Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സ്വന്തംപേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 15ലക്ഷത്തിന് മുകളിൽ; രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചു ഗായിക യുംന അജിന്റെ ആരാധകരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവർ; മലയാളികൾ ഇനിയും തിരിച്ചറിയാനുണ്ട് ഈ ഗായികയെ

സ്വന്തംപേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 15ലക്ഷത്തിന് മുകളിൽ; രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചു ഗായിക യുംന അജിന്റെ ആരാധകരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവർ; മലയാളികൾ ഇനിയും തിരിച്ചറിയാനുണ്ട് ഈ ഗായികയെ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വന്തംപേരിലുള്ള യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 15ലക്ഷത്തിന് മുകളിൽ. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കൽ റിയാലിറ്റിഷോയായ സീ.ടി.വിയിലെ പരിഗമപ ലിറ്റിൽ ചാമ്പ്യൻഷിപ്പിലൂടെ 2017ൽ രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ കൊച്ചുമിടുക്കി. മലപ്പുറം വേങ്ങരക്കാരിയായ 14കാരിയായ യുംന അജിന്റെ ആരാധകരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവർ. ബോസ്‌നിയയിൽ നടക്കുന്ന ഇന്റർനാഷണൽ ഇസ്ലാമിക് ഇവന്റ്, ഒക്‌ടോബർ ഒമ്പതിന് ഇസ്രയേലിൽ പ്രോഗ്രാം എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് യൂംന. ഇവിടങ്ങളിലേക്കെല്ലാം യുംനയെ ക്ഷണിക്കാനുണ്ടായ കാരണം സ്വന്തംപേരിലുള്ള യൂട്യൂബ് ചാനലിലെ വീഡിയോഗാനങ്ങൾ കണ്ടാണ്. ഇതിനിടെ ഷൂട്ടിങ് കഴിഞ്ഞ ബോളിവുഡ് സിനിമയിൽ ഗാനം ആലപിക്കുകയും ചെയ്തുകഴിഞ്ഞു.

ഹിന്ദിയിലും, അറബിയിലും യുംനപാടിയ ഗാനങ്ങൾ യഥാർഥ ഗായകരെ പോലും അത്ഭുതപ്പെടുത്തിയപ്പോൾ മലയാളിൽ ഇപ്പോഴും വേണ്ടത്ര പരിഗണന യുംനക്ക് ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. മൂന്നാംവയസ്സു മുതൽ തന്നെ സംഗീത ഷോകളിലൂടെ വിസ്മയം കാണിച്ചു തുടങ്ങിയ ഈ ഒമ്പതാംക്ലാസുകാരി കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമാലിലൂടെയാണ് സംഗീത രംഗത്തേക്ക് ചുവട്‌വെച്ചത്. അന്ന് മൂന്നു വയസ്സുമാത്രമായിരുന്നു. പിന്നീട് 2015 ൽ പത്തുവയസ്സുള്ളപ്പോൾ സോണി ടി.വിയിലെ ഇന്ത്യൻ ഐഡോൾ ജൂനിയറിലും പങ്കെടുത്തു. ഇന്ന് യുംന സംഗീതവേദികളിലും ആൽബങ്ങളിലും യൂട്യൂബിലും ഒരുപോലെ മികവുറ്റ പ്രകടനം കാഴ്‌ച്ചവെച്ച് മുന്നേറുകയാണ്് 15ലക്ഷം കവിഞ്ഞ യൂട്യൂബ് ചാനലിന്റെ ഉടമകൂടിയാണ് ഈ കൊച്ചുമിടുക്കി. ഇന്ന് യൂട്യൂബ് ചാനലിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് മാത്രമാണ് ആഴ്ചയിൽ പുതിയ പാട്ടുകൾ അപ്‌ലോഡ് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്.

യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ യുംന തിളങ്ങുന്നത്. ഇതിലെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണെന്നതാണ് വസ്തുത. ഇത്രയും പ്രായം കുറഞ്ഞ ഒരു വ്യക്തിയുടെ പേരിലുള്ള യൂട്യൂബ് ചാനലിന് കേരളത്തിൽ ഇത്രയധികം സബ്‌സ്‌ക്രൈബേഴ്‌സ് വേറെയില്ല. എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റേയും മമ്മൂട്ടി, പ്രകാശ് ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം യു.എ.ഇയിലെ വേദിയിൽവെച്ചുപാടി യൂട്യൂബിലൂടെ കണ്ടത് മൂന്നുകോടിയോളംവരുന്ന ആളുകളാണ്. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം വേദികളിൽപാടിക്കഴിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, അറബി ഭാഷകളിലെ പോപ്, ക്ലാസിക്കൽ, ബോളിവുഡ്, ഫോക്ക്, ഗസൽ, സൂഫി തുടങ്ങിയ എല്ലാ സംഗീത ശാഖകളിലേയും പാട്ടുകളും യുംന അനായാസം പാടും.

ഇന്ത്യയിലെ സംഗീത റിയാലിറ്റി ഷോ ആയ സീ ടിവി സരിഗമപ ലിറ്റിൽ ചാംമ്പ്യൻഷിപ്പിൽ 2017 -ലെ റണ്ണർ അപ്പ് കരസ്ഥമാക്കിയ ഈ യുവ ഗായിക അന്ന് മൊത്തം 40 സിംഗിൾ പാട്ടുകൾ പാടിയപ്പോൾ 28 എണ്ണത്തിനും 100 മാർക്ക് വാങ്ങി. ഇത് യുംനക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇതിന് പ്രത്യേക പുരസ്‌കാരവും യുംനക്ക് ലഭിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തിയപ്പോൾ കേരളക്കാരിയായ ഈ കൊച്ചുമിടുക്കിയെ വേണ്ട രീതിയിൽ നമ്മൾ മലയാളികൾ ശ്രദ്ധിക്കാതെ പോയതും തിരിച്ചടിയായി.

ഹിന്ദി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കരുത്തു തെളിയിച്ച മലയാളികൾ കുറവാണ്. എന്നാൽ, ഉത്തരേന്ത്യക്കാർ കൈയടക്കിയ ഈ വേദികളിൽ വീറോടെ പോരോടി വിജയം വരിച്ചവരുടെ കൂട്ടത്തിൽ എടുത്തുകാണിക്കാവുന്ന പേര് യുംനയുടേത് തന്നെയാണ്. സംഗീത ചക്രവർത്തി സാക്ഷാൽ എ ആർ റഹ്മാന് മുന്നിൽ ഗാനം ആലപിച്ച് അദ്ദേഹത്തിന്റെ കൈയടി നേടാനും സാധിച്ചു യുംനക്ക്. റഹ്മാന് ഓസ്‌കാർ അവാർഡ് നേടിക്കൊടുത്ത ജയ്ഹോ ഗാനം ആലപിച്ചാണ് യുംന പ്രശംസ നേടിയത്. റഹ്മാനും യുംനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ പ്രോത്സാഹനവും നൽകി. പാട്ടിനു ശേഷം വിശേഷങ്ങൾ തിരക്കി റഹ്മാൻ മിടുക്കി ആയി വരട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു അദ്ദേഹം. ഗസൽ, ഹിന്ദി ക്ളാസിക്കൽ, പാശ്ചാത്യ സംഗീതം എന്നീ വിഭാഗങ്ങളിലും വളരെയേറെ മികവാണ് യുംന പുലർത്തുന്നത്.

ബോളിവുഡ് താരങ്ങളും മറ്റും അതിഥിയായിവന്നിരുന്ന സംഗീത ഷോയിൽ സൽമാൻ ഖാൻ അടക്കമുള്ള പ്രമുഖർക്ക് മുമ്പിൽ സങ്കോചങ്ങൾ ഏതുമില്ലാതെ യുംന പാട്ടുകൾ പാടുകയും ഇവരുടെ അഭിനന്ദനങ്ങളും ഈ മലപ്പുറത്തുകാരി കൊച്ചു മിടുക്കി സ്വന്തമാക്കി.
കേരളത്തിന് പുറത്തുനിന്നാണ് കൂടുതൽ പ്രോഗ്രാമുകൾക്ക് ക്ഷണിക്കുന്നതെന്ന് യുംനയുടെ മാതാവ് ഫാസിന മറുനാടൻ മലയാളിയോട് പറഞ്ഞു. വിളിക്കുന്ന എല്ലാപ്രോഗ്രാമുകളിലും പങ്കെടുക്കാൻ കഴിയാറില്ല. നല്ലപ്രോഗ്രാമുകൾ നോക്കിമാത്രമാണ് നിലവിൽ പങ്കെടുക്കാൻ കഴിയാറുള്ളുവെന്നും ഇവർ പറഞ്ഞു.

മലപ്പുറം വേങ്ങര സ്വദേശിനിയാണ് 14കാരിയായ യുംന തിരൂർ ഫാത്തിമമാതാ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്. പാട്ടിൽ മിടുക്കിയായ യുംനയ്ക്ക് മാതാപിതാക്കൾ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ട്. പിതാവ് അജിൻ ബാബുഎവിടേക്കാണെങ്കിലും യുംനയുടെ കൂടെയുണ്ടാകും. സഹോദരിയും അഞ്ചാംക്ലാസുകാരിയുമായ സെല്ല മെഹകും സംഗീതത്തോട് അഭിരുചി കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഇവളേയും യുംനയുടെ വഴിയെ എത്തിക്കാനും മാതാപിതാക്കൾ ആലോചിക്കുന്നുണ്ട്. സഹോദരി റിത്യ അജിനും ബി.എസ്.സി നഴ്‌സിംഗിന് പഠിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP