Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഈ കുട്ടി നിരന്തരമായി പറയുന്നത് ചീത്തവാക്കുകൾ മാത്രം; ശകാരിച്ചിട്ടും തല്ലിയിട്ടും യാതൊരു മാറ്റവും ഇല്ല; ഇനി എന്തുചെയ്യും? കുട്ടികൾ ചീത്തവാക്കുകൾ പറയുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്താണ്; കോവിഡ് കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അൽപ്പം ശ്രദ്ധയാവാം

ഈ കുട്ടി നിരന്തരമായി പറയുന്നത് ചീത്തവാക്കുകൾ മാത്രം; ശകാരിച്ചിട്ടും തല്ലിയിട്ടും യാതൊരു മാറ്റവും ഇല്ല; ഇനി എന്തുചെയ്യും? കുട്ടികൾ ചീത്തവാക്കുകൾ പറയുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്താണ്; കോവിഡ് കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അൽപ്പം ശ്രദ്ധയാവാം

എം ബേബി

ലോക്ഡൗൺ ഔദ്യോഗികമായി കഴിഞ്ഞെങ്കിലും ഈ കോവിഡ് കാലത്ത് കേരളത്തിലടക്കം പൊതുജീവിതം ഇപ്പോഴും സാധാരണ നിലയിൽ എത്തിയിട്ടില്ല. ഡേ സ്‌കൂളുകളും കിന്റർ ഗാർഡനുകളുമെല്ലാം അടഞ്ഞ് കിടക്കുന്നതാൽ കുട്ടികൾ ഇപ്പോഴും വീട്ടിൽ തന്നെയാണ്. ആ സമയത്ത് നിങ്ങൾക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ കൂടി അൽപ്പം ശ്രദ്ധിക്കാം. പലരും പരാതിയാണ് ചില കുട്ടികൾ നിരന്തരമായി ചീത്തവാക്കുകൾ പറയുന്നത് എന്നത്. എന്താണ് ഇതിന് പോംവഴി.

'മ' എന്ന അക്ഷരം പറഞ്ഞ് തുടങ്ങുന്നു

കുഞ്ഞുങ്ങൾ ജനിക്കുന്ന നിമിഷം മുതൽ അവർ ഭാഷ പഠിക്കാൻ തുടങ്ങുന്നുണ്ട്. ചുറ്റുമുള്ളവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ടാണ് അവർ വളരാൻ തുടങ്ങുന്നത്. 'മ' എന്നക്ഷരം പറഞ്ഞു തുടങ്ങുന്ന അവരുടെ പദസഞ്ചയം ക്രമേണ കൂടിവരികയും കൂടുതൽ വാക്കുകളിലൂടെ കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

കുഞ്ഞുകുട്ടികളുടെ വർത്തമാനം കേട്ടുകൊണ്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അവർ നിഷ്‌കളങ്കമായി കൊഞ്ചി പറയുന്നത് പാരന്റ്സ് മാത്രമല്ല ആസ്വദിക്കുന്നത്. എന്നാൽ കുഞ്ഞുങ്ങൾ മൂന്നോ നാലോ വയസ്സിലേക്കെത്തുമ്പോൾ ചീത്തവാക്കുകൾ പറയാൻ തുടങ്ങുകയും അത് കേട്ട് പാരന്റ്സ് അതിയായി ലജ്ജിക്കുകയും ചെയ്യും. ഒരിക്കൽ എന്തെങ്കിലും ചീത്തവാക്കുകൾ കുട്ടികൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, പിന്നീട് പാരന്റ്സ് ആകെ അസ്വസ്ഥരായിരിക്കും. ഇതേ വാക്കുകൾ ഇനി എവിടെ എപ്പോൾ ആരുടെ മുന്നിലാണാവോ മക്കൾ ആവർത്തിക്കുക എന്ന ചിന്ത പാരന്റ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.

എങ്ങനെയാണ് കുട്ടികൾ ചീത്തവാക്കുകൾ പഠിക്കുന്നത്

സാധാരണഗതിയിൽ കുട്ടികൾ ചീത്തവാക്കുകൾ പഠിക്കുന്നത് അവരുടെ ചുറ്റുപാടുമുള്ള മുതിർന്നവരിൽ നിന്നു തന്നെയാണ്. പക്ഷേ, എപ്പോഴും മുതിർന്നവരെ പഴിചാരാനും പറ്റില്ല. സമപ്രായക്കാരിൽ നിന്നുമാകാം. അവർക്ക് എവിടെനിന്നു കിട്ടി? ദേഷ്യവും വെറുപ്പും നിയന്ത്രിക്കാനാകാതെ വരുമ്പോൾ മുതിർന്നവർ പ്രകടിപ്പിക്കുന്ന ഭാഷയിൽ നിന്നുതന്നെ. ഇപ്പോഴത്തെ കുട്ടികൾ ടെലിവിഷനും ഇന്റർനെറ്റിനും മുന്നിൽ ഏറെനേരം ചെലവഴിക്കുന്നവരാണ്. സഭ്യതയ്ക്കു നിരക്കാത്ത നിരവധി വാക്കുകൾ ഈ രീതിയിലും ലഭിക്കുന്നുണ്ടല്ലോ.

ദൈനംദിന ഭാഷയിൽ നിന്ദിച്ചുകൊണ്ടുള്ള ഒരു വാക്കെങ്കിലും കുട്ടികൾ പറയുന്നു എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. രണ്ടുവയസ്സു മുതൽ അസഭ്യമായ ഒരു വാക്കെങ്കിലും ഒരു കുട്ടി പഠിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.മറ്റുള്ളവരെ നിന്ദിച്ചുകൊണ്ട് ചീത്തവാക്കുകൾ പറയുന്നതിന് കുട്ടികളുടെ പക്ഷത്ത് നിരവധി വ്യത്യസ്ത കാരണങ്ങളുണ്ടാകാം. ചില കൂട്ടുകെട്ടുകളിൽ ചീത്ത വാക്കുകൾ ഉപയോഗിക്കുന്നവരാണ് ഉള്ളതെങ്കിൽ അവർക്കിടയിലെ സാധാരണ സംഭാഷണങ്ങളിലും അസ്വാഭാവികതയോടെ ഇത്തരം വാക്കുകൾ പറഞ്ഞുപോകും. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയും, ഒരു രസത്തിനു വേണ്ടിയും, മറ്റുള്ളവരെ അനുകരിച്ചുകൊണ്ടും, മറ്റുള്ളവരുടെ മനസ്സിനെ മനഃപ്പൂർവ്വം വിഷമിപ്പിക്കുന്നതിനു വേണ്ടിയുമൊക്കെയാണ് കുട്ടികൾ ചീത്തവാക്കുകൾ പറയുന്നത്. എന്നാൽ ആ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ ഇതൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് കുട്ടികൾക്ക് മനസ്സിലായിക്കോളും.

ക്ഷോഭിക്കാതെ ശാന്തരായി കാര്യം പറഞ്ഞുകൊടുക്കുക

കുട്ടികൾ ചീത്തവാക്കുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നത്? ഈ ദുശ്ശീലം അവരിൽ നിന്ന് മാറ്റിയെടുക്കണമെന്നാണോ, ഇതൊന്നും ഒരു പ്രശ്നമല്ല തുടർന്നോട്ടെ എന്നാണോ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്? നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് ഇവിടെ പറയാം.

കുട്ടികൾ ചീത്തവാക്കുകൾ പറയുന്നത് കേൾക്കുമ്പോൾ അമിതമായി ക്ഷോഭിക്കുകയോ, അവരുടെ ഈ സ്വഭാവത്തെക്കുറിച്ചോർത്ത് മനസ്സ് വിഷമിപ്പിക്കുകയോ അല്ല വേണ്ടത്. വളരെ ശാന്തമായിട്ട് അവരോട് പറഞ്ഞു കൊടുക്കുക ഇങ്ങനെയൊന്നും ഈ പ്രായത്തിൽ പറയാൻ പാടില്ല. വളരെ മോശപ്പെട്ട കുട്ടിയായേ മറ്റുള്ളവർ നിന്നെ കാണൂ. അവർ ഉപയോഗിച്ച വാക്കിന് പകരം പറയാവുന്ന നല്ല ഒരു വാക്ക് പറഞ്ഞുകൊടുത്തുകൊണ്ട് കുട്ടിയോട് പറയുക 'ഇങ്ങനെ പറഞ്ഞാലും പോരേ, ആ വാക്ക് ഇനി ഉപയോഗിക്കരുത്.'

കുട്ടികളുടെ വായിൽ നിന്ന് ചില നേരങ്ങളിൽ വരുന്ന വാക്കുകൾ കേട്ട് ക്ഷോഭിക്കുന്നതോടൊപ്പം അവരെ ശിക്ഷിക്കുക കൂടി ചെയ്യുന്നവരാണ് മിക്ക പാരന്റ്സും. എന്നാൽ ആ പെരുമാറ്റത്തിലൂടെ കുട്ടി മനസ്സിലാക്കുന്നത് എന്താണെന്നോ, 'പാരന്റ്സിനെ പ്രകോപിപ്പിക്കാൻ നല്ല മാർഗ്ഗം ഈ വാക്കുകൾ പറയുന്നതാണല്ലോ' എന്നായിരിക്കും. ശകാരിച്ചതുകൊണ്ടോ അടിച്ചതുകൊണ്ടോ ഈ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. തൽക്കാലത്തേക്ക് മക്കളെയൊന്ന് പേടിപ്പിക്കാമെന്ന് മാത്രം. കുട്ടികൾ വളരെ ശാന്തരായി നിങ്ങളോട് പെരുമാറുന്ന സമയത്തായിരിക്കണം ഇതേക്കുറിച്ച് നിങ്ങൾ ഉപദേശിക്കേണ്ടത്.

ചീത്തവാക്കുകൾ കേട്ട് ചിരിക്കരുത്

കുട്ടികൾ പറയുന്ന ചീത്തവാക്കുകൾ കേട്ട് നിങ്ങൾ ചിരിക്കരുത്. ചിരിച്ചാൽ അത് അവർക്ക് പ്രോത്സാഹനമേകും. പിന്നീട് നിങ്ങളെ ചിരിപ്പിക്കുന്നതിനു വേണ്ടി അവർ ആ വാക്കുകൾ പറയുന്നത് ആവർത്തിക്കും.കുട്ടികൾ ടിവിയിലും ഇന്റർനെറ്റിലുമൊക്കെ എന്തൊക്ക പരിപാടികളാണ് കാണുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അസഭ്യവാക്കുകളുടെ പ്രയോഗത്തിൽ പൂർണമായ സെൻസറിങ് ഒന്നും ഇന്ന് സിനിമയിൽ നടക്കുന്നില്ല. അതുകൊണ്ട് നല്ലത് കാണാൻ കുട്ടികളെ ശീലിപ്പിക്കുക.

കുട്ടികൾക്ക് മിക്ക ചീത്തപ്രയോഗങ്ങളും കിട്ടുന്നത് അവരുടെ വീട്ടിൽ നിന്നുതന്നെയാണ്. അതുകൊണ്ട് പാരന്റ്സ്, നിങ്ങളുടെ സംസാരത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം. എപ്പോഴെങ്ങാനും ചീത്തവാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് വീണുപോവുകയോ അത് കുട്ടികൾ കേൾക്കാൻ ഇടയാവുകയോ ചെയ്താൽ, ഉടൻ തന്നെ അത് അറിയാതെ പറഞ്ഞുപോയതാണെന്ന് വരുത്തി തീർത്ത്, ആ സംഭാഷണത്തെ വഴിതിരിച്ചു വിടണം.കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണോ, താൻ ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണോ, ദേഷ്യം വരുമ്പോഴാണോ, കൂട്ടുകാർ കളിയാക്കുമ്പോഴാണോ അവർ ചീത്തവാക്കുകൾ പറയുന്നതും നിന്ദിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നതെന്ന് നിരീക്ഷിക്കുക. സാഹചര്യം മനസ്സിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകുക. ഏതൊരു സാഹചര്യത്തിലും പതറാതെ മുന്നേറാനുള്ള ആത്മവിശ്വാസം നൽകുക. നല്ല രീതിയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുക.

മറ്റുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുമ്പോൾ അത് അവരുടെ മനസ്സിനെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക.നിങ്ങളുടെ ഉപദേശത്തെ അംഗീകരിച്ചുകൊണ്ട്, ചീത്തവാക്കുകൾ പറയാൻ മുതിരുകയും പെട്ടെന്നു തന്നെ അത് തടഞ്ഞ് പകരം നല്ല ഭാഷ കുട്ടികൾ സ്വയം ഉപയോഗിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവരെ പ്രകീർത്തിക്കുകയും വേണം.

അതുപോലെത്തന്നെ, എന്തുപറഞ്ഞാലും അനുസരിക്കാത്ത കുട്ടികളുമുണ്ട്. അധികനേരം ടിവി കാണരുത്, ഇന്റർനെറ്റ് അനാവശ്യമായി ഉപയോഗിക്കരുത്. ചീത്തവാക്കുകൾ പറയരുത് എന്നൊക്കെ എത്ര പറഞ്ഞാലും അവർക്ക് യാതൊരു കൂസലുമുണ്ടാകില്ല. വീട്ടിൽ പാരന്റ്സ് സഭ്യതയോടെ മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ മക്കൾക്ക് ആ രീതിയിൽ വളരാനേ സാധിക്കൂ.ഓർമ്മിക്കേണ്ട മറ്റൊരു കാര്യം, കുട്ടികളല്ലേ, അവരുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരുവാൻ കുറച്ച് സമയമെടുക്കും. നമ്മൾ ക്ഷമയോടെ ശ്രമിക്കുക. എത്ര ശ്രമിച്ചിട്ടും നിന്ദിച്ചുകൊണ്ടുള്ള സംസാരങ്ങൾ കുട്ടികൾ നിർത്താതെ തുടരുകയാണ് എന്നുണ്ടെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ വിദഗ്ധ സഹായം തീർച്ചയായും തേടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP