ഭാരതം

ഗവേഷണത്തിനിടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയം; സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷൻ

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം ഗവേഷണം അനുവദിച്ചാൽ മതിയെന്ന വിധത്തിൽ കേന്ദ്ര സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏതു വിഷയത്തിൽ ഗവേഷണം നടത്തണമെന്ന് തീരുമാനിക്കാൻ ഗവേഷകർക്ക് അവകാശമുണ്ട്. വിഷയത്തിന്റെ പ്രസക്തിയും രീതിശാസ്ത്രവും തീരുമാനിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും റിസർച്ച് ഗൈഡിനും വിഷയത്തിലെ വിദഗ്ദരടങ്ങിയ ഡോക്ടറൽ കമ്മിറ്റി,റിസർച്ച് കമ്മിറ്റി എന്നീ സംവിധാനങ്ങളുണ്ട്. അതിനപ്പുറത്തേക്കുള്ള ഇടപെടലുകൾ അക്കാദമിക് താത്പര്യത്തിന് നിരക്കുന്നതല്ല.

2019 ജനുവരിയിൽ ജലന്ധറിൽ നടന്ന ദേശീയ ശാസ്ത്ര സമ്മേളനത്തിൽ വെച്ച് ജയ് അനുസന്ധാൻ (ഗവേഷണം) എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്പോള താത്പര്യാർത്ഥമുള്ള ഗവേഷണം എന്ന കാഴ്‌ച്ചപ്പാടാണ് അവതരിപ്പിച്ചത്. ഗവേഷണരംഗത്തിന്‌ടെ സ്വകാര്യവത്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇൻടസ്ട്രി-അക്കാദമിക് ലിങ്കേജ് എന്നത് നിലവിൽ ദേശീയ തലത്തിൽ നടപ്പിലാക്കി വരുന്ന റൂസ പ്രോജക്ടിന്‌ടെ ഭാഗവുമാണ്.

പഞ്ചഗവ്യം പോലെയുള്ള വിഷയങ്ങളിലെ ഗവേഷണത്തിന് കോടികൾ അനുവദിക്കുന്ന സർക്കാർ ഫെലോഷിപ്പ് വർദ്ധനവിനു വേണ്ടിയുള്ള സമരങ്ങൾ കണ്ടില്ല എന്ന് നടിക്കുകയുമാണ്. ഫലത്തിൽ വിദ്യാഭ്യാസത്തിന്‌ടെ കേന്ദ്രീകരണത്തിലേക്ക് നയിക്കുന്നതാണ് ഈ നടപടി.
ഇത്തരമൊരു നീക്കത്തിനെതിരെ പ്രതിഷേധിച്ച് കൊണ്ട് കേന്ദ്ര സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വം രാജി വെച്ച പ്രൊഫ.മീന.ടി.പിള്ളയ്ക്ക് ഡി.ആർ. എസ്. ഒ സംസ്ഥാന കമ്മിറ്റി പിന്തുണ അറിയിച്ചു. കൂടുതൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും ഈ വിഷയത്തിൽ പ്രതിഷേധരംഗത്തേക്ക് വരണമെന്നും സംസ്ഥാന കൺവീനർ അകിൽ മുരളി അഭ്യർത്ഥിച്ചു.

അയ്യപ്പൻകാവ് ഓഫീസിൽ വെച്ചു നടന്ന യോഗത്തിൽ ജോയിൻ കൺവീനർമാരായ അലീന.എസ്, വിദ്യ.ആർ. ശേഖർ, മേധ സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

 

MNM Recommends


Most Read