വാർത്ത

ഞങ്ങളുടെ ആരാധനാലയത്തിൽ രാഹുൽ ഈശ്വറിനെന്ത് കാര്യം? ശബരിമലയിൽ മകരജ്യോതിക്ക് മകരവിളക്ക് തെളിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണം എന്നാവശ്യപ്പെട്ട രാഹുൽ ഈശ്വറിന് മറുപടിയുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്

കൊച്ചി: ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനാനുള്ള അവകാസം മലയരയർക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഈശ്വറിന്് മറുപടിയുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്. രാഹുൽ ഈശ്വറിന്റെ പ്രസ്താവന മലയരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പി.കെ സജീവ് പറഞ്ഞു. ഞങ്ങളുടെ പൂർവികരുടെ ആരാധനാലയത്തിൽ രാഹുൽ ഈശ്വർക്കെന്തു കാര്യമെന്ന് രാഹുൽ ഈശ്വറോട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സജീവ് ചോദിച്ചു. ശബരിമല ക്ഷേത്രം തങ്ങളുടേതാണെന്ന നിലപാടും സജീവൻ ആവർത്തിച്ചു.

ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിതെന്നും പി.കെ സജീവ് ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതൽ മല അരയർക്കു നൽകണമെന്നും മറ്റവകാശങ്ങൾ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. ഞങ്ങടെ പൂർവികരുടെ ആരാധനാലയത്തിൽ നിങ്ങൾക്കെന്തു കാര്യം. ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട.... പ്ലീസ്.

രാഹുൽ ഈശ്വറിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു:

ശബരിമലയിൽ മകരജ്യോതിക്ക് മകരവിളക്ക് തെളിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാവരും മലയരയരുടെ അവകാശം അംഗീകരിച്ചതാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ഇക്കാര്യം ഉറപ്പുനൽകിയിട്ട് രണ്ടു വർഷമാകുന്നു. വാക്കുപാലിക്കാൻ മന്ത്രി തയാറാകണം. എസ്.സി-എസ്.ടി കമീഷൻ അനുകൂല തീരുമാനമെടുക്കാനിരിക്കെ സർക്കാറാണ് വനം വകുപ്പിനെ ഉപയോഗിച്ച് ഹൈക്കോടതിയെ സമീപിച്ച് മലയരയർക്ക് അർഹമായ അംഗീകാരം അട്ടിമറിച്ചത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മുന്നേറ്റമാണ് നടക്കുന്നതെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരം കാര്യങ്ങളിൽ മൗനം തുടരുകയാണ്. ഹൈക്കോടതിയിൽ മലയരയർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഹൈന്ദവ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജാതി രാഷ്ട്രീയം കളിക്കാനുള്ള സിപിഎം തന്ത്രങ്ങൾക്ക് സർക്കാറും മുഖ്യമന്ത്രിയും കൂട്ടുനിൽക്കുകയാണ്.

MNM Recommends


Most Read