വാർത്ത

കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരവും; ചേരിതിരിവ് ഉണ്ടാക്കിയത് എൻഎസ്എസ് അല്ലെന്ന് ഉമ്മൻ ചാണ്ടി; ശബരിമലയിൽ പൊലീസ് എടുത്ത നടപടി ശരിയായില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും

കോട്ടയം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി. സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സിപിഎം സംസ്ഥാനസെക്രട്ടറിയും നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്.

ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവുണ്ടാക്കാനും പോയത് എൻഎസ്എസ് ജനറൽ സെക്രട്ടറിയല്ല, മുഖ്യമന്ത്രിയും സർക്കാരുമാണ്. മന്നത്ത് പത്മനാഭന്റെ കാലം മുതൽ സമുദായ സൗഹാർദ്ദത്തിനുവേണ്ടി നിലകൊണ്ട എൻഎസ്എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുയ്ക്കാനുള്ള തന്ത്രമാണ്. തങ്ങളെ എതിർക്കുന്നവരെയെല്ലാം ആർഎസ്എസുകാരായി ചിത്രീകരിക്കുവാനുള്ള സിപിഎം തന്ത്രം കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള എൻഎസ്എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമലയിൽ പൊലീസ് എടുത്ത നടപടി ശരിയായില്ലെന്ന് തിരുവഞ്ചൂർ തുറന്നടിച്ചു. നേരത്തെ സർക്കാരിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അതിരൂക്ഷ വിമർശനമുയർത്തിയിരുന്നു. പിന്നാലെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും മന്ത്രിമാരും ഉൾപ്പെടെ എൻഎസ്എസ് പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനത്തോട് അനുബന്ധിച്ച് കേരളത്തിൽ അരങ്ങേറിയ കലാപത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാരിനെ എൻഎസ്എസ് രൂക്ഷമായി വിമർശിച്ച് . കലാപത്തിന് കാരണം സംസ്ഥാന സർക്കാർ തന്നെയെന്ന് എൻഎസ്എസ് പറയുന്നു. നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുധാകരൻ പറഞ്ഞു.

വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ പരാജയപ്പെടുമ്പോൾ വിശ്വാസികൾ രംഗത്തിറങ്ങുന്നതിൽ യാതൊരു തെറ്റുമില്ല. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വെച്ച് ഏത് ഹീന മാർഗത്തിലൂടെയും പാർട്ടി നയം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ സർക്കാർ സങ്കീർണമാക്കിയെന്നും വാർത്താ കുറിപ്പിലൂടെ എൻഎസ്എസ് വിമർശിക്കുന്നു.

MNM Recommends


Most Read