വാർത്ത

യുഎഇ കോൺസുലേറ്റിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത് ഇടതു നേതാവിന്റെ മകൻ; സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി ഇടനിലക്കാരിയും; യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം വേണം; ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്ത് നൽകി നാഷണലിസ്റ്റ് കേരള കോൺഗ്രസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ വെളിച്ചത്തിൽ യുഎഇകോൺസുലേറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. കേരളത്തിലെ എൻഡിഎ ഘടകകക്ഷിയാണ് നാഷണലിസ്റ്റ് കേരള കോൺഗ്രസ്. യുഎഇ കോൺസുലെറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനോപ്പം കെഎസ്‌ഐഇയിൽ നിന്നും എയർ കാർഗോ ചുമതല കേന്ദ്ര ഗവണ്മന്റ് ഏറ്റെടുക്കണമെന്നും കത്തിൽ കുരുവിള മാത്യുസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇ കോൺസിലേറ്റിന്റെ ആസ്ഥാന മന്ദിരത്തിന്റെ പണി നടന്നതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതിന്റെ നിർമ്മാണ ചുതല ഏറ്റെടുത്ത സ്ഥാപനത്തിന്റെ പങ്കാളി മുതിർന്ന ഇടതുപക്ഷ നേതാവിന്റെ മകനാണ് എന്നത് ഏറെ സംശയം ജനിപ്പിക്കുന്നു. .സ്വർണ്ണ കള്ളക്കടത്ത് കേസിലെ തന്നെ മുഖ്യ പ്രതിയാണ് ഇതിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത്. ഭരണ നേതൃത്വവുമായി സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധപ്പെടുന്നതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് ഈ സ്ഥാപനം വഴിയാണ് എന്ന് ആരോപണം നിലനിൽക്കുന്നു .

നിർമ്മാണ ചുമതല ഏറ്റെടുത്ത സ്ഥാപനത്തിന്റെ പങ്കാളികൾ ഈ കാലയളവിൽ നടത്തിയ വിദേശയാത്രകളെപ്പറ്റിയും അന്വേഷണം നടത്തണം. എയർ കാർഗോയുടെ നടത്തിപ്പ് ചുമതല മുഖ്യമന്ത്രിയുടെ ഏറെ അടുപ്പക്കാരനായ വ്യക്തി ചെയർമാനായ കെ.എസ്‌ഐ ഈ എന്ന സംസ്ഥാന സർക്കാർ സ്ഥാപനത്തിനാണ്. ഇതിനെക്കുറിച്ചും അന്വേഷണം വേണം. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ എയർ കാർഗോയുടെ പൂർണ്ണമായ നടത്തിപ്പ് കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും വേണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read