വാർത്ത

ഹൂസ്റ്റണിലെ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ 42 പേരെ അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച് അറസ്റ്റിലായ വില്ലൻ; കാക്കനാട്ടെ വിവാദ കമ്പനി ഷാഡ്വെൽസിന്റെ മുൻ സിഇഒ; മുമ്പ് നടത്തിയ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ടോം ബേബി എന്നപേര് ജോസഫ് ടോം എന്നാക്കി; ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലെ ഓഫ് ക്യാമ്പസ് ടോം ബേബിയുടെ അടുത്ത തട്ടിപ്പോ? പത്രങ്ങളിൽ വമ്പൻ പരസ്യം നൽകിയ ജെയിൻ വിവാദത്തിലാകാൻ കാരണം ടോം ബേബിയുടെ അദൃശ്യ സാന്നിധ്യവും

തിരുവനന്തപുരം: അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തി അറസ്റ്റിലായ കാക്കനാട്ടെ ഷാഡ്വെൽസ് കമ്പനി സിഇഒ ടോം ബേബിയാണ് കൊച്ചിയിലെ വിവാദ ജെയിൻ ഓഫ് ക്യാമ്പസിന് പിന്നിലെന്ന് സൂചന. യുജിസി അംഗീകാരമില്ലാതെ ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് കൊച്ചിയിൽ തുടരുന്നതും റെഗുലർ ക്ലാസുകളും നടത്തുന്നതും വിവാദമാകവേയാണ് നടത്തിപ്പുകാരെക്കുറിച്ചും ആരോപണമുയരുന്നത്. മനുഷ്യക്കടത്ത് നടത്തി തട്ടിപ്പ് നടത്തിയ ടോം ബേബിയുടെ അടുത്ത തട്ടിപ്പ് ആണ് കൊച്ചിയിലെ ജെയിൻ ഓഫ് ക്യാമ്പസ് എന്നാണ് ലഭിക്കുന്ന വിവരം. കാക്കനാട് ഷാഡ്വെൽസ് കമ്പനി പ്രവർത്തിച്ച അതേ കെട്ടിടത്തിൽ തന്നെയാണ് ജെയിൻ ഓഫ് ക്യാമ്പസും പ്രവർത്തിക്കുന്നത്. ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ 42 പേരെ അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചുവെന്നതാണ് ടോം ബേബി പ്രതിയായ വിവാദ മനുഷ്യക്കടത്ത് കേസ്. ഹൂസ്റ്റണിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാനെന്ന വ്യാജേന ഷാദ്വെൽസിന്റെ പ്രതിനിധികളെ അമേരിക്കയിലേക്ക് കടത്താനായിരുന്നു ടോം ബേബിയും ഫാ ജെയ്‌സൻ കൊള്ളന്നൂരും പദ്ധതിയിട്ടത്. അന്ന് കെസിബിസി യൂത്ത് കമ്മിഷൻ അധ്യക്ഷനായിരുന്നു ഫാദർ ജെയ്‌സൻ കൊള്ളന്നൂർ. കടത്തുമായി ബന്ധപ്പെട്ടവർക്ക് ഒപ്പം ഇതിനു നേതൃത്വം നൽകിയ ടോം ബേബിയും ഫാദർ ജെയ്സനും അറസ്റ്റിലായിരുന്നു.

2012 കാലത്തുണ്ടായ കേസിലെ പ്രതിയായ അതേ ടോം ബേബി തന്നെയാണ് വിവാദ ഓഫ് ക്യാംപസിനും പിന്നിലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മുൻപ് നടത്തിയ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഇയാൾ പേര് ജോസഫ് ടോം എന്ന് മാറ്റിയതായും സൂചനയുണ്ട്. ടോം ബേബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഴുവൻ മറയ്ക്കാൻ വേണ്ടിയാണ് ഈ പേരുമാറ്റം. ജെയിൻ ഓഫ് ക്യാമ്പസിന് പിന്നിൽ ഐഎസ്ഡിസി എന്ന കമ്പനിയാണ്. ഐഎസ്ഡിസി നിയന്ത്രിക്കുന്നത് ടോം ബേബി തന്നെ. ഇപ്പോൾ ടോം ബേബി നിലവിൽ ഇല്ലാത്തതിനാൽ ജോസഫ് ടോം. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫെയ്സ് ബുക്ക് ഫോട്ടോകളിൽ ജോസഫ് ടോം ഉണ്ടെങ്കിലും രേഖകളിൽ ഇല്ലെന്നാണ് സൂചന. പകരം ടോമിന്റെ ഭാര്യയും സഹോദരിയുമാണ്. പക്ഷെ നിയന്ത്രണം മുഴുവൻ ടോം ബേബിക്ക് തന്നെ. ജെയിൻ യൂണിവേഴ്സിറ്റിയുടെ എല്ലാ പരിപാടികളിലും പ്രധാന കസേരയിൽ ടോം ബേബിയുണ്ട്. ഇതെല്ലാം തന്നെ കൊച്ചി ജെയിൻ ഓഫ് ക്യാമ്പസിനെ ദുരൂഹമാക്കി നിർത്തുന്നു.

കോവിഡ് കാലത്തും വിദ്യാർത്ഥികളെ പിടിക്കാൻ വമ്പൻ പരസ്യവുമായി ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാംപസ് രംഗത്ത് വന്നതോടെയാണ് ടോം ബേബി ബന്ധവും വെളിയിൽ വരുന്നത്. യുജിസി അംഗീകാരമില്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന കൽപ്പിത സർവ്വകലാശാലയെന്ന നിലയിൽ കേരള സർക്കാർ മുന്നറിയിപ്പു നൽകിയ കാര്യം അടക്കം മുറച്ചു വെച്ചുകൊണ്ടാണ് ജെയിൻ യൂണിവേഴ്‌സിറ്റി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇക്കുറി, ജില്ലാ സെന്ററുകളിൽ അടക്കം ഡിപ്ലോമ കോഴ്‌സുകൾ അടക്കം തുടങ്ങാൻ വേണ്ടിയാണ് ജെയിൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ദിനപത്രങ്ങളുടെ ഒന്നാം പേജിൽ വലിയ പരസ്യമാണ് നൽകിയിരിക്കുന്നത്. കോവിഡ് കാലത്തെ തിരിച്ചടിയിൽ നിന്നും കരകയറാനുള്ള അവസരമായി കണ്ട് ജെയിന്റെ പരസ്യങ്ങൾ എല്ലാവരും കൈനീട്ടി വാങ്ങുകയും ചെയ്തു.

ജെയിൻ യൂണിവേഴ്സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസ് തുടങ്ങാൻ അനുമതി ഇതുവരെ യുജിസിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേയാണ് ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് മലയാളം പത്രങ്ങൾ ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യം നൽകിയിരിക്കുന്നത്. യുജിസി അധികൃതർ ഒരു തവണ വിസിറ്റ് ചെയ്തു മടങ്ങിയത് അല്ലാതെ യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയിലെ കാമ്പസിന് യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് താനും. അതുകൊണ്ട് തന്നെയാണ് പരാതികൾ ഉയർന്ന ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തന്നെ യുജിസിയിൽ നിന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി കത്തയച്ചത്.

അംഗീകാരമില്ലാത്ത കോഴ്‌സുകളിൽ വിദ്യാർത്ഥികൾ ചേർന്നാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് നടപടി സ്വീകരിക്കണമെന്നുമാണ് ഉഷ ടൈറ്റസ് യുജിസി ചെയർമാൻ എഴുതി കത്തിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം 20നായിരുന്നു കത്തെഴുതിയത്. സംസ്ഥാന സർക്കാൻ ജെയിൻ യൂണിവേഴ്‌സിറ്റിക്ക് യാതൊരു അംഗീകാരവും നൽകിയിട്ടില്ലെന്നും ഈ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് സാഹചര്യം എന്നിരിക്കയാണ് ഭീമമായ ഫീസ് ഈടാക്കി ബികോം ബിബിഎ, എംകോ, എംഎസി, ബിഎ തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ജെയിൻ യൂണിവേഴ്‌സിറ്റി രംഗത്തുവന്നിരിക്കുന്നത്.

യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സർക്കാർ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നൽകിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റികൾക്ക് ഓഫ് ക്യാമ്പസ് അനുമതി നൽകുക യുജിസിയുടെ പതിവല്ല. അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നൽകി പരസ്യം പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമെന്ന് യുജിസി

കൊച്ചിയിലെ ജെയിൻ ഓഫ് ക്യാമ്പസാണ് അനധികൃതമെന്ന് യുജിസി തന്നെ ഔദ്യോഗികമായി വിശദീകരിച്ചിടുണ്ട്. ജെയിനിന്റെ കൊച്ചിയിലെ ഈ ക്യാമ്പസ് അനധികൃതമെന്ന് പരസ്യം നൽകിയ മലയാളത്തിലെ മുഴുവൻ വർത്തമാന പത്രങ്ങൾക്കും അറിയാം. എന്നിട്ടും പരസ്യത്തിന്റെ പേരിൽ ഈ വസ്തുത പത്രങ്ങൾ മറച്ചുവെയ്ക്കുകയാണ്. കൊച്ചിയിലെ ഓഫ് ക്യാമ്പസ് നമ്പർ തന്നെയാണ് പത്രത്തിൽ നൽകിയിരിക്കുന്നത്. കൊച്ചിയിലെ ക്യാമ്പസിൽ ബിഎസ് സി, ബികോം, ബിബിഎ, ബിഎ കോഴ്സുകൾ നടത്തുന്നുണ്ട്. ജെയിൻ ഓഫ് ക്യാമ്പസ് എന്ന് പറഞ്ഞാണ് ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസ് വാങ്ങി (ബികോമിന് വരെ മൂന്നു ലക്ഷത്തിലധികമാണ് ഇവരുടെ ഫീസ്) ഇവർ അഡ്‌മിഷൻ നടത്തുന്നത്. ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസ് അനധികൃത്രമാണ്. അഥോറിറ്റിയുടെ അതായത് യുജിസിയുടെ അനുമതി ലഭിക്കാതെയാണ് ഇവർ കൊച്ചിയിൽ റെഗുലർ ക്ലാസുകൾ നടത്തുന്നത്. ഇത് ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ തന്നെ മറുനാടൻ മലയാളിയോട് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി യുജിസി ടീം ഇൻസ്പെക്ഷൻ നടത്തി പോയി എന്നാണ് കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞത്. അവർ അംഗീകാരം കാത്തിരിക്കുകയാണ്. പക്ഷെ ഓഫ് ക്യാമ്പസ് അംഗീകാരം ഒന്നും ലഭിക്കാതെ ഡിഗ്രി ക്ലാസുകൾ ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസ് വാങ്ങി ഇവർ ആരംഭിച്ചിരിക്കുന്നത്.

പരസ്യത്തിൽ പറഞ്ഞിരിക്കുന്ന പ്രാധാന കോഴ്സുകൾ ഒന്നും കേരളത്തിലില്ല. എല്ലാം ബംഗളൂരുവിലാണ്. ബംഗളൂരുവിൽ പഠനത്തിനില്ല എന്ന് പറഞ്ഞാൽ കൊച്ചിയിലെ കോഴ്സുകളുടെ കാര്യം പറയും. മൂന്നു വർഷ സ്ഥിരം ക്ലാസുകൾ ഉള്ള കോഴ്സുകൾ. രണ്ടു ലക്ഷം മുതൽ മുകളിലോട്ടാണ് ഡിഗ്രി കോഴ്സുകൾക്ക് ഇവർ ഫീസ് ഈടാക്കുന്നത്. അനുമതിയില്ലാത്ത ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിൽ ആടാൻ സാധ്യതയുണ്ട് എന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ മറുനാടനോട് പ്രതികരിച്ചത്. ക്യാമ്പസിന് അനുമതിയില്ല എന്ന് അവർ തന്നെ പറയുന്നു. എന്നിട്ട് അവിടെ റെഗുലർ ക്ലാസും. പ്രശ്നം വിവാദമായാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ വെള്ളത്തിലാകും. സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ യുജിസി അനുമതി നൽകിയില്ലെങ്കിൽ ഇവരുടെ ഭാവി ചോദ്യചിഹ്നമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ പ്രതികരിക്കുന്നത്.

ഡീംഡ് യൂണിവേഴ്സിറ്റി ആണെങ്കിലും യുജിസി സിസ്റ്റം അനുസരിച്ച് ഏതു സ്റ്റേറ്റിൽ ആണെങ്കിലും ഓഫ് ക്യാമ്പസ് തുടങ്ങാം. ഈ ജനുവരിയിൽ യുജിസി ടീം വന്നു ഇൻസ്പെക്ഷൻ നടത്തി പോയിട്ടുണ്ട്. ഞങ്ങൾ ഓഫ് ക്യാമ്പസ് തുടങ്ങിയത് യുജിസി നിയമം അനുസരിച്ച് തന്നെയാണ്-ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞു. ജനുവരിയിൽ ഇൻസ്പെക്ഷൻ കഴിഞ്ഞെങ്കിലും റിപ്പോർട്ട് വന്നിട്ടില്ല. ജെയിൻ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് യുജിസിയുടെ അംഗീകാരമനുസരിച്ചല്ല അനധികൃതമായാണ് എന്ന് യുജിസി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് അറിയില്ലെന്നാണ് ജെയിൻ ഓഫ് ക്യാമ്പസ് അധികൃതർ പ്രതികരിച്ചത്.

ജെയിൻ മുൻപ് തന്നെ വിവാദ വിഷയം

ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് മുൻപ് തന്നെ വ്യക്തമായതാണ്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നുമാണ് ചട്ടം. കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യുജിസി മുൻപ് തന്നെ അറിയിച്ചത്. ഇത് സർക്കാരിനു നൽകിയ കത്തിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യുജിസിക്ക് പോലും വിദൂരപഠന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. ഈ അവസ്ഥയിലാണ് ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ പ്രവർത്തിക്കുന്നത്. കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ജെയിൻ സർവ്വകലാശാലയുമായി ബന്ധപ്പെട്ടു വിവാദത്തിൽ ചാടിയിരുന്നു. എറണാകുളത്ത് പ്ലസ്ടുവിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികൾക്ക് കൊച്ചിയിലെ ഈ ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നൽകുമെന്നും ഇത് സംബന്ധിച്ച് ആ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുമെന്നുമാണ് മുൻപ് മന്ത്രി പറഞ്ഞത്. എന്നാൽ വാർത്ത ശ്രദ്ധയിൽ പെട്ട മാധ്യമപ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചതിനെ തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ആകെ മൂന്ന് കൽപിത സർവ്വകലാശാലകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എന്നിട്ടും ഇതു പോലൊരു തട്ടിപ്പ് മനസിലാക്കാൻ സാധിക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ചോദ്യം ഉയർന്നത്.
നേരത്തേ മറ്റൊരു വിവാദത്തിൽ ജെയ്ൻ കൽപിത സർവകലാശാല പെട്ടിരുന്നു. സർവകലാശാല എന്ന പദവി ലഭിക്കുന്നതിന് മുൻപ് തന്നെ ജെയ്ൻ സർവകലാശാല എന്ന് സ്വയം പ്രഖ്യാപിച്ചതിനായിരുന്നു അത്. തുടർന്ന് യുജിസി യുടെ നിർദ്ദേശ പ്രകാരം ജെയ്ൻ എന്ന പേരിലേക്ക് അത് മാറ്റി. വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ 2018ലാണ് യുജിസി കൽപിത സർവ്വകലാശാലയായി അംഗീകരിച്ചത്.

ജെയിൻ ഓഫ് ക്യാമ്പസ് നിയമസഭയിലും

ജെയിൻ ഓഫ് ക്യാമ്പസ് സംബന്ധമായി നിയമസഭയിലും ചോദ്യം ഉയർന്നിട്ടുണ്ട്. ലീഗ് എംഎൽഎ കെഎൻഎ ഖാദറാണ് അനധികൃത ഓഫ് ക്യാമ്പസ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2018ലാണ് മന്ത്രി കെ.ടി.ജലീലിനോട് ചോദ്യം ഉന്നയിച്ചത്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് ഓഫ് ക്യാമ്പസ് നടത്താൻ ഏതു രീതിയിലുള്ള അനുവാദമാണ് വേണ്ടത് എന്നാണ് ഖാദർ ചോദിച്ചത്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് അവരുടെ സ്വന്തം ക്യാമ്പസ് എവിടെയാണ് അവിടെ മാത്രമാണ് കോഴ്സുകൾക്ക് അനുമതി. ഓഫ് ക്യാമ്പസിന് അനുമതിയില്ലെന്നാണ് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്. ബിരുദാനന്തര-ബിരുദ കോഴ്സുകളും ഗവേഷണങ്ങളും നടത്തുന്ന മുൻനിര സർവകലാശാലകൾക്ക് മാത്രമാണ് ഓഫ് ക്യാമ്പസ് അനുമതി. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ൻ സർക്കാരിനു അപേക്ഷ നൽകിയിട്ടുണ്ട്. ചട്ടങ്ങൾക്കെതിരാണ് പ്രവർത്തനം എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മറുപടിയിൽ മന്ത്രി ജലീൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ജയിൻ യൂണിവേഴ്സിറ്റി രംഗത്ത് വന്നിട്ടുണ്ട്. അവർ പറയുന്നത് ഇങ്ങനെ:

പ്രവർത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങൾ പാലിച്ചെന്ന്

തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവർത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവർത്തനം മാനിച്ച് 2018 മാർച്ച് 20-ന് യുജിസി ജെയിൻ ഡീംഡ് ടി ബി യൂണിവേഴ്‌സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നൽകി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റീസ്) നിയന്ത്രണ നിയമ പ്രകാരം കാറ്റഗറി 2 നൽകിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികൾക്ക് അഞ്ച് വർഷത്തിൽ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകൾ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. അടിസ്ഥാന രഹിതമായ ആരോപണമാണ് ഇപ്പോൾ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് എതിരെ വരുന്നത്.

ഓഫ് കാമ്പസുകൾ ആരംഭിക്കുന്ന സ്ഥാപനങ്ങൾ അതിനുള്ള ലെറ്റർ ഓഫ് ഇന്റന്റും സ്ഥാപിച്ച് കഴിഞ്ഞ സ്ഥാപനങ്ങൾ അതിന് അംഗീകാരം തേടിയുള്ള അപേക്ഷയും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണെന്ന് 2018 ഓഗസ്റ്റ് 31-ന് യുജിസി ഇറക്കിയ നോട്ടിഫിക്കേഷനിൽ വിശദമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനെ തുടർന്ന് കാലതാമസം നേരിടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രാലയം തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും 2019-ലെ പുതുക്കിയ യുജിസി നിയന്ത്രണങ്ങൾക്ക് അനുസൃതമായി വീണ്ടും അപേക്ഷ നൽകാൻ 2019 സെപ്റ്റംബർ 16-ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പുതിയ അപേക്ഷ സമർപ്പിച്ചു. ഇതേ തുടർന്ന് മന്ത്രാലയം കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് കൈമാറി. എന്നാൽ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദർശനം നീണ്ടു പോവുകയായിരുന്നു.

2019 ഡിസംബർ 8 മുതൽ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദർശിച്ച വിദഗ്ധ സമിതി യുജിസിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും കൊച്ചിയിൽ ഓഫ് കാമ്പസ് ആരംഭിക്കാൻ അനുമതി നൽകാൻ 2020 മേയിൽ നടന്ന യുജിസി യോഗം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാർശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുമുണ്ട്-യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു.

മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍. news@marunadan.in

MNM Recommends


Most Read