Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ആർസിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; എലിമിനേറ്റർ മത്സരത്തിൽ കീഴടക്കിയത് നാല് വിക്കറ്റിന്; ആധികാരിക ജയത്തോടെ രണ്ടാം ക്വാളിഫയറിന് സഞ്ജുവും സംഘവും; പ്രതീക്ഷ കാത്ത് ജയ്‌സ്വാളും പരാഗും; വെള്ളിയാഴ്ച ഹൈദരാബാദുമായി ഏറ്റുമുട്ടും

ആർസിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; എലിമിനേറ്റർ മത്സരത്തിൽ കീഴടക്കിയത് നാല് വിക്കറ്റിന്; ആധികാരിക ജയത്തോടെ രണ്ടാം ക്വാളിഫയറിന് സഞ്ജുവും സംഘവും; പ്രതീക്ഷ കാത്ത് ജയ്‌സ്വാളും പരാഗും; വെള്ളിയാഴ്ച ഹൈദരാബാദുമായി ഏറ്റുമുട്ടും

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ആറ് തുടർ വിജയങ്ങളോടെ പ്ലേ ഓഫ് ഉറപ്പിച്ച് എലിമിനേറ്റർ പോരാട്ടത്തിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് കീഴടക്കി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിൽ. ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ ഒരോവർ ബാക്കി നിർത്തി രാജസ്ഥാൻ മറികടന്നു. യശസ്വി ജയ്‌സ്വാൾ 30 പന്തിൽ 45 റൺസെടുത്ത് ടോപ് സ്‌കോററായപ്പോൾ റിയാൻ പരാഗ് 26 പന്തിൽ 36ഉം ഹെറ്റ്‌മെയർ 14 പന്തിൽ 26ഉം റൺസെത്തു.

8 പന്തിൽ 16 റൺസുമായി റൊവ്മാൻ പവൽ പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 13 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ആർസിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ലോക്കി ഫെർഗൂസനും കാമറൂൺ ഗ്രീനും ഓരോ വിക്കറ്റെടുത്തു. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. സ്‌കോർ ആർസിബി 20 ഓവറിൽ 172-8, രാജസ്ഥാൻ 19 ഓവറിൽ 174-6.

ലീഗ് ഘട്ടത്തിൽ ആറു മത്സരം തുടർച്ചയായി വിജയിച്ച് പ്ലേഓഫിൽ കടന്ന ആർസിബിക്ക് പക്ഷേ തുടർച്ചയായ 17ാം സീസണിലും കപ്പില്ലാതെയാണ് മടക്കം. എലിമിനേറ്ററിൽ, ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്.

ആർസിബി വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് ആദ്യ രണ്ടോവറിൽ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലക് കാഡ്‌മോറും ചേർന്ന് പതിഞ്ഞ തുടക്കമാണ് നൽകിയത്. ആദ്യ രണ്ടോവറിൽ ആറ് റൺസ് മാത്രമാണ് ഇരുവരും നേടിയത്. താളം കണ്ടെത്താൻ പാടുപെട്ട കാഡ്‌മോർ ഡോട്ട് ബോളുകൾ കളിച്ച് സമ്മർദ്ദമാക്കിയപ്പോൾ മൂന്നാം ഓവറിൽ യാഷ് ദയാലിനെതിരെ 165 റൺസടിച്ച യശസ്വി ആണ് രാജസ്ഥാന്റെ സ്‌കോറുയർത്തിയത്. സിറാറ് എറിഞ്ഞ നാലാം ഓവറിൽ കാഡ്‌മോറും രണ്ട് ബൗണ്ടറി പറത്തി. പിന്നാലെ കാഡ്‌മോർ നൽകിയ അനായാസ ക്യാച്ച് ഗ്ലെൻ മാക്‌സ്വെൽ അവിശ്വസീനയമായി നിലത്തിട്ടു. യശസ്വിയും സ്ലിപ്പിൽ കാമറൂൺ ഗ്രീനിന്റെ പറക്കും ഡൈവിൽ നിന്ന് രക്ഷപ്പെട്ടു.

പവർപ്ലേയിലെ അവസാന ഓവറിൽ കാഡ്‌മോർ(15 പന്തിൽ 20) ലോക്കി ഫെർഗൂസന് മുന്നിൽ വീണു. സ്വപ്നിൽ സിംഗിനെ സിക്‌സ് അടിച്ച് തുടങ്ങിയ സഞ്ജുവും യശസ്വിയും ചേർന്ന് രാജസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിക്ക് നയിച്ചപ്പോഴാണ് കാമറൂൺ ഗ്രീനിന്റെ പന്തിൽ യശസ്വി പുറത്തായത്. 30പന്തിൽ 45 റൺസെടുത്ത യശസ്വി മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ സഞ്ജുവും വീണു. കരൺ ശർമയെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്‌സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം വൈഡ് ബോളെറിഞ്ഞ് കരൺ ശർമ തടഞ്ഞു. ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ ദിനേശ് കാർത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പന്ത്രണ്ടാം ഓവറിൽ സ്‌കോർ 100 കടന്നതിന് പിന്നാലെ വിരാട് കോലിയുടെ ഫീൽഡിങ് ബ്രില്യൻസിൽ പതിനാലാം ഓവറിൽ ധ്രുവ് ജുറെൽ റണ്ണൗട്ടായതോടെ രാജസ്ഥാൻ പതറി

അവസാന അഞ്ചോവറിൽ 57 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന രാജസ്ഥാന് വേണ്ടി റിയാൻ പരാഗും ഷിമ്രോൺ ഹിറ്റ്‌മെയറും ചേർന്ന് തകർത്തെറിഞ്ഞ കാമറൂൺ ഗ്രീനിനെതിരെ തന്നെ തകർത്തടിച്ച് ആർസിബിയുടെ പ്രതീക്ഷകൾ അടിച്ചകറ്റി. വിജയത്തിനരികെ പരാഗിനെയും(26 പന്തിൽ 36) ഷിമ്രോൺ ഹെറ്റ്‌മെയറെയും(14 പന്തിൽ 26) മടക്കി മുഹമ്മദ് സിറാജ് രാജസ്ഥാനെ ഞെട്ടിച്ചെങ്കിലും പവലും(8 പന്തിൽ 16*) അശ്വിനും ചേർന്ന് രാജസ്ഥാനെ ലക്ഷ്യത്തിലെച്ചിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാൻ, ഒരോവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ എന്നിവരുടെ ബോളിങ് മികവിലാണ് ആർസിബിയെ രാജസ്ഥാൻ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. രജത് പാട്ടീദാർ (22 പന്തിൽ 34), വിരാട് കോലി (24 പന്തിൽ 33), മഹിപാൽ ലോംറോർ (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ആർസിബിക്ക് തുണയായത്.

ഓപ്പണർമാരായ വിരാട് കോലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും (14 പന്തിൽ 17) ചേർന്ന് മികച്ച തുടക്കമാണ് ബെംഗളൂരുവിന് നൽകിയത്. അഞ്ചാം ഓവറിൽ ഡുപ്ലസിയെ പുറത്താക്കി ട്രെന്റ് ബോൾട്ടാണ് ആർസിബിക്ക് ആദ്യ പ്രഹരം നൽകിയത്. പിന്നീടെത്തിയ കാമറൂൺ ഗ്രീൻ (21 പന്തിൽ 27) കോലിക്ക് മികച്ച പിന്തുണ നൽകി. എന്നാൽ എട്ടാം ഓവറിൽ കോലിയെ ചെഹൽ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഗ്രീൻപാട്ടീദാർ സഖ്യമാണ് ആർസിബിയെ മുന്നോട്ടു നയിച്ചത്. 13ാം ഓവറിൽ ഗ്രീനിനെയും പിന്നാലെയെത്തിയ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളിൽ അശ്വിൻ പുറത്താക്കിയതോടെയാണ് ബെംഗളൂരു ഇന്നിങ്‌സിന്റെ താളം നഷ്ടപ്പെട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ വൻ സ്‌കോറിലേക്ക് ബെംഗളൂരുവിന് എത്താനായില്ല. ദിനേശ് കാർത്തിക് (13 പന്തിൽ 11) നിറംമങ്ങിയപ്പോൾ, ലോംറോർ, സ്വപ്നിൽ സിങ് (4 പന്തിൽ 9*), കരൺ ശർമ (4 പന്തിൽ 5*) എന്നിവരാണ് ആർസിബി സ്‌കോർ 170 കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP