Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

മുംബൈ ഇന്ത്യൻസിനായി ഇത്തവണ ബുമ്ര പന്തെറിയുമോ? ഇന്ത്യൻ പേസറുടെ തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്; എൻസിഎയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല; നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്

മുംബൈ ഇന്ത്യൻസിനായി ഇത്തവണ ബുമ്ര പന്തെറിയുമോ? ഇന്ത്യൻ പേസറുടെ തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്; എൻസിഎയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല; നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. ബുമ്ര പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ റിപ്പോർട്ട്. നടുവേദനയെ തുടർന്ന് 2022 സെപ്റ്റംബർ മുതൽ ബുംറ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെ ഏഷ്യാ കപ്പ്, ട്വന്റി 20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലൻഡിനുമെതിരായ നാട്ടിലെ പരമ്പരകൾ ഇപ്പോഴത്തെ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു.

എന്നാൽ ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ താരം ഉൾപ്പെടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ടെസ്റ്റ് പരമ്പരയിലേക്കോ തുടർന്ന് നടക്കുന്ന ഏകദിന പരമ്പരയിലേക്കോ സെലക്ടർമാർ ബുംറയെ പരിഗണിച്ചിട്ടില്ല. എൻസിഎയിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഓസീസ് പരമ്പരയിൽ താരത്തെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ബുമ്ര മടങ്ങിയെത്തുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂചിപ്പിച്ചിരുന്നു. എന്നാൽ ബുമ്രയെ ടീമിൽ ഉൾപ്പെടുത്താനാവില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പരിശീലന മത്സരത്തിൽ കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻസിഎ ബിസിസിഐക്ക് റിപ്പോർട്ട് നൽകിയത്.

ക്രിക്‌ബസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 ദിവസത്തിനിടെ എൻസിഎയിൽ ബുംറ ഏതാനും പരിശീലന മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇപ്പോഴും അനുമതിക്കായി കാത്തിരിക്കുകയാണ്. ബുംറയുടെ പുരോഗതി ബിസിസിഐ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം താരത്തിന്റെ ജോലിഭാരത്തിന്റെ കാര്യത്തിലും നിരീക്ഷണമുണ്ടാകും.

ജൂണിലോ ജൂലായിലോ ലണ്ടനിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തുടർന്ന് ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ബുംറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ബോർഡ് കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ട്.

ഇതോടെ മാർച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലിലാവും ഇനി ജസ്പ്രീത് ബുമ്രയെ കാണാനാവുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ ബൗളറാണ് ബുമ്ര. ഈ വർഷം ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും ഐപിഎല്ലിൽ ബുമ്ര കളിക്കുക. ഇരുപത്തിയൊൻപതുകാരനായ ബുമ്ര 30 ടെസ്റ്റിൽ 128 വിക്കറ്റും 72 ഏകദിനത്തിൽ 121 വിക്കറ്റും 60 ട്വന്റി 20യിൽ 70 വിക്കറ്റും ടീം ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 120 കളിയിൽ 145 വിക്കറ്റും സ്വന്തമാക്കി.

2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ൽ സംഭവിച്ച പരിക്കിന്റെ തുടർച്ചയായിരുന്നു ഇത് എന്ന് പരിശോധനയിൽ വ്യക്തമായി. 2022 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങൾ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ മടങ്ങിയെത്തി.

പരിക്ക് ഭേദമാക്കാത്തതിനാൽ ഏഷ്യാ കപ്പും ട്വന്റി 20 ലോകകപ്പും താരത്തിന് നഷ്ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20കളിൽ ആറ് ഓവർ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾ നഷ്ടമായ താരത്തെ ലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോർഡർ-ഗാവസ്‌കർ ട്രോഫിയും ഓസീസിനെതിരായ ഏകദിനങ്ങളും കൂടി താരത്തിന് നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP