വാർത്ത

ആദ്യ ഭൂകമ്പത്തിനുശേഷം ഓരോ മിനിറ്റിലും തുടർചലനങ്ങൾ; ഇന്നലെ സർവനാശം ഉണ്ടാക്കിയത് 7.1 മാഗ്നിറ്റിയൂഡ് ചലനം; വർഷങ്ങളോളം ഇനി ഭൂമി കുലുങ്ങുമെന്ന് റിപ്പോർട്ട്; അവസരം പാഴാക്കാതെ കള്ളന്മാർ കൊള്ളയടിച്ച് മുന്നോട്ട്; ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ കാലിഫോർണിയ ഞൊടിയിടയിൽ മാറുന്നത് ഇങ്ങനെ

കാലിഫോർണിയ: രണ്ടുദിവസത്തിനിടെ രണ്ടാമതത്തെ വലിയ ഭൂകമ്പം ഉണ്ടായതോടെ, സതേൺ കാലിഫോർണിയ നടുങ്ങിവിറച്ചു. വ്യാഴാഴ്ച പുലർച്ചെ 6.4 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ അതേ മേഖലയിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായത് 7.1 മാഗ്നിറ്റിയൂഡുള്ള വമ്പൻ ഭൂകമ്പം. അരമിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ലാസ് വെഗസ്സ് മുതൽ ലോസെയ്ഞ്ചൽസ് വരെയുള്ള ഭാഗങ്ങളിൽ അനുഭവപ്പെടുകയും ചെയ്തു. തുടരെ രണ്ട് വലിയ ഭൂകമ്പങ്ങളുണ്ടായതോടെ, കാലിഫോർണിയ നിവാസികൾ കടുത്ത ആശങ്കയിലാവുകയും ചെയ്തു.

കാലിഫോർണിയയിൽ ഇന്നലെയുണ്ടായ ഭൂകമ്പം 1999-ൽ രേഖപ്പെടുത്തിയ 7.1 മാഗ്നിറ്റിയൂഡ് ഭൂകമ്പം കഴിഞ്ഞാൽ ഏറ്റവും വലുതാണെന്ന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സീസ്‌മോളജിസ്റ്റ് ഡോ. ലൂസി ജോൺസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഏഴിനടുത്ത് ശേഷിയുള്ള മറ്റൊരു ഭൂകമ്പം കൂടെയുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അഞ്ചിനടുത്ത് ശേഷിയുള്ള ഭൂകമ്പം എന്തായാലും ഉണ്ടാകുമെന്നാണ് ഇവർ പറയുന്നത്.

വ്യാഴാഴ്ചത്തെ ഭൂകമ്പത്തിനുശേഷം 1700-ഓളം തുടർചലനങ്ങളാണ് മേഖലയിൽ രേഖപ്പെടുത്തിയത്. ഇവയുടെ തുടർച്ചയെന്നോണമാണ് വെള്ളിയാഴ്ച വമ്പൻ ഭൂകമ്പമുണ്ടായതെന്ന് ലൂസി ജോൺസ് പറഞ്ഞു. വ്യാഴാഴ്ചത്തെ ഭൂകമ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 മടങ്ങ് വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ചയുണ്ടായത്. കെട്ടിടങ്ങളെ കീഴ്‌മേൽ മറിക്കാനുള്ള ശേഷിയുള്ള ഭൂകമ്പമാണ് കാലിഫോർണിയയിലുണ്ടായതെന്നും അത്തരത്തിലൊരു നാശമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അവർ പറയുന്നു.

പ്രധാന ഭൂകമ്പത്തെ തുടർന്നുള്ള തുടർചലനങ്ങൾ ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിന്നേക്കാം. ഒരാഴ്ചയ്ക്കിടെ ഇപ്പോഴുണ്ടായതിനെക്കാൾ ശേഷിയുള്ള ഭൂകമ്പമുണ്ടാകാൻ 11 ശതമാനം സാധ്യതയാണ് സീസ്‌മോളജിസ്റ്റുകൾ നൽകുന്നത്. എന്നാൽ, വലിയൊരു ഭൂകമ്പത്തിനുകൂടി സാധ്യതയുണ്ടെന്ന കാര്യം അവർ തള്ളിക്കളയുന്നില്ല. ആദ്യഭൂകമ്പത്തിൽ നാശനഷ്ടം നേരിട്ട റിഡ്ജ്‌ക്രെസ്റ്റ് ഉൾപ്പെടെയുള്ള മേഖലയിൽ വലിയതോതിൽ നാശനഷ്ടവും അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ആളപായമില്ല.

രണ്ട് വലിയ ഭൂകമ്പങ്ങൾ തുടരെയുണ്ടായതോടെ, അടഞ്ഞുകിടക്കുന്ന കടകളിലും മറ്റും വലിയതോതിൽ കൊള്ള നടക്കുന്നതായി റിപ്പോർട്ടുണ്ട്. ഭൂകമ്പത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായ റിഡ്ജ്‌ക്രെസ്റ്റിലാണ് കൂടുതൽ കൊള്ളയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിക്കവാറും കടകളിൽ സാധനങ്ങൾ ഷെൽഫുകളിൽനിന്ന് ചിതറിക്കിടക്കുകയാണ്. ഇതിനിടയിൽനിന്നാണ് തട്ടിപ്പുകാർ സാധനങ്ങൾ അടിച്ചുമാറ്റുന്നതെന്ന് മേയർ പെഗ്ഗി ബ്രീഡൻ പറഞ്ഞു. മോഷ്ടാക്കളെ തടയുന്നതിന് പൊലീസിന്റെ സഹായം തേടിയതായും അവർ വ്യക്തമാക്കി.

MNM Recommends


Most Read