Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

തമ്മിൽ തല്ലിയ കെ.എസ്.യുവിനെ പൂർണമായും തള്ളി കെപിസിസി റിപ്പോർട്ട്; ഭാരവാഹികളുടെ പക്വത ഇല്ലായ്മയിൽ ക്യാംപ് നടത്തിപ്പ് പൂർണ പരാജയം; കെപിസിസിയുടെ നിയന്ത്രണത്തിലല്ല ക്യാംപ് നടന്നത്; പ്രതിനിധികളെ നിശ്ചയിച്ചതിലും പാളിച്ച; കർശന അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്

തമ്മിൽ തല്ലിയ കെ.എസ്.യുവിനെ പൂർണമായും തള്ളി കെപിസിസി റിപ്പോർട്ട്; ഭാരവാഹികളുടെ പക്വത ഇല്ലായ്മയിൽ ക്യാംപ് നടത്തിപ്പ് പൂർണ പരാജയം; കെപിസിസിയുടെ നിയന്ത്രണത്തിലല്ല ക്യാംപ് നടന്നത്; പ്രതിനിധികളെ നിശ്ചയിച്ചതിലും പാളിച്ച; കർശന അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗണ്ണൻ നൃത്തമായിടതിന് പിന്നാലെ നെയ്യാറിലെ ക്യാംപിൽ നടന്ന കൂട്ടത്തല്ലിൽ സംഘടനക്കെതിരെ കെപിസിസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ക്യാംപ് നടത്തിപ്പിൽ കെ.എസ്.യുവിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച ആരോപിക്കുന്ന റിപ്പോർട്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറിയിരിക്കുന്നത്. ഗ്രൂപ്പിസവും വിഭാഗീയതയും അടക്കം നടമാടുകയായിരുന്നു ക്യാംപിൽ എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു. കർശനമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന പ്രാഥമിക റിപ്പോർട്ടിൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടുന്നു.

കെപിസിസി കമ്മിറ്റി അന്വേഷണം നടത്തി പ്രാഥമികമായി കണ്ടെത്തിയ കാര്യങ്ങൾ ഇതാണ്: കെ.എസ്.യു സംസ്ഥാന ക്യാംപിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആദ്യമായി വിലയിരുത്തുന്നത്. കൂടാതെ ഭാരവാഹികളുടെ ഭാഗത്തുനിന്നും അച്ചടക്കരാഹിത്യമുണ്ടായി. കെപിസിസിയുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല ക്യാംപ് നടന്നത്. ക്യാംപിന്റെ പ്രതിനിധികളെ നിശ്ചയിച്ചതിൽ അടക്കം പാളിച്ചകൾ സംഭവിച്ചു. ക്യാംപ് ഡയറക്ടറോ മറ്റു മേൽനോട്ടമോ ഇല്ലാതെയാണ് ക്യാംപ് നടത്തിയത്. ഭാരവാഹികളുടെ പക്വതയില്ലായ്മയാണ് ഇത്തരം സംഘർഷത്തിലേക്ക് വഴി തുറന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നെടുമങ്ങാട് ബ്ലോക്ക് കെഎസ്‌യു കമ്മിറ്റിക്ക് കീഴിലുള്ള ഭാരവാഹികൾ തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷത്തിലേക്ക് കൂട്ടത്തല്ലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നെടുമങ്ങാട് ഗവ.കോളജ് കെഎസ്‌യു യൂണിയനാണ് ഭരിക്കുന്നത്. കോളജ് ഭാരഹാഹികൾ തമ്മിൽ ചേരിതിരിവുണ്ട്. ഒരു വിഭാഗത്തിന്റെ അനുമതിയില്ലാതെ മറ്റൊരു വിഭാഗത്തിൽപ്പെട്ടവർ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർത്തത് വലിയ വിഷയമായിരുന്നു. ഇതിനെപ്പറ്റിയുള്ള സംസാരമാണ് ക്യാംപിൽ കൂട്ടത്തല്ലായി മാറിയത്. ഈ കൂട്ടത്തല്ല് സംഘടനക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുകയായിരുന്നു.

ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിഷമവും അമർഷവും കാരണം കെഎസ്‌യു പാറശാല ബ്ലോക്ക് പ്രസിഡന്റ് കൈ ജനാലയിൽ ഇടിക്കുകയായിരുന്നു. ഇങ്ങനെയാണ് രാജീവ് ഗാന്ധി സെന്ററിന്റെ ജനാലയിലെ ചില്ലു പൊട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെഎസ്‌യു പ്രസിഡന്റിന്റെ പുറത്തുവന്ന ഡാൻസ് സംഭവദിവസത്തേത്ത് അല്ല. തലേദിവസം രാത്രിയിലേതാണ്. കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, പഴകുളം മധു, ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എ.കെ.ശശി എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.

കെഎസ.യുവിന്റെ ജംബോ കമ്മിറ്റി അടക്കം പൊളിച്ചു പണിയണമെന്ന് നിർദേശിക്കുന്ന കാര്യങ്ങൾ അടക്കം വിശദമായ റിപ്പോർട്ടിൽ ഉണ്ടായേക്കുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പോലും വേണ്ട രീതിയിൽ യോഗത്തിന് വിളിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗ്രൂപ്പുകാരനാണ് അലോഷ്യസ്. സുധാകരനെ മാറ്റി നിർത്തിയെന്ന ആരോപണമടക്കം ചർച്ചയാകുന്നതിനിടെയാണ് അടിപൊട്ടിയത്. മദ്യലഹരിയാണ് എല്ലാത്തിനും പ്രശ്നമായതെന്നും ആരോപണമുണ്ട്. ആഘോഷം അതിരുവിട്ടതോടെ കസേരയിൽ അടി. എല്ലാം കണ്ട് അലോഷ്യസ് സേവ്യറും നിന്നു. പാറശ്ശാലയിൽ നിന്നുള്ള നേതാവിന് കൈയ്ക്ക് വലിയ പരിക്കുണ്ടായി. കൈയ്ക്ക് പ്ലാസ്റ്റിക് സർജറി അടക്കം വേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളിൽ ഇടപെടാനായിരുന്ന യോഗം വിളിച്ചത്. ഈ പഠന യോഗത്തിൽ ആവേശം കൊണ്ടു വന്ന അലോഷ്യസ് സേവ്യർ അടക്കം അച്ചടക്കമില്ലായ്മയുണ്ടാക്കാൻ കാരണമായി എന്ന വിലയിരുത്തൽ ശക്തമാണ്. എ-ഐ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. മദ്യപിച്ചെത്തിയ ചിലർ ഹാളിന് പുറത്ത് പ്രശ്നം തുടങ്ങി. അത് ഹാളിലേക്കും എത്തി. രാജീവ് ഗാന്ധി സെന്ററിന്റെ ജനലും കസേരയും എല്ലാം തല്ലി തകർക്കുന്ന തരത്തിലേക്ക് വിദ്യാർത്ഥി നേതാക്കൾ നീങ്ങി. ഇതെല്ലാം കെപിസിസിയും ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP