കൂടുതൽ

പ്രദീപ് പി തേവന്നൂരിന്റെ മരണത്തിൽ നഷ്ടമായത് ഗവേഷണ തൽപ്പരനായ വ്യവസായിയെ; വെളിച്ചെണ്ണയിൽ നിന്ന് ജൈവഇന്ധനം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കാനിരിക്കേ അകാല വിയോഗം

കൊച്ചി: എസ്.സി.എം.എസ് ഗ്രൂപ്പിന്റെ നട്ടെല്ലും മികച്ച വ്യവസായിയുമായിരുന്നു കഴിഞ്ഞ ദിവസം കാറപകടത്തിൽ മരിച്ച പ്രദീപ്. പി തേവന്നൂർ. അച്ഛൻ എസ്.സി.ജി നായരുടെ ബിസിനസ് സാമ്രാജ്യം മുഴുവൻ കണിശതയോടെ നോക്കി നടത്തിയിരുന്ന പ്രദീപ് ചെയർമാന്റെ മകൻ എന്നതിലുപരി സ്വന്തം കഴിവ് കൊണ്ടാണ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ പദവിയിലേക്കെത്തിയതെന്ന് അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നു. എസ്.സി.എം.എസ് ഗ്രൂപ്പിന്റെ ഡയറക്ടറും സഹോദരനുമായ പ്രമോദ് പി തോവന്നൂരിന് വിദേശ നിർമ്മിത കാറുകളോടായിരുന്നു കമ്പം എങ്കിൽ പ്രദീപിന് തന്റെ സ്വതസിദ്ധമായ ഗവേഷണത്തോടായിരുന്നു ഏറെ താൽപ്പര്യം.

വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയമേഖലയിലെ ഒഴിച്ചു കൂടാൻ ആകാത്തസ്ഥാപനമായി എസ്.സി.എം.എസിനെ വളർത്തിയതിൽ പ്രദീപിന്റെ കയ്യൊപ്പുമുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് ജല വിഭവ ഗവേഷണത്തിനായി ഒരു കോഴ്‌സ് ആരംഭിച്ചതും എസ്.സി.എം.എസ് ഗ്രൂപ്പാണ്. ഇതിന്റെ പിറകിലും പ്രദീപിന്റെ ബുദ്ധിയായിരുന്നു. കേരള സർവ്വകലാശാലയിൽ നിന്ന് എം.കോം ബിരുദം നേടിയതിനുശേഷം അമേരിക്കയിലെ ഒക്‌ലഹോമ സർവ്വകലാശാലയിൽ നിന്ന് എം.ബി.എയും, എംഫില്ലും കരസ്ഥമാക്കിയാണ് ഡോക്ടർ പ്രദീപ് തേവന്നൂർ ബിസിനസ് രംഗത്ത് ചുവട് വെയ്ക്കുന്നത്.

ഗവേഷണ തൽപരനായ പ്രദീപ് ഏറ്റവും ഒടുവിലും തന്റെ വേറിട്ട ഒരു കണ്ടുപിടുത്തത്തിനായുള്ള ശ്രമത്തിലായിരുന്നു. വെളിച്ചെണ്ണയിൽ നിന്ന് ജൈവഇന്ധനം വേർതിരിച്ചെടുക്കുന്ന കണ്ടുപിടുത്തം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞതായും ഡിസംബറോടുകൂടി അതിന്റെ രഹസ്യം പ്രദീപ് വെളിപ്പെടുത്താനിരിക്കുകയായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.

ലണ്ടനിൽ മാനേജ്‌മെന്റ് സ്‌കൂൾ തുടങ്ങാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു പ്രദീപ്. ബാംഗ്ലൂരിലെ എസ്.സി.എം.എസ് കോളേജിന്റെയും പൂർണ്ണ ഉത്തരവാദിത്വവും പ്രദീപ് തേവന്നൂരിനായിരുന്നു. കൊച്ചിൻ കോർപ്പറേഷനുമായി സഹകരിച്ച് ശുദ്ധീകരിച്ച കുടുവെള്ളം കുപ്പിയിലാക്കി വിൽപ്പനയ്ക്ക് പദ്ധതിക്ക് പിന്നിലും പ്രദീപായിരുന്നു. അടുത്തതായി കളമശ്ശേരിയിൽ നടന്ന വേൾഡ് വാട്ടർ സമ്മേളനത്തിന് പിന്നിലും പ്രദീപിന്റെ ബുദ്ധിയായിരുന്നു. എസ്.സിഎംഎസിന്റെ നീരാ പ്രോസസസിങ് പദ്ധതിയുടെ ബുദ്ധികേന്ദ്രവും ഈ വ്യവസായിയായിരുന്നു.

സഹോദരൻ പ്രമോദിനെ പോലെ ദീർഘദൂര ഡ്രൈവിംഗിൽ പ്രദീപും തൽപരനായിരുന്നു.അതുകൊണ്ടു തന്നെയാണ് സ്വന്തം റേഞ്ച് റോവർ കാറുമായി ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ഡ്രൈവർ രമേശിനെ ഒഴിവാക്കിയായിരുന്നു പ്രദീപിന്റെ യാത്ര. ബിസിനസ് ചർച്ചകൾക്കായുള്ള ഈ യാത്രയാണ് പ്രദീപിന്റെ ജീവനെടുത്തത്. രാത്രി യാത്രക്കിടെ പ്രദീപ് ഉറങ്ങിയതായിരിക്കാം അപകടകാരണമെന്ന് കരുതുന്നു.

രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പ്രദീപ് സഞ്ചരിച്ചിരുന്ന കാർ കൃഷ്ണഗിരിയിൽ വച്ച് മുന്നിൽ പോയ ലോറിയിൽ ഇടിച്ചതാണ് അപകടകാരണം. ഗുരുതരമായി പരുക്കേറ്റ ഡോ.പ്രദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടറായ രാധ.പി തേവന്നൂരാണ് പ്രദീപിന്റെ ഭാര്യ. മക്കൾ പ്രതീക് നായർ (+2 വിദ്യാർത്ഥി), പാർവ്വതി നായർ (3ാംക്ലാസ്).

MNM Recommends


Most Read