വാർത്ത

റ്റുമി ജോർജിനെ ഭർത്താവു ജിജി വെട്ടിയതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ; മുടിക്കുത്തിനു പിടിച്ചു വെട്ടിയത് ഒന്നിലേറെ തവണ; കഴുത്തു മുറിഞ്ഞു വേർപെട്ട അവസ്ഥയിലായി: പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ

വാഴക്കുളം: റ്റുമി ജോർജിനെ ഭർത്താവു ജിജി ജേക്കബ് വെട്ടിയതുകൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുടിക്കുത്തിന് പിടിച്ച് ഒന്നിലധികം തവണ ആഞ്ഞുവെട്ടിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.ഒരുസ്ഥലത്തുതന്നേ ഒന്നിലധികം വെട്ടേറ്റതിനെത്തുടർന്ന് കഴുത്തുമുറിഞ്ഞ് വേർപെട്ട് അവസ്ഥയിലായിരുന്നു.വാക്കത്തി പ്രയോഗം തടുക്കാൻ ശ്രമിക്കവേ കൈക്കും വെട്ടേറ്റിട്ടുണ്ട്.ഞാറാഴ്ച മൂന്നേകാലോടെയാണ് കാവനയെ നടുക്കിയ അരുംകൊല നടന്നത്.

റ്റൂമിയെ ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബ് (48)വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്സ്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മറ്റി.ഇതിനിടെ റ്റുമീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട ജിജിയുടെ ജഡം തൊടുപുഴ പഴുക്കാകുളത്തിനടുത്ത് കാപ്പിത്തോട്ടത്തിൽ കണ്ടെത്തി.ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.

താൻ ജോലിചെയ്തുണ്ടാക്കിയ പണംകൂടി മുടക്കി വാങ്ങിയ രണ്ടേക്കർ ഭൂമി ഭാര്യ സ്വന്തമാക്കിയതിന്റെ പ്രതികാരമായിട്ടാണ് ജിജി അരുംകൊലക്ക് തയ്യാറായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.വീട്ടിലെത്തിയാൽ റ്റൂമിയെ കൊല്ലാനുറപ്പിച്ച് ഇയാൾ കരുക്കൾ നീക്കിയിരുന്നെന്നും ഭാര്യയും ഇവരുടെ സഹോദരനും ബൈക്കിൽ വീട്ടിലെത്തിയതറിഞ്ഞ് പിൻതുടർന്ന് വീട്ടുമുറ്റത്തെത്തി,കൈയിൽ കിട്ടിയ വാക്കത്തി ഉപയോഗിച്ച് കൊല്ലണമെന്ന ലക്ഷ്യത്തോടെ കഴുത്തിൽ പലതവണ ആഞ്ഞ് വെട്ടുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മൂവാറ്റുപുഴ സിഐ ജ.യകുമാർ വാഴക്കുളം എസ് ഐ ഹരിതുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.സയന്റിഫിക്ക് -ഫിങ്കർ പ്രന്റ് വിദഗ്ധരും ഡോഗ് സ്വാഡും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി.നാടിനെ നടുക്കിയ സംഭവമറിഞ്ഞ് രാവിലെ മുതൽ വൻ ജനക്കൂട്ടവും പ്രദേശത്തെത്തിയിയിരുന്നു. ജിജിയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

റ്റൂമി ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് ആകെയുള്ള രണ്ടരയേക്കർ സ്ഥലത്തിൽ രണ്ടേക്കറും വീടും റ്റുമിയുടെ ഉടമസ്ഥതയിലായിരുന്നു.താൻ ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഭാര്യുടെ പേരിൽ സ്ഥലംവാങ്ങുകയായിരുന്നെന്നും ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് ഭആര്യയുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു.എന്നാൽ റ്റൂമി ഇത് കാര്യമാക്കിയില്ല.മദ്യപാനിയായ ഭർത്താവിന്റെ വസ്തുവകകൾ അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയപ്പാടാണ് ഇക്കാര്യത്തിൽ റ്റൂമി ഭർത്താവുമായി യോജിക്കാത്തതിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും മൂലം ഇവർ അഞ്ച് വർഷമായി ഇവിടെ നിന്നും മാറി താമസിക്കുകയായിരുന്നു. ജിജി ഈ വീട്ടിൽ നിന്നും മാറാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് റ്റൂമി കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു.ജിജി മുന്നിട്ടിറങ്ങിയ വിവാഹമോചനക്കേസിലും റ്റുമി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

രണ്ട് മാസങ്ങൾക്ക് മുമ്പ് റ്റുമിയുടെ വീട്ടിൽ നിന്നും മാറണമെന്നുള്ള കോടതി ഉത്തരവിനെതുടർന്ന് ജിജി ഏറെ പ്രകോപിതനായിരുന്നുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുകയും ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. എട്ടുവർഷങ്ങൾക്കു മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്.

കോടതിയുത്തരവിനെ തുടർന്ന് കാവനയിലെ വീട്ടിൽ നിന്നും മാറിത്താമസിച്ച ജിജി മണിയന്ത്രത്ത് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കവനയിൽ ഇയാളുടെ പേരിലുള്ള അമ്പത് സെന്റ് സ്ഥലം അടുത്തിടെ വിറ്റിരുന്നു.

ഞായറാഴ്ച വൈകിട്ട് 3.30 തോടെ താനും സഹോദരി റ്റുമിയും കാവനയിലുള്ള പുരയിടത്തിൽ വാഴക്കുല വെട്ടാൻ എത്തിയെന്നും ബൈക്കിൽ വാഴക്കുല കൊണ്ടുപോകാൻ ചാക്കുതരപ്പെടുത്താൻ അയൽവീട്ടിലേക്ക് പോയെന്നും പത്തുമിനിട്ടോളം കഴിഞ്ഞ് തിരികെ വരുമ്പോൾ റ്റുമി മുറ്റത്ത് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നെന്നും കുലവെട്ടാൻ തങ്ങൾകൊണ്ടുവന്ന കൊണ്ടുവന്ന വാക്കത്തി അവിടെ ഉണ്ടായിരുന്നില്ലന്നുമാണ് സഹോദരൻ റ്റാജു വാഴക്കുളം പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.ഈ മൊഴിപ്രകാരമാണ് സംഭവത്തിൽ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിന് പത്ത് മിനിട്ട് മുമ്പ് 300 മീറ്റർ അകലെ റോഡിൽക്കൂടി ജിജി ബൈക്കിൽ പോകുന്നതും താമസിയാതെ തിരിച്ചുപോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോണും ഓഫാണെന്ന് വ്യക്തമായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികളായ സോളമനും, സിയാമോളുമാണ് ഇവരുടെ മകൾ. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തിലെത്തിയവരാണ് ആദ്യം ജഡം കണ്ടത്. വിവരമറിഞ്ഞെത്തിയ തൊടുപുഴപൊലീസ് വാഴക്കുളം സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്നുനടന്ന പരിശോധനയിൽ മരണമടഞ്ഞത് ജിജിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജിജി കൈ ഞരമ്പും മുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോക്കറ്റിൽ നിന്നും ഒരു പായ്ക്കറ്റ് ബ്ലേഡും പൊലീസ് കണ്ടെടുത്തു. കോട്ടയത്തു നിന്നും ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ തെളിവെടുപ്പിനു ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. അധികം ഉയരമില്ലാത്ത കാപ്പിമരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

അതിനിടെ, വെട്ടേറ്റ് മരിച്ച കല്ലൂർക്കാട് തട്ടാറുകുന്നേൽ റ്റുമിയുടെ മൃതദേഹം ഇന്നലെ ഏഴു മണിയോടെ കല്ലൂർക്കാട് സെന്റ് അഗസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. മേൽനടപടികൾക്കുശേഷം ഇന്നലെ സന്ധ്യയോടെയാണ് പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

ജിജി ഹെൽമെറ്റ് ധരിച്ച് കാവനയിലുള്ള വീട്ടുപരിസരത്തേക്ക് എത്തുന്നത് അയൽവാസികൾ കണ്ടിരുന്നു. ഇയാൾ തിരിച്ചുപോകുന്നതും കണ്ടവരുണ്ട്. തിരിച്ചു പോകുമ്പോൾ ഹെൽമെറ്റ് വച്ചിരുന്നില്ല. ജിജിയുടെ ഹെൽമെറ്റ് കൊലപാതകം നടന്ന വീട്ടുമറ്റത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷനും ഇവിടെ ജിജിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായി പൊലീസ് പറഞ്ഞു.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read