വാർത്ത

സർക്കാർ കള്ളക്കളി തുടരുന്നു; നഷ്ടപരിഹാരം ജീവനോടെ കൊല്ലുന്ന താറാവുകൾക്ക് മാത്രം; ചത്തൊടുങ്ങിയവയ്ക്ക് പണം നൽകില്ല; കുട്ടനാട്ടിൽ പ്രതിഷേധവുമായി കർഷകർ; മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ജില്ലാ ഭരണകൂടവും

ആലപ്പുഴ: പക്ഷിപ്പനി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മരിച്ച താറാവുകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് സർക്കാർ. ഇനി കൊല്ലുന്ന താറാവുകൾക്ക് മാത്രമേ നഷ്ടപരിഹാരം നൽകാനാകൂ എന്നാണ് സർക്കാർ നിലപാട്. അതിനിടെ കുട്ടനാട് മേഖലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് മാദ്ധ്യമ വിലക്ക്. രോഗം പടരുമെന്നതിനാലാണ് ഇതെന്നാണ് വിശദീകരണം. എന്നാൽ താറാവുകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാനാണ് ഇതെന്നാണ് സൂചന. താറാവുകളെ ജീവനോടെ ചുട്ടുകൊന്നത്
 ചില ചാനലുകൾ കാണിച്ചിരുന്നു. അതോടൊപ്പം കുട്ടനാട് മേഖലയിലെ പരിസ്ഥിതി ആഘാതം കൂട്ടുന്നതാണ് താറാവുകളുടെ കൊലപ്പെടുത്തലെന്നും വാർത്തയെത്തി. ഇതിനൊപ്പം മുമ്പ് മരിച്ച താറാവുകൾക്ക് നഷ്ടപരിഹാരം ഇല്ലെന്ന സർക്കാർ നിലപാടിനെതിരെയും പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ വാർത്തകൾക്ക് നിയന്ത്രണമിടാനാണ് മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതെന്നാണ് വിലയിരുത്തൽ.

താറാവൊന്നിന് 200 രൂപയും രണ്ട് മാസം വരെ പ്രായമുള്ളതിന് 100 രൂപയും നഷ്ടപരിഹാരം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. നേരത്തെ 37 രൂപയായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ് രണ്ട് തവണത്തെ ചർച്ചകൾക്കൊടുവിൽ നഷ്ട പരിഹാരം ഉയർത്തിയത്. എന്നാൽ ഇതിൽ കേന്ദ്ര മാനദണ്ഡമുയർത്തി നിബന്ധന വയ്ക്കുന്നതോടെ കർഷകരുടെ നഷ്ടം ഉയരും. പക്ഷിപ്പനി ബാധിച്ച് കൂട്ടത്തോടെ താറാവുകൾ ചത്തതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇത്തരത്തിൽ പതിനായിരത്തോളം താറാവുകൾ മരിച്ചിരുന്നു. ഇനി മൂന്ന് ലക്ഷത്തോളം താറാവുകളെ കൊല്ലും. കണക്കെടുപ്പ് നടത്തിയായരിക്കും ചുട്ടെരിക്കൽ. മൂന്ന് ദിവസം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല ആലംതുരത്തി, വേങ്ങൽ ഭഭാഗങ്ങളിൽ കിളികൾക്കും വൈറസ് ബാധയെന്നു സൂചനയുണ്ട്. വേങ്ങൽ തോട്ടിൽ ആമയും മത്സ്യങ്ങളും പാമ്പും ചത്തുപൊങ്ങി. വേങ്ങൽ ഭഭാഗത്ത് കാക്കകൾ ചത്തു വഴിയരികിൽ കിടക്കുന്നുമുണ്ട്. വിവിധ വർഗത്തിലുള്ള ദേശാടനക്കിളികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. പാടങ്ങളിൽ ചത്തു കിടന്ന താറാവുകളെ കാക്കകൾ ഭക്ഷിച്ചതിലൂടെ കാക്കൾക്കും രോഗം പിടിപെട്ടതായി സംശയിക്കുന്നു. പെരിങ്ങരയിൽ ചത്ത താറാവുകളിൽ എച്ച് 5 എൻ 1 ഇനത്തിലുള്ള വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ജില്ലയിൽ പക്ഷിപ്പനി ബാധിതമേഖലയിൽ ഇന്നലെ 3216 താറാവുകളെയും 1343 കോഴികളെയും കൊന്ന് തീയിട്ട് നശിപ്പിച്ചു. പക്ഷികളെ കൊല്ലുന്നത് ഏതാനും ദിവസം കൂടി തുടരും. ദ്രുതകർമ സേനയുടെ 10 ടീം അയ്മനത്തും അഞ്ചു ടീം കുമരകത്തും പ്രവർത്തിക്കുന്നുണ്ട്. ചെങ്ങളം, തലയാഴം, വച്ചൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. ഇവിടെനിന്ന് ശേഖരിച്ച സാംപിൾ തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണവകുപ്പ് ലാബിലേക്ക് അയച്ചാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. അന്തിമഫലം അറിയാൻ ഭോപ്പാലിലെ കേന്ദ്രലാബിലേക്കും സാമ്പിൾ അയച്ചിട്ടുണ്ട്.

മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ലെന്ന് കോട്ടയത്തെ ജില്ലാമെഡിക്കൽ ഓഫീസർ എൻ എം ഐഷാബായ് അറിയിച്ചു. വ്യാഴാഴ്ച 3758 പേരെയും ബുധനാഴ്ച 2880 പേരെയും പരിശോധനയ്ക്ക് വിധേയമാക്കി. അയ്മനം, കുമരകം, വച്ചൂർ, തലയാഴം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പനിബാധിതരായ 53 പേർ കുമരകം ഇടയാഴം, അയ്മനം എന്നിവിടങ്ങളിലുണ്ട്. ഇവർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനി ബാധിതപ്രദേശങ്ങളുടെ പട്ടികയിൽ കല്ലറ, വാകത്താനം, മാടപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുത്തി. പത്തു ദിവസത്തേക്കാണ് ആരോഗ്യവകുപ്പ് പരിശോധന.

 

MNM Recommends


Most Read