വാർത്ത

അന്തർജില്ലാ ബൈക്ക് മോഷണം പതിവ്; മോഷ്ടിച്ച ബൈക്കിന്റെ നമ്പർ അഴിച്ചു വച്ചത് വിനയായി; പൊലീസിന് മുന്നിൽ പരുങ്ങിയ യുവാവിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അഴിഞ്ഞത് നിരവധി മോഷണങ്ങളുടെ ചുരുൾ; കൂട്ടൂപ്രതിയെയും പൊക്കി അടൂർ പൊലീസ്

അടൂർ: അന്തർ ജില്ലാ ബൈക്ക് മോഷണം പതിവാക്കിയ യുവാവ് സംശയകരമായ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ അകപ്പെട്ടു. ബൈക്കിന്റെ അഴിച്ചു വച്ച നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ അഴിഞ്ഞത് നിരവധി മോഷണങ്ങളുടെ ചുരുൾ. കൂട്ടുപ്രതിയെ അടക്കം അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്. പട്രോളിങ് ഡ്യൂട്ടിക്കിടെ സംശയം തോന്നി പിടിച്ചെടുത്ത വാഹനമാണ് മറ്റ് മോഷണങ്ങളിലേക്കും വഴി തെളിച്ചത്.

കലഞ്ഞൂർ കാഞ്ഞിരം മുകളിൽ സന്ധ്യ ഭവനം വീട്ടിൽ വിഷ്ണു(21),മെഴുവേലി തുമ്പമൺ നോർത്ത് പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ മോനായി എന്ന് വിളിക്കുന്ന ജസ്റ്റിൻ ഡാനിയേൽ(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മണക്കാല വെള്ളകുളങ്ങര കനാൽ റോഡിലൂടെ പൊലീസ് പട്രോളിങ് സംഘം കടന്നുപോകുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ ഹീറോഹോണ്ട സ്പ്ലെൻഡർ ബൈക്കുമായി വിഷ്ണുവിനെ കണ്ടത്. വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു.

വിശദമായി പരിശോധിച്ചപ്പോൾ അഴിച്ചു വച്ച നമ്പർ പ്ലേറ്റ് കണ്ടു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ വാഹനത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി. പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതായിരുന്നു ബൈക്ക്. വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോൾ ജസ്റ്റിനൊപ്പം ചേർന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് മുങ്ങിയ ജസ്റ്റിനെ പൊലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ മാസം ആദ്യം മോഷണ ശ്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അടൂർ പൊലീസ് ജസ്റ്റിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും പിടിയിലാകുന്നത്. എറണാകുളത്ത് നിന്നും ഒന്നിലധികം വാഹനങ്ങൾ ഇവർ മോഷ്ടിച്ചുവെന്ന് സംശയിക്കുന്നു. പ്രതികളിൽ നിന്നും നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

കഴിഞ്ഞ വർഷം അടൂർ മൂന്നാളത്ത് നിന്നും വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ടു മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസിൽ പിടികൂടിയിരുന്നു. ജസ്റ്റിൻ അടിപിടി, വാഹന മോഷണം എന്നീ കേസുകളിൽ പ്രതിയാണ്. വിഷ്ണു മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ മോഷണ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്‌ഐ എം മനീഷ്, സി പി ഓമാരായ സൂരജ്, ശ്യാം കുമാർ, ശരത് പിള്ള എന്നിവരാണുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

MNM Recommends


Most Read