രാഷ്ട്രീയം

'ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല; ജനാധിപത്യ പാർട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും': ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത് അതൃപ്തി മൂലമെന്ന് സ്ഥിരീകരിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി ഉണ്ടെന്ന തെളിച്ചുപറഞ്ഞ് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഇരുനേതാക്കളും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. ജനാധിപത്യ പാർട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. എന്തുകൊണ്ട് ചിലർ യോഗത്തിനെത്തിയില്ലെന്ന് തനിക്കറിയില്ല. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. എന്തെങ്കിലും വിയോജിപ്പുകൾ ഇരുവരും പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ.സുധാകരനും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ വിശദീകരിച്ചു.

ഇരുവരും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണമറിയില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചത്. ഇരുവരുമായി ചർച്ച നടത്തും. എല്ലാ കാര്യങ്ങളും അവരോടും ആലോചിച്ചാണ് ചെയ്യാറുള്ളത്. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരും എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും താരീഖ് അൻവർ വ്യക്തമാക്കി.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനകളാണ് ബഹിഷ്‌ക്കരണത്തിലൂടെ പുറത്തുവന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇരു നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയതിന് ശേഷമാണ് യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. എതിർപ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള കെപിസിസി നേതൃത്വത്തിന് നീക്കമാണ് നേതാക്കളെ ചൊടിപ്പിച്ചത്. സോണിയാഗാന്ധിയെ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിലെ അതൃപ്തിയും ബഹിഷ്‌കരണത്തിന് കാരണമായി.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് മുതൽ കെപിസിസി ഭാരവാഹി നിയമനം വരെ ഏകപക്ഷീയമാണെന്ന പരാതിയാണ് മുതിർന്ന നേതാക്കൾക്കുള്ളത്. പുനഃസംഘടന നിർത്തിവെച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇരു നേതാക്കളും പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. പക്ഷേ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സുധാകരനും വി.ഡി സതീശനും സ്വീകരിച്ചിരിക്കുന്നത്. പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തന്നെയാണ് ഗ്രൂപ്പുകളും ആലോചിക്കുന്നത്.

അതേസമയം, കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെതിരെ നടപടിയെടുത്തതിൽ സുധാകരൻ ഉറച്ചുനിന്നു. അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. അച്ചടക്കലംഘനം ശ്രദ്ധയിൽപെട്ടാൽ വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read