വാർത്ത

സംസ്‌കരിക്കാൻ സ്ഥലമില്ലാത്തതിനാൽ മൃതദേഹം എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു വീട്ടുകാർ; വീട്ടമ്മയുടെ സംസ്‌കാരത്തിനായി സമീപവാസി സ്വന്തം സ്ഥലം നൽകി; കായംകുളം സ്വദേശി ബിപിൻ രാജും കുടുംബവും കരുണ കാട്ടിയതോടെ തുളസിക്ക് അന്ത്യനിദ്രയ്ക്ക് ഇടം ഒരുങ്ങി

കായംകുളം: മൃതദേഹം സംസ്‌കരിക്കാൻ സ്ഥലമില്ലാത്തതിനാൽ വീട്ടമ്മയുടെ സംസ്‌കാരത്തിനായി സമീപവാസി സ്വന്തം സ്ഥലം നൽകി. ദേവികുളങ്ങര മുട്ടത്തു മണ്ണേൽ മങ്ങാട്ടുശേരിൽ വാടകയ്ക്കു താമസിക്കുന്ന രഘുവിന്റെ ഭാര്യ തുളസിക്ക്(50)ആണ് സമീപവാസിയുടെ കാരുണ്യത്തിൽ ചിത ഒരുക്കിയത്. പുതുപ്പള്ളി കരിയിൽ ബിപിൻരാജിന്റെ പറമ്പിലാണ് ഇവർക്കായി ചിത തയാറാക്കിയത്.

കൊല്ലം സ്വദേശികളായ ഇവർ ബംഗ്ളുരുവിൽ നിന്നും 13 വർഷം മുമ്പ് ദേവികുളങ്ങരയിലെത്തി ആശാരിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. വാടക വീട്ടിലാണ് മൂന്നു മക്കളുമായി ഇവർ കഴിഞ്ഞത്. രോഗം മൂലം രഘുവിന് ദീർഘനാളായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. കുറച്ചുനാളായി തുളസി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ആൺമക്കളും ഒരു മകളുമാണ് ഇവർക്കുള്ളത്.

മകളുടെ വിവാഹം കഴിഞ്ഞു. മാതാപിതാക്കൾക്ക് സുഖമില്ലാതായതോടെ മക്കൾ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. സ്വന്തമാെയാരു വീടും സ്ഥലവുമെന്ന സ്വപ്നവുമായി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടെ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ല. റേഷൻകാർഡ് പോലും ഈ കുടുംബത്തിനില്ല. തുളസിയുടെ മരണത്തെത്തുടർന്ന് മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന ആശങ്ക ഉയർന്നു.

ഒടുവിൽ കായംകുളം നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. ഈ സമയം സിപിഎം നേതാക്കൾ ഇടപെട്ടാണ് പാർട്ടി അംഗമായ ബിപിൻരാജിന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ സംസ്‌കരിക്കാൻ തീരുമാനിച്ചത്. ബിപിൻ രാജും കുടുംബവും ഇതിന് തയാറായതോടെയാണ് തുളസിക്ക് അന്ത്യനിദ്രയ്ക്ക് ഇടം ഒരുങ്ങിയത്. മക്കൾ: രാജേഷ്, ദീപ, മോഹനൻ. മരുമകൻ: സുമേഷ്.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read