Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരം: മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുൾക്കൊള്ളുന്ന നടപടി; അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നു; സംഘപരിവാറിനെ വിമർശിച്ചാൽ പാഠം പഠിപ്പിക്കുമെന്ന ഭീഷണി; മാധ്യമവിലക്കിനെതിരെ മുഖ്യമന്ത്രി

വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരം: മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുൾക്കൊള്ളുന്ന നടപടി; അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നു; സംഘപരിവാറിനെ വിമർശിച്ചാൽ പാഠം പഠിപ്പിക്കുമെന്ന ഭീഷണി; മാധ്യമവിലക്കിനെതിരെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന ഉൾക്കൊള്ളുന്ന നടപടിയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.

മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുൾക്കൊള്ളുന്ന നടപടിയാണ്; അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നു; മര്യാദയ്ക്കു പെരുമാറിക്കോളണം എന്ന ഭീഷണിയുമാണ്.

സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആർഎസ്എസിനെ വിമർശിച്ചാൽ, സംഘപരിവാറിനെ വിമർശിച്ചാൽ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തിൽ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊൽപ്പടിക്കു നിർത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ. അത്തരം സമീപനം തുടർച്ചയായി പാർലമെന്റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളിൽ കണ്ടു.

സത്യസന്ധമായ റിപ്പോർട്ടിൽ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്കുമുന്നിൽ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്റെ അജണ്ട. ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടൽ ശേഷി നശിപ്പിക്കുകയോ അതല്ലെങ്കിൽ അവയെ വരുതിയിൽ നിർത്തുകയോ ചെയ്യുക എന്ന തന്ത്രം സംഘപരിവാർ ഭരണത്തിൽ വന്നതുമുതൽ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് മാധ്യമങ്ങൾക്കുമേൽ കൈവെയ്ക്കുന്നത്.

ആർഎസ്എസിനെയും ഡെൽഹി പൊലീസിനെയും വിമർശിച്ചു എന്നതാണ് വിലക്കിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരും വിമർശനത്തിന് അതീതരല്ല. ആർഎസ്എസിനെ വിമർശിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാവുക? ഏതൊരു പൗരനും സ്വന്തം അഭിപ്രായം നിർഭയമായി പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ആർഎസ്എസ് വിശുദ്ധ സംഘടനയാണ് എന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്?

പേടിപ്പിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള നീക്കം മാധ്യമങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാർ നടത്തുന്നത് ഇതാദ്യമല്ല. മാധ്യമങ്ങളെ പലതരത്തിൽ ആക്രമിക്കുന്ന പ്രവണത അടിക്കടി ഉണ്ടാകുന്നുണ്ട്. ഇവിടെ രണ്ടു ചാനലുകൾക്ക് വിലക്ക് വന്നപ്പോൾ മാധ്യമപ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഉടമകൾ അടങ്ങുന്ന സംഘടനകളുടെ പ്രതിഷേധസ്വരം പൊതുവേദിയിൽ ഉയർന്നു കേട്ടില്ല. സാധാരണനിലയിൽ പല കാര്യങ്ങളിലും ആവേശപൂർവ്വം പ്രതികരിക്കാറുള്ള ഈ സംഘടനകൾ ഇക്കാര്യത്തിൽ പാലിച്ച മൗനം ശരിയായോ എന്ന് അവർ തന്നെ ആലോചിക്കേണ്ടതാണ്.

രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. റിപ്പോർട്ട് ചെയ്യാനുള്ള അവകാശവും ചുമതലയും മാധ്യമങ്ങൾക്കുമുണ്ട്. ഇതു രണ്ടും വിലക്കപ്പെടുന്നത് ഏതു തരത്തിലായാലും ജനാധിപത്യ നിഷേധമാണ്. അതുകൊണ്ട് ഇത്തരം തെറ്റായ നടപടികൾ പുനഃപരിശോധിക്കുകയും മാധ്യമങ്ങളെ സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP