Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരിഗണിക്കുന്നത് സമദാനിയും കെഎൻഎ ഖാദറും അടക്കമുള്ള നേതാക്കളെ; ഡോ. സുബൈർ ഹുദവിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം; പാർലമെന്റിൽ സംസാരിക്കാൻ ഭാഷ അറിയുന്നവർ വേണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം; നേതാക്കളുടെ ഭാഷാ പരിമിതി ചർച്ചയാകുമ്പോൾ

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരിഗണിക്കുന്നത് സമദാനിയും കെഎൻഎ ഖാദറും അടക്കമുള്ള നേതാക്കളെ; ഡോ. സുബൈർ ഹുദവിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം; പാർലമെന്റിൽ സംസാരിക്കാൻ ഭാഷ അറിയുന്നവർ വേണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം; നേതാക്കളുടെ ഭാഷാ പരിമിതി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഡോ. സുബൈർ ഹുദവിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട ഭാഷാ പരിമിതി ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിക്കുന്നത്. പാർലമെന്റിൽ പോയി സംസാരിക്കണെമെങ്കിൽ ഭാഷ അറിയുന്നവർ വേണമെന്നതാണ് പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കുന്ന മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൽ നിന്നും പ്രധാനമായും ഉയർന്നു കേൾക്കുന്നത് അബ്ദു സമദ് സമദാനി, കെഎൻഎ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ.എൻ ശംസുദ്ദീൻ എന്നിവരുടെ പേരുകളാണ്. ഇതിൽ തന്നെ പാർലമെന്റിൽ പ്രവർത്തന പരിചയമുള്ള സമദാനിയുടെ പേരിനാണ് മുൻതൂക്കം. മറ്റുള്ളവരെ സംബന്ധിച്ച് ഭാഷാപരമായും ദേശീയരാഷ്ട്രീയത്തിലെ അറിവും അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു. എന്നാൽ പഴയ നേതാക്കളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് ലീഗിലും എംഎസ്എഫിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുബൈർ ഹുദവിയുടെ പേര് ഉയർത്തുന്നത്.

ദേശീയ രാഷ്ട്രീയത്തെ കുറിച്ച് പ്രത്യേകിച്ച് ദേശീയ തലത്തിൽ മുസ്ലിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ള ആളുകളെയാകണം ഉപതരെഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിപ്പിക്കേണ്ടത് എന്നാണ് അണികൾക്കിടയിലെ സംസാരം. ഇ അഹമ്മദിന്റെ നിര്യണാത്തിന് ശേഷം അദ്ദേഹത്തിന്റെ പകരക്കാരനായി പാർലമെന്റിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷിച്ച മികവ് കാട്ടാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം മുസ്ലിം ലീഗിനുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. അതിന് കാരണമായി അവർ പറയുന്നത് ഭാഷാപരമായ അദ്ദേഹത്തിന്റെ പരിമിതിയാണ്.

പരിമിതികൾ മറികടക്കാൻ ഒരു സ്ഥാനാർത്ഥിയെ പാർട്ടി പ്രവർത്തകർ തന്നെ പരിചയപ്പെടുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചില മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രൊഫൈലുകളിൽ കാണാനാകുന്നത്. സുബൈർ ഹുദവിയെന്ന മതപണ്ഡിതനെ പാർലമെന്റിലേക്ക് അയക്കണമെന്നാണ് പ്രവർത്തകർ പറയുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഡോ. സുബൈർ ഹുദവിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിംലീഗ് പ്രവർത്തകരാണ് സമൂഹമാധ്യമങ്ങൾ വഴി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സുബൈർ ഹുദവി. മുസ്ലിം ലീഗിലെ ഇപ്പോഴുള്ള എല്ലാ നേതാക്കളെക്കാളും നന്നായി ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും പ്രഭാഷണമേഖലയിലും അക്കാദമിക മേഖലകളിലും സുബൈർ ഹുദവിയുടെ മികവുമാണ് അദ്ദേഹത്തിന് വേണ്ടി സമ്മർദ്ദം ചെലുത്താൽ പ്രവർത്തകരെ പ്രേരിപ്പിച്ചി്ട്ടുള്ളത്. മാത്രവുമല്ല ഉത്തരേന്ത്യയിലടക്കം പ്രവർത്തിച്ചുള്ള പരിചയവും വിവിധ ന്യൂനപക്ഷ മത - സംഘടനാ നേതാക്കളുമായുള്ള അടുത്ത ബന്ധവുമുള്ള സുബൈർ ഹുദവിയുടെ സാന്നിധ്യം ദേശീയ തലത്തിൽ ലീഗിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വേണ്ടി വാദിക്കുന്നവർ അവകാശപ്പെടുന്നത്. നിലവിൽ രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും സുബൈർ ഹുദവിക്ക് മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.

കുഞ്ഞാലിക്കുട്ടി രാജിവെച്ചതിലും ഉപതരെഞ്ഞടുപ്പിന് സാഹചര്യമൊരുക്കിയതുമെല്ലാം പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. അധികാരക്കൊതിയാണ് കുഞ്ഞാലിക്കുട്ടിയെ രാജിവെക്കാൻ പ്രേരിപ്പിച്ചത് എന്ന തരത്തിലുള്ള പ്രചരണം എതിർപാർട്ടികൾ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാർട്ടി ഉറപ്പായും ജയിക്കുന്ന മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ പുതിയൊരാളെ മത്സരിപ്പിക്കണമെന്ന നിർദ്ദേശവുമായി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.ഉത്തരേന്ത്യയിലെ മുസ്ലിം വിഭാഗത്തിനിടയിൽ പ്രവർത്തിച്ച് പരിചയമുള്ള സുബൈർ ഹുദവി എന്തകൊണ്ടും പാർലമെന്റിലേക്ക് മത്സരിക്കാൻ യോഗ്യനാണെന്നും അദ്ദേഹത്തിന് പാർലമെന്റിൽ മുസ്ലിം ലീഗിന്റെ ശബ്ദമുയർത്താൻ കഴിയുമെന്നും പ്രവർത്തകർ പറയുന്നു.

അതേസമയം, പാർലമെന്ററി മോഹമില്ലെന്നും ഇപ്പോൾ തുടരുന്ന വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യാനാണ് താല്പര്യമെന്നും സുബൈർ ഹുദവി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ മാത്രമാണ് ആഗ്രഹം, തീരുമാനവും. ദാറുൽ ഹുദയുടെ ശിൽപികൾ കാണിച്ചു തന്ന മാർഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കണം. പാർലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങാൻ മോഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന പ്രവർത്തനങ്ങളിൽ സർവ്വരുടേയും പിന്തുണയും പ്രാർത്ഥനയും തേടുന്നു. എന്നാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളോട് അദ്ദേഹം പ്രതികരിച്ചത്.

മലപ്പുറത്ത് മറ്റ് പ്രധാനപ്പെട്ട പാർട്ടികളൊന്നും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെങ്കിലും എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി തസ്ലീം റഹ്മാനിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി. ഉത്തരേന്ത്യൽ പ്രവർത്തന പരിചയമുള്ള അദ്ദേഹത്തെ സിഎഎ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപോരാളിയായാണ് എസ്ഡിപിഐ മലപ്പുറത്ത് അവതരിപ്പിക്കുന്നത്. സിഎഎ, എൻആർസി നിയമങ്ങൾക്കെതിരെ ശ്ക്തമായ സമരങ്ങൾ നടന്ന മലപ്പുറത്ത് ആ പേരിൽ കുറച്ച് വോട്ട് സമാഹരിക്കാനാകുമെന്നാണ് എസ്ഡിപിഐ കണക്ക് കൂട്ടുന്നത്. നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണവും ആരംഭിച്ചിട്ടുണ്ട് എസ്ഡിപിഐ. സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ മണ്ഡലത്തിലാകെ നിറഞ്ഞു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP