രാഷ്ട്രീയം

രാജ്യം വിട്ട അഷ്‌റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ; മുൻ അഫ്ഗാൻ പ്രസിഡന്റ് ഒമാനിൽ; യുഎസിലേക്കെന്ന് സൂചന; അഫ്ഗാനിൽ അമേരിക്കയുടെ ചരിത്രപരമായ പരാജയമെന്ന് ട്രംപ്; 'അപമാനിതനായ' ബൈഡൻ രാജിവയ്ക്കണമെന്നും ആവശ്യം

കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് താജിക്കിസ്താൻ പ്രവേശനാനുമതി നിഷേധിച്ചതോടെ ഒമാനിൽ ഇറങ്ങി. അതേ സമയം 'അഫ്ഗാനിസ്ഥാനിലെ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജി വയ്ക്കണമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

20 വർഷത്തിനു ശേഷം യുഎസ് സേന പിൻവാങ്ങൽ പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ അഷ്‌റഫ് ഗനി സർക്കാർ ചെറുത്ത് നിൽപ്പില്ലാതെ താലിബാന് മുന്നിൽ കീഴടങ്ങിയതോടെയാണ് രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയത്.

'അഫ്ഗാനിസ്ഥാനിലെ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൈഡന് അപമാനിതനായി രാജിവയ്ക്കാം,' ഡോണൾഡ് ട്രംപ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ ഉണ്ടായ ക്രമാതീത വർധന, രാജ്യത്തിന്റെ കുടിയേറ്റ, സാമ്പത്തിക, ഊർജ നയങ്ങൾ എന്നിവയിലും ബൈഡനെ കടന്നാക്രമിക്കുന്നതാണു വാർത്താക്കുറിപ്പ്.

ട്രംപ് പ്രസിഡന്റായിരിക്കെ, 2020ൽ ദോഹയിൽവച്ചാണു 2021 മെയ്‌ മാസത്തോടെ അഫ്ഗാനിൽനിന്നുള്ള സേനയുടെ സമ്പൂർണ പിന്മാറ്റത്തിനു യുഎസ് താലിബാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയത്. സുരക്ഷ സംബന്ധ വിഷയങ്ങളിൽ താലിബാനിൽനിന്നു ലഭിച്ച ഉറപ്പുകൾക്കു ബദലായായിരുന്നു പിന്മാറ്റ വാഗ്ദാനം. ഈ വർഷമാദ്യം ബൈഡൻ അധികാരം ഏറ്റതു ശേഷമാണ് ഉപാധികളോടു കൂടിയല്ലാത്ത സേനയുടെ പിന്മാറ്റം.

എന്നാൽ താൻ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ സേനയുടെ പിന്മാറ്റം തീർത്തും വ്യത്യസ്തവും വിജയകരവും ആകുമായിരുന്നു എന്നാണു ട്രംപിന്റെ അവകാശവാദം. 'അഫ്ഗാനിസ്ഥാനിലെ ബൈഡന്റെ നടപടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായാവും രേഖപ്പെടുത്തുക,' കഴിഞ്ഞ ദിവസം മറ്റൊരു വാർത്താക്കുറിപ്പിൽ ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്.

എന്നാൽ ദോഹ ഉടമ്പടിക്കായി മുന്നിട്ടിറങ്ങിയതു ട്രംപ്തന്നയാണെന്നു ചൂണ്ടിക്കാട്ടിയാണു ബൈഡൻ അനുകൂലികളുടെ പ്രതിരോധം. എക്കാലവും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് എതിരാണു ഭൂരിഭാഗം യുഎസ് പൗരന്മാരുടെ വികാരമെന്നും ബൈഡൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

സേനയുടെ പിന്മാറ്റത്തിന്റെ നിയന്ത്രണങ്ങളിൽ പാളിച്ച ഉണ്ടായെന്ന് ആരോപിച്ച് കടുത്ത വിമർശനമാണു ബൈഡൻ നാട്ടിൽ നേരിടുന്നത്. അഫ്ഗാനിസ്ഥാൻ സർക്കാർ ഉടൻതന്നെ വീഴുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ കാബൂളിൽനിന്ന് ഒഴിപ്പാക്കാൻ നടത്തിയ ശ്രമങ്ങൾക്കും ബൈഡൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

അമേരിക്കയ്ക്ക് 20 വർഷം അഫ്ഗാനിൽ ചെലവഴിച്ച കോടിക്കണക്കിനു ഡോളറും ഭീമമായ സൈനികപ്രയത്‌നവും പാഴാകുകയും ചെയ്തു. വിയറ്റ്‌നാമും ഇറാഖും പോലെ, യുഎസിന്റെ വൻപരാജയങ്ങളുടെ പട്ടികയിലാണ് ഇനി അഫ്ഗാനിസ്ഥാനും.

യുഎസ് സേനയുടെ പൂർണ പിന്മാറ്റം ചിലപ്പോൾ ഈയാഴ്ച തന്നെ പൂർണമാകും. 31 വരെ നീളില്ല. അഫ്ഗാനിസ്ഥാനിൽ എന്തു സംഭവിച്ചാലും ഈ തീരുമാനത്തിനു മാറ്റമില്ലെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കുകയും ചെയ്തു. ഏതാണ്ട് അയ്യായിരത്തോളം അമേരിക്കക്കാരാണ് ഇനി അവിടെയുള്ളത്. അവർ കൂടി സുരക്ഷിതമായി നാട്ടിലെത്തിയാൽ അഫ്ഗാൻ ഏടുകൾ അമേരിക്ക അടച്ചുവയ്ക്കും.

താലിബാൻ അനായാസമായി അധികാരം പിടിച്ചത് ജോ ബൈഡൻ ഭരണകൂടത്തിന് കാര്യമായ നാണക്കേടായിട്ടുണ്ട്. അമേരിക്കൻ സേന പൂർണമായി ഒഴിയാൻ താലിബാൻ കാത്തുനിന്നില്ലെന്നത് വാഷിങ്ടണിൽ ഉണ്ടാക്കിയ അമ്പരപ്പു ചെറുതല്ല.

അഫ്ഗാൻകാർ അവരുടെ കാര്യം നോക്കട്ടെ എന്നാണു ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞതെങ്കിലും കഴിഞ്ഞ 20 വർഷം യുഎസ് സഖ്യസേനയ്ക്കു വേണ്ടി ജോലി ചെയ്ത അഫ്ഗാൻകാരെ അടക്കം, തങ്ങളെ വിശ്വസിച്ച എല്ലാവരെയും പൊടുന്നനെ കൈവിട്ടു മുങ്ങുകയാണ് യുഎസ് ചെയ്തതെന്ന വിമർശനവും ഉയർന്നു. പിൻവാങ്ങും മുൻപേ താലിബാൻ കാബൂളിലെത്തുമെന്ന് യുഎസ് കണക്കുകൂട്ടിയില്ല.

അവരുടെ ആദ്യ വിലയിരുത്തലുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഗനി സർക്കാർ 6 മാസം വരെ തുടരുമെന്നായിരുന്നു. കഴിഞ്ഞ ദിവസം 30 മുതൽ 90 വരെ ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്ന് യുഎസ് ഇന്റ്‌ലിജൻസ് ഏജൻസികളും മുന്നറിയിപ്പു കൊടുത്തു. ഈ രണ്ടു വിലയിരുത്തലുകളും പാളിയതോടെ ബൈഡൻ ഭരണകൂടം അഫ്ഗാൻ വിഷയത്തിൽ കടുത്ത പ്രതിരോധത്തിലാണ്.

അതിനിടെ രാജ്യം വിട്ട അഷ്‌റഫ് ഗനി രാഷ്ട്രീയ അഭയം തേടി അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ കാബൂളിൽ പ്രവേശിച്ചതോടെയാണ് ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത്.

കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി രാജ്യം വിട്ടിട്ടില്ല. തന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കർസായി പറഞ്ഞിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഹമീദ് കർസായി താലിബാനോട് അഭ്യർത്ഥിച്ചിരുന്നു. ജനങ്ങളോട് സംയമനം പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച കർസായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്‌ക്‌ editor@marunadanmalayali.com

MNM Recommends


Most Read