Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തും; പ്രൈസ് കൂപ്പർ അടങ്ങിയ ഇടപാടുകൾ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിർണ്ണായകം; സ്വപ്നയെ ഫോൺ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തും; പ്രൈസ് കൂപ്പർ അടങ്ങിയ ഇടപാടുകൾ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിർണ്ണായകം; സ്വപ്നയെ ഫോൺ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺസുലേറ്റിലേക്ക് വന്ന ബാഗിൽ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രവറ്റ് സെക്രട്ടറി എം ശിവശങ്കറും പ്രതിയാകും. സ്വപ്‌നാ സുരേഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും എൻ ഐ എ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വപ്‌നാ സുരേഷുമായി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കും. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടതിനു പുറമേ, പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യുസി) ഇമൊബിലിറ്റി കൺസൽറ്റൻസി കരാർ ലഭിച്ചതിനെക്കുറിച്ചും അതിൽ എം. ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും.

സ്വർണക്കടത്തിനെക്കുറിച്ച് എൻഐഎ നടത്തുന്ന അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉൾപ്പെടുത്തിയാൽ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട എൻഐഎ അന്വേഷണം ശിവശങ്കറിൽ ഒതുങ്ങുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്നാൽ അതിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോകുമെന്നാണ് സൂചന. അതിനിടെ സ്പ്രിങ്ലർ അടക്കമുള്ള ഇടപാടുകൾ അന്വേഷിക്കാനുള്ള സാധ്യതയുമുണ്ട്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് വിശദീകരിച്ചിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തീവ്രവാദമാണ്. അതീവ ഗൗരവകരമായ ഈ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുന്നതിന്റെ സൂചനയാണ്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ എൻഐഎ, കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. കേസിൽ കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലുള്ള പി.എസ്. സരിത് ആണ് ഒന്നാം പ്രതി, സ്വപ്ന പ്രഭാ സുരേഷ് രണ്ടാം പ്രതി, എറണാകുളം സ്വദേശി ഫസിൽ ഫരീദ് മൂന്നാം പ്രതിയും തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ നാലാം പ്രതിയുമാണ്. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനേയും കേസിൽ പ്രതിയാക്കും. അങ്ങനെ വന്നാൽ ശിവശങ്കറിന് ജയിലിൽ പോകേണ്ടി വരും. യുഎപിഎ കേസായതു കൊണ്ടു തന്നെ ദീർഘകാലം ജയിലിൽ കിടക്കേണ്ടിയും വരും. എന്നാൽ സ്വപ്‌നയുടെ മൊഴിയാകും നിർണ്ണായകം. അതിനിടെ സ്വപ്‌നാ സുരേഷിനെ ഇനിയും കണ്ടെത്താനാവാത്തതും ആശങ്കയാണ്.

അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളം, മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം. പ്രതികളുടെ ഒരു വർഷത്തെ ഫോൺകോൾ വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് എൻഐഎ ശേഖരിച്ചു. പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലർത്തിയിരുന്ന എല്ലാവരിൽനിന്നും മൊഴിയെടുക്കും. കള്ളക്കടത്തിൽ പങ്കില്ലാത്തവർ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരിൽ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും. ഇതിൽ പല ഉന്നതരും ഉണ്ട്. ചാനൽ മേധാവികൾ പോലും എൻ ഐ എ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും,

സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങൾ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജൻസികളായ ഐബി, റോ എന്നിവയും കേന്ദ്രത്തെ അറിയിച്ചത്. നയതന്ത്ര പാഴ്‌സൽ വഴി ഇത്ര വലിയ തോതിൽ സ്വർണം കയറ്റിവിടാൻ ശേഷിയുള്ള സ്വർണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് അവരുടെ വിലയിരുത്തൽ. സ്വർണം ഒളിപ്പിച്ച പാഴ്‌സൽ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളിൽ പ്രതികൾ നടത്തിയ 15 ഫോൺ കോളുകൾ പരിശോധിച്ചു. 3 വിളികൾ വിദേശത്തേക്കായിരുന്നു. ഈ ഫോൺ വിളികൾ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എൻഐഎയെ ഏൽപിക്കാൻ കാരണമായി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച സ്വപ്‌നയുടെ ജാമ്യ ഹർജി കോടതി തള്ളുമെന്ന് തന്നെയാണ് സൂചന. സ്വപ്നയ്ക്കു മുൻകൂർ ജാമ്യം നൽകുന്നതിനെ എൻഐഎയുടെ അഭിഭാഷകനും എതിർത്തു. എൻഐഎ കേസെടുത്ത സാഹചര്യത്തിൽ എഫ്ഐആറിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്കു മറുപടി നൽകാൻ സമയം വേണമെന്നും സ്വപ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നു ജസ്റ്റീസ് അശോക് മേനോൻ സ്വപ്നയുടെ ഹർജി വിശദമായ വാദത്തിനു 14 ലേക്കു മാറ്റി.

തീവ്രവാദ കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ എൻഐഎ കോടതിയാണ് പരിഗണിക്കുകയെന്നും ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഡൽഹിയിൽനിന്നു വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശ് വാദിച്ചു. യുഎപിഎ (അൺലോഫുൾ ആ ക്ടിവിറ്റീസ് പ്രിവന്റേഷൻ ആക്ട്) സെക്ഷൻ 21 (4) പ്രകാരം ഹൈക്കോടതിക്ക് അപ്പീൽ അധികാരമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP