് കിട്ടുന്നത്. മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി ഒരു കൊമേഷ്യൽ സിനിമയുടെ എല്ലാ ചേരുവകളുമുള്ള കിടിലൻ ക്രൗഡ് പുള്ളറാണ്. പക്കിയെ കാണുമ്പോഴേ കൈയടിയാണ്. ഈ ആരവം നിവിൻ പോളിക്ക് ഉണ്ടാക്കാൻ കഴിയുന്നില്ല. മാത്രമല്ല അദ്ദേഹത്തിന് എടുത്താൽ പൊന്താത്തതായാണ് കൊച്ചുണ്ണിയെ മൊത്തത്തിൽ തോനുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥയും അടിമത്തവും ദാരിദ്ര്യവുമൊക്കെ ചിത്രത്തിൽ വരുന്നുണ്ടെങ്കിലും അതൊന്നും ഉള്ളിൽ തട്ടുന്ന വിധം ഫലിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിൽനിന്ന് നാം ഇതിലേറെ പ്രതീക്ഷിച്ചിരുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങൾ ഒഴിച്ചാൽ എവിടെയും സംവിധായകന്റെ ക്രാഫ്റ്റ് കാണുന്നില്ല.

കാതലില്ലാത്ത തിരക്കഥ

ഈ ചിത്രത്തെ കുഴപ്പമില്ല എന്ന രണ്ട് വരിയിലേക്ക് ഒതുക്കുന്നതിന് റോഷൻ ആൻഡ്രൂസിനെപ്പോലെ കൂട്ടു പ്രതികളാണ്, അടുത്തകാലത്ത് ഏറ്റവും മികച്ച രചനകൾ ഒരുക്കി പേരെടുന്ന ന്യൂജൻ തിരക്കഥാ ഇരട്ടകളായ ബോബി- സഞ്ജയ് ടീമും. കായംകുളം കൊച്ചുണ്ണിയെപോലെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ, ബാഹുബലിയിലെയും മറ്റുംപോലെ നൂറുശതമാനം ഫിക്ഷന്റെ സ്വതന്ത്ര്യം എടുക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്്. പക്ഷേ പലപ്പോളും പൈങ്കിളി നിലവാരത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. യുക്തി ഭദ്രമല്ലാത്ത പാളിപ്പോയ നിരവധി രംഗങ്ങൾ ചിത്രത്തിൽ കാണാം. ഉദാഹരണമായി പൂർവ കാമുകി കൊച്ചുണ്ണിയെ ഒറ്റിക്കൊടുക്കുന്ന കാരണം നോക്കുക. ഇവർ നാടുകടത്തപ്പെടുകയും എവിടെയാണെന്ന് അറിയുകയും ചെയ്യാത്ത സാഹചര്യത്തിൽ നിർബന്ധത്തിന് വഴങ്ങി കൊച്ചുണ്ണി വിവാഹം കഴിച്ചുവെന്നതാണ് കാരണം. ഒരു സ്ത്രീ 12 പേർക്കൊപ്പം താമസിക്കുന്ന ജാതിവ്യവസ്ഥ നിലനിൽക്കുന്ന കാലമെന്ന് ചിത്രം തന്നെ സമ്മതിക്കുന്ന കാലത്താണ് ഈ 'കുലസ്ത്രീ പ്രതികാരം' വർക്കൗട്ടാവുന്നത് എന്നോർക്കണം. അതുപോലെ കൊച്ചുണ്ണി സംഘത്തിൽ ഉണ്ടാവുന്ന ഭിന്നിപ്പും കൂട്ടുകാർ കൊച്ചുണ്ണിയെ ഒറ്റുകൊടുക്കുന്നതിലും ഇതേ യുക്തിരാഹിത്യം കാണാം. സാധാരണ സഞ്ജയ് -ബോബി ചിത്രങ്ങളിൽ കാണുന്നപോലെ ചെറുതും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണങ്ങൾ ഈ പടത്തിലില്ല. ക്ലൈമാക്സിലെ അവസ്്ഥയൊക്കെ പ്രേക്ഷകർ കണ്ട് വിലയിരുത്തട്ടെ.

ഇനി തിരക്കഥയുടെ ആലസ്യം മറികടക്കാനുള്ള ചടുലമായ ആഖ്യാനങ്ങൾ സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആദ്യപകുതിയിൽ ഇതൊരു റോഷൻ ആൻഡ്രൂസ് ചിത്രമാണെന്നുപോലും തോന്നുന്നില്ല. രണ്ടാം പകുതിയിലാണ് ചിലയിടത്തൊക്കെ ഒരു സംവിധായകന്റെ മിടുക്ക് കാണുന്നത്. എന്നാൽ ഭൂരിഭാഗം രംഗങ്ങളും ഏതൊരു സാധാരണ സംവിധായകനും എടുക്കാവുന്ന രീതിയിലാണ്. പക്ഷേ പഴശ്ശിരാജ, വടക്കൻ വീരഗാഥ, 1921 തുടങ്ങിയ പഴയ പീരിയഡ് മൂവികളുടെ നിലാരത്തിലേക്ക് ഉയരുന്ന ഒറ്റ ഷോട്ടുപോലും ഈ ചിത്രത്തിലില്ല. ആ രീതിയിൽ അങ്ങേയറ്റം നിരാശാജനകമാണ് ഈ പടം എന്ന് പറയാതെ വയ്യ. ചില രംഗങ്ങൾ ശരിക്കും കത്തിയുമാണ്. നിവിൻ പോളിയുടെ പെരുമ്പാമ്പുമായുള്ള മൽപ്പിടുത്തമൊക്കെ കുറച്ച് കൂടിപ്പോയെന്നേ പറയാനാവൂ.

ചിത്രത്തിന്റെ ലൊക്കേഷൻ സെറ്റിങ്ങ്സിലും വല്ലാതെ പാളിച്ചപറ്റിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെയാണെങ്കിലും, ഇത് കേരളത്തിൽ നടക്കുന്ന കഥായാണെന്ന ഫീൽ കിട്ടുന്നില്ല. ജയരാജിന്റെ വീരം എന്ന വടക്കൻ പാട്ട് സിനിമയിലും, പൃഥിരാജിന്റെ ഉറുമിയിലും ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആർട്ട് ഡയറക്ക്ഷൻ ഒക്കെ ലോകോത്തരമാണെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും എല്ലാം സെറ്റാണെന്ന് വ്യക്തമായി പിടികിട്ടും. ഒന്നിലും സ്വാഭാവികതയില്ല. 45കോടിയൊക്കെ ചെലവിട്ടിട്ട് ഇതാണ് അവസ്ഥയെങ്കിൽ കഷ്ടം എന്ന് മാത്രമേ പറയാൻ കഴിയൂ. ഒരു കാലത്തിന്റെയും ജനസസഞ്ചയത്തിന്റെയും ചിത്രമായി ഇതിനെ തോന്നുന്നില്ല. പെട്ടെന്ന് കുറെ ആൾക്കൂട്ടം പൊട്ടിവീഴുന്നു, അപ്രത്യക്ഷരാവുന്നു. അത്രമാത്രം.

തകർത്തത് മോഹൻലാൽ; നിവിന് എടുത്താൽ പൊന്താത്ത വേഷം

ഈ പടത്തിന്റെ പ്രസരിപ്പ് സത്യത്തിൽ ലാലേട്ടൻ തന്നെയാണ്. ഒറ്റക്കണ്ണും പറ്റെവെട്ടിച്ച മുടിയും പ്രത്യേക അട്ടഹാസച്ചിരിയുമായി ഇത്തിക്കരപ്പക്കി കസറുകയാണ്. ഒരു ഹൈവേ തീഫിന്റെ എല്ലാ ചേഷ്ഠകളും ഭ്രാന്തൻ ഭാവങ്ങളും ഒപ്പം അഗാധമായ മനുഷ്യത്വവും പുലർത്തുന്ന വേഷം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. മോഹൻലാലിലെ നായകനാക്കി ഇത്തിക്കരപ്പക്കിയെ വികസിപ്പിച്ച് പുതിയൊരു ചിത്രമാക്കിയിരുന്നെങ്കിൽ അത് ഗംഭീരമായേനെ.

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി പലപ്പോഴും ഈ യുവനടന് എടുത്താൽ പൊന്താന്ത വേഷമാണ് തോനുന്നത്. എന്നാൽ സംഘട്ടനരംഗങ്ങളിലടക്കം നിവിൻ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. നിഷ്‌കളങ്കനായ ഒരു പാവം പയ്യനിൽനിന്ന് കായകുളം കൊച്ചുണ്ണിയെന്ന ആരും ഞെട്ടുന്ന കള്ളനിലേക്കുള്ള രൂപാന്തരണത്തിന്റെ വൈകാരികാംശം പൂർണമായും പ്രേക്ഷകനിലെത്തിക്കാൻ നിവിന് കഴിയുന്നില്ല. മോഹൻലാലിന്റെ കൊലമാസ് പ്രകടനത്തിനുമുന്നിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായിപ്പോയി നിവിന്റെ പ്രകടനം.( മോഹൻലാലിന്റെ കരിസ്മ അങ്ങനെയാണ്. മമ്മൂട്ടിയടക്കമുള്ള ഏത് നടനൊപ്പം മുട്ടിയാലും ഒരു പണത്തുക്കം മുന്നിൽ ലാൽ തന്നെയായിരിക്കും) ചിത്രത്തിലെ മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സണ്ണിവെയിനും ബാബു ആന്റണിയുമാണ്. പൊലീസ് ഓഫീസറുടെ വേഷം സണ്ണിയിൽ ഭദ്രമാണെങ്കിലും ബാബുആന്റണിയുടെ ചില ഡയലോഗുകൾ ടൗൺഹാൾ നാടകങ്ങളിലേതുപോലെ അരോചകമാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഈ പടത്തിൽ, ജാനകി എന്ന കീഴ്ജാതി പെൺകുട്ടിയുടെ വേഷമിട്ട പ്രിയാ ആനന്ദും പക്ഷേ നന്നായി എന്ന് പറയാവാവില്ല. 19ാംനൂറ്റാണ്ടിലെ ഒരു ശൂദ്രസ്ത്രീയുടെ ശരീരഭാഷയയല്ല, ഒരു അർബൻ സെക്സിഗേളിന്റെതാണ് ഇവരുടേത്. ഇത് മണ്ണെണ്ണയും വെള്ളവുംപോലെ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.

ഗാനങ്ങൾ ശരാശരി നിലവാരം മാത്രാമാണ് പുലർത്തുന്നത്. സീറോ സൈസ് ശരീരമുള്ള ഒരു പെൺകുട്ടിയുടെ മാദകനൃത്തവും ചിത്രത്തിന്റെ തുടക്കത്തിൽ കാണാം. അതും കാലവുമായും ചിത്രത്തിന്റെ പൊതുഘടനയുമായും തീരെ നീതിപുലർത്തുന്നില്ല. ഈ ചിത്രത്തിന്റെ ക്യാമറയെക്കുറിച്ചൊക്കെ തള്ളുകൾ ഒരു പാട് കേട്ടിരുന്നെങ്കിലും അമ്പരിപ്പിക്കുന്ന വിഷ്വൽ മാജിക്ക് ഈ ലേഖകൻ എവിടെയും കണ്ടിട്ടില്ല.

അവസാനമായി ഒരു ചോദ്യം ബാക്കിയാണ്. ഈ 45 കോടിയൊക്കെ എന്താക്കി ഗോപാലേട്ടാ...ഇത് ട്രോളാൻ പറയുന്നതല്ല. മലയാള സിനിമയൂടെ ബജറ്റ് എത്രവരെ പോകാം എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റുകൂടിയായിരുന്നു ഈ സിനിമയുടെ വാണിജ്യ വിജയം. ഒടിയൻ, കാളിയൻ, കുഞ്ഞാലിമരക്കാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഈ പടത്തിന്റെ വാണിജ്യ വിജയത്തെയാണ് നോക്കിയിരിക്കുന്നത്. അതുകൊണ്ട് ഗോപാലട്ടാ, സത്യം പറയുക. ശരിക്കും ഈ പടത്തിന് എത്ര കോടിയായി. മുമ്പ് 'പഴശ്ശിരാജ' സിനിമക്ക് താങ്കൾ പറഞ്ഞ കോടികൾ ഒന്നും ആയിട്ടില്ലെന്ന് സംവിധായകൻ ഹരിഹരൻ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചോദിച്ച് പോയതാണ്.

വാൽക്കഷ്ണം: പക്ഷേ ഈ പടം കൊണ്ടുള്ള സാമൂഹികമായ ഒരു ഗുണം കഴിഞ്ഞുപോയ കാലത്തിന്റെ കേരളീയരുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നു എന്നതാണ്. ദലിതൻ കച്ചവടം ചെയ്യുന്നതുപോലും അന്ന് ആചാരത്തിന്റെപേരിൽ സമ്മതിച്ചിരുന്നില്ല. അവന് ക്ഷേത്രപ്രവേശനം പോയിട്ട് വഴി നടക്കാനുള്ള സ്വതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. ദലിതനെ മനുഷ്യനായി കാണാത്ത ആചാര്യസംഹിതകൾക്ക് തീയിടുന്നുണ്ട് കായംകുളം കൊച്ചുണ്ണി. ആചാരങ്ങൾ സംരക്ഷിക്കാനുള്ള, കേരള നവോത്ഥാനത്തിനെതിരായ പ്രതിസമരങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത്, കുലസ്ത്രീകളൊക്കെ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്ര പ്രാകൃതമായിരുന്നെന്നും ബ്രിട്ടീഷ് നിയമം എങ്ങനെയാണ് ഹീനജാതിക്കാർക്ക് ഗുണം ചെയ്തതെന്നും ദ്യോതിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.

ചിത്രം അവസാനിക്കുന്നത് കൃത്യമായ മറ്റൊരു ഓർമ്മപ്പെടുത്തലുമായിട്ടാണ്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ കായംകുളം കൊച്ചുണ്ണിയെന്ന മുസൽമാനെ ഉപപ്രതിഷ്ഠയായി വെച്ചതിന്റെ ദൃശ്യങ്ങൾ മോഹൻലാലിന്റെ വോയ്സ് ഓവറിൽ കാണിച്ചു തരുന്നു. ദൈവത്തെ രക്ഷിക്കാനായി സമരങ്ങൾ നടക്കുന്ന നാട്ടിൽ കാണിക്കേണ്ട കാഴചതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP