Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

ടർബോക്ക് പുള്ളിങ് പോരെന്ന് വിമർശനം; യൂടൂബർ അശ്വന്ത് കോക്കിന്റെ വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് അടിപ്പിച്ച് പിൻവലിപ്പിച്ച് മമ്മൂട്ടി കമ്പനി; ഇതാണ് മഹത്തായ ആവിഷ്‌ക്കാര സ്വതന്ത്ര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; മമ്മൂട്ടിയും പിണറായിക്ക് പഠിക്കുന്നെന്ന് വിമർശനം

ടർബോക്ക് പുള്ളിങ് പോരെന്ന് വിമർശനം; യൂടൂബർ അശ്വന്ത് കോക്കിന്റെ വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് അടിപ്പിച്ച് പിൻവലിപ്പിച്ച് മമ്മൂട്ടി കമ്പനി; ഇതാണ് മഹത്തായ ആവിഷ്‌ക്കാര സ്വതന്ത്ര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; മമ്മൂട്ടിയും പിണറായിക്ക് പഠിക്കുന്നെന്ന് വിമർശനം

എം റിജു

കോഴിക്കോട്: വിമർശിക്കുന്നവരെയെല്ലാം ഭരണകൂടത്തെ ഉപയോഗിച്ച് നിശബ്ദരാക്കുന്ന, പിണറായിസം എന്ന രാഷ്ട്രീയ തന്ത്രം സിനിമാ മേഖലയിലേക്കും കടക്കുകയാണോ? മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോയെപ്പറ്റി യൂട്ഊബർ അശ്വന്ത് കോക്ക് ചെയ്ത റിവ്യൂവിനെതിരെ, മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനി നടപടി എടുപ്പിച്ചതാണ് വിവാദമാവുന്നത്. യൂട്യൂബ് റിവ്യൂവിന്റെ തമ്പ് നെയ്‌ലിൽ വ്ലോഗർ, 'ടർബോ' പോസ്റ്റർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി, കോപ്പി റൈറ്റ് സ്ട്രൈക്ക് എന്ന തന്ത്രം ഉപയോഗിച്ചാണ്, വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചത്. എന്നാൽ അശ്വന്ത് കോക്ക് ആവട്ടെ, തമ്പ് നെയ്ൽ ഒഴിവാക്കി അതേ വിഡിയോ തന്നെ വീണ്ടും അപ്ലോഡ് ചെയ്തിരിക്കയാണ്.

'പുള്ളിങ് പോരാ' എന്ന തമ്പ് നെയ്ലാണ് കോക്ക് വീഡിയോക്ക് ആദ്യം കൊടുത്തിരുന്നത്. ഈ വീഡിയോയിൽ ടർബോ സിനിമ എന്തുകൊണ്ടാണ് തനിക്ക് ഇഷ്ടമാവാഞ്ഞത് എന്നതിന്റെ കാരണങ്ങളാണ് അശ്വന്ത് നിരത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയുടെ പഴഞ്ചൻ രീതിയും, ലോജിക്കില്ലായ്മയുമൊക്കെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും, വൈശാഖിന്റെ ചടുലമായ സംവിധാനത്തെയും അശ്വന്ത് പ്രകീർത്തിക്കുന്നുണ്ട്.

മമ്മൂട്ടിയെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു നടൻ, ഇത്രക്ക് ചീപ്പായി പ്രതികരിച്ചത് ഞെട്ടിക്കുന്നുവെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. മമ്മൂട്ടി പിണറായിക്ക് പഠിക്കയാണോ എന്ന് വിമർശനം വ്യാപകമാവുകയാണ്. ഒരു ചെറിയ വിമർശനം പോലും താങ്ങാൻ കഴിയാത്ത രീതിയിൽ ഫാസിസ്റ്റാണോ മമ്മൂട്ടിയെന്നും ചർച്ചകൾ നീളുന്നു.

നേരത്തെ മോഹൻലാലിന്റെ മലൈക്കോട്ടെ വാലിബൻ അടക്കമുള്ള ഒട്ടുമിക്ക ചിത്രങ്ങളോടും ഇതേ സമീപനമാണ്, അശ്വന്ത് കോക്ക് കൈക്കൊണ്ടത്്. ആദ്യം ദിനം തന്നെ വാലിബൻ 'മലങ്കൾട്ടാണെന്ന' നിശിതമായ വിമർശനമാണ് അശ്വന്ത് ഉയർത്തിയത്. പക്ഷേ ഒരിക്കലും മോഹൻലാലോ, ലിജോയുടെ ടീമോ, തമ്പ് നെയിലിലെ കോപ്പി റൈറ്റ് ക്ലെയിം ഉന്നയിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. വാലിബനെകുറിച്ച് മാത്രമല്ല, ഒരു വർഷം ഇറങ്ങുന്ന 80 ശതമാനം സിനിമകളെക്കുറിച്ചും മോശം അഭിപ്രായമാണ് അശ്വന്ത് കോക്ക് പറയാറുള്ളത്. കാരണം മലയാള സിനിമയിൽ ഒരു വർഷം ഇറങ്ങുന്ന 80 ശതമാനം സിനിമകളും മോശമാണ് എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നല്ല സിനിമകളെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുന്ന നിരൂപകനുമാണ് അശ്വന്ത് കോക്ക്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, ഭ്രമയുഗം തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ഒക്കെ വളരെ നല്ല റിവ്യൂവാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അന്ന് അത് അംഗീകരിച്ചവർ വിമർശനം വരുമ്പോൾ ഈ രീതിയിൽ പ്രതികരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

അശ്വന്തിന്റെ പണി തെറിപ്പിക്കാൻ നീക്കം

നേരത്തെ റിവ്യൂ ബോംബിങിന്റെ പേരിൽ അശ്വന്ത് കോക്കിനെ കേസിൽ കുടുക്കാൻ ഒരു വിഭാഗം സിനിമാക്കാർ ശ്രമിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസ് കൊടുപ്പിച്ചിട്ടുണ്ട്. റിവ്യൂ ബോംബിങിനെതിരെ അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഒരിടത്തും അശ്വന്ത് കോക്ക് പണം പറ്റിയാണ് റിവ്യൂ ചെയ്യുന്നത് എന്നതിന്, യാതൊരു തെളിവും കിട്ടിയിട്ടില്ല. മാത്രമല്ല കോക്ക് നെഗറ്റീവ് റിവ്യൂ പറയുന്ന സിനിമകൾ അത്രയും അറുബോർ തന്നെയാണെന്നാണ് പ്രേക്ഷകരും പറയുന്നത്. അവയൊന്നും തീയേറ്ററിലും രക്ഷപ്പെട്ടിട്ടില്ല.

അദ്ധ്യാപകനായ അശ്വന്ത് കോക്കിന്റെ പണി തെറിപ്പിക്കാനും ചില സിനിമാക്കാർ നീക്കം നടത്തി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽപരമായ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ പ്രാഡ്യൂസേഷ്സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരുന്നു. പക്ഷേ ഒരു അദ്ധ്യാപകൻ റിവ്യു ചെയ്യുന്നതിൽ ഒന്നും ഒരു ചട്ടലംഘനവും നടന്നിട്ടില്ല, എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.

വികലമായ സിനിമ റിവ്യു നടത്തി, അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ആരോപിച്ച് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നു. പക്ഷേ ഇതിനൊന്നും യാതൊരു തെളിവും ഉണ്ടായിരുനനില്ല. സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ, കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. പക്ഷേ ഈ സിനിമയൊക്കെ എട്ടുനിലയിൽ പൊട്ടിയ സിനിമകളാണ്. അവ ചവറാണെന്ന അശ്വന്തിന്റെ നിരീക്ഷണം ശരിയാവുകയാണ്.

ഈയിടെ അശ്വന്തിനെതിരെ നേരത്തെ നിയമനടപടിയുമായി നിർമ്മാതാവ് സിയാദ് കോക്കറും രംഗത്തെത്തിയിരുന്നു. 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യു പറഞ്ഞതിന്റെ പേരിലായിരുന്നു സിയാദ് കോക്കർ നിയമനടപടി സ്വീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും സിയാദ് കോക്കർ പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും സിയാദ് കോക്കർ ഉയർത്തിയിരുന്നു. തുടർന്ന് റിവ്യൂ അശ്വന്ത് കോക്ക് യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. പക്ഷേ സിനിമ കണ്ടവർ ഒക്കെയും, അശ്വന്ത് കോക്ക് പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന നിലപാടിലാണ്. 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയാവട്ടെ ഒരാഴ്ച പോലും ഓടിയതുമില്ല. ഇങ്ങനെ മോശം കണ്ടന്റുള്ള സിനിമ എടുത്ത് അതിനെ വിമർശിക്കുന്നവരെ ഒതുക്കാനുള്ള ശ്രമമാണ് മലയാള സിനിമയിൽ നടക്കുന്നത്. മഹാനടനനായ മമ്മൂട്ടി പോലും അതിന് കൂട്ടുനിൽക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP