വാർത്ത

സിനിമാ പ്രവർത്തകർക്കും കുടുംബങ്ങൾക്കും ഇനി സൗജന്യ ചികിത്സ! തിരുവനന്തപുരത്ത് കേന്ദ്രസർക്കാർ പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നു

തിരുവനന്തപുരം: സിനിമപ്രവർത്തകർക്കായി കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രത്യേകം ആശുപത്രി സ്ഥാപിക്കുന്നു. ദക്ഷിണേന്ത്യയിൽ അനുവദിച്ച ആദ്യത്തെ ആശുപത്രി തിരുവനന്തപുരത്താണ് പ്രവർത്തനം ആരംഭിക്കുക. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലാണ് ആശുപത്രി ആരംഭിക്കുന്നത്. സിനിമാ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ, മരുന്ന് എന്നിവ ഈ ആശുപത്രിയിൽ ലഭ്യമാക്കും. ചികിത്സാച്ചെലവ് റീ ഇംപേഴ്‌സ്‌മെന്റിലൂടെ നൽകാനുള്ള ചുമതലയും കേന്ദ്രത്തിനുണ്ട്.

സിനിമാ പ്രവർത്തകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, ഇൻഷുറൻസ് പദ്ധതി തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾക്കും ഈ ആശുപത്രിയെ ചുമതലപ്പെടുത്തും. നിലവിൽ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമാപ്രവർത്തകർക്കായി ആശുപത്രികളുള്ളത്. ദക്ഷിണേന്ത്യൻ സിനിമാ കേന്ദ്രമായ ചെന്നൈയെ മറികടന്നാണ് കേരളത്തിലെ തിരുവനന്തപുരം ഈ നേട്ടം സ്വന്തമാക്കിയത് എന്നത് സംസ്ഥാനത്തിന് നേട്ടമായി. ഈ ആശുപത്രി വെൽഫെയർ ഓഫീസായും റഫറൽ യൂണിറ്റായും പ്രവർത്തിക്കും.

കേരളത്തിലെ സിനിമാ പ്രവർത്തകരുടെ ക്ഷേമപദ്ധതികളും ഇതിനാവശ്യമായ ഫണ്ടും കൈകാര്യംചെയ്യുന്നത് കേന്ദ്ര ലേബർ വെൽഫെയർ ഓർഗനൈസേഷനാണ്. ബീഡിഖനന തൊഴിലാളികളുടെ ക്ഷേമനിധി കൈകാര്യം ചെയ്യുന്നതും ഈ വിഭാഗമാണ്. ബീഡി തൊഴിലാളികളുടെ ക്ഷേമപ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ വെൽഫെയർ കമ്മീഷണർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസിലായിരുന്നു സിനിമാപ്രവർത്തകരുടെ ക്ഷേമനിധി പ്രവർത്തനങ്ങൾ ഇതുവരെ നടന്നിരുന്നത്. ഇത് വളരെയേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

ചലച്ചിത്രപ്രവർത്തക ക്ഷേമനിധി നിയമം പാർലമെന്റ് പാസ്സാക്കിയശേഷം 1.31 കോടി രൂപ സെസ് ഇനത്തിൽ ശേഖരിച്ചിട്ടുണ്ടെങ്കിലും 30 ലക്ഷത്തിൽ താഴെ മാത്രമാണ് വിവിധ ക്ഷേമനിധികൾക്ക് ഉപയോഗിച്ചിട്ടുള്ളത്. ബിജെപി.യുടെ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ബിജെപി. കലാസാംസ്‌കാരിക വിഭാഗമായ ഉണർവിന്റെ സംസ്ഥാന കൺവീനർ ഗോപൻ ചെന്നിത്തലയും കേന്ദ്രതൊഴിൽ മന്ത്രി നരേന്ദ്രസിങ് തോമറിനും കേന്ദ്ര ആരോഗ്യമന്ത്രിക്കും നൽകിയ നിവേദനത്തെത്തുടർന്നാണ് സിനിമാപ്രവർത്തകർക്കായി ആശുപത്രിയും വെൽഫെയർ ഓഫീസും തലസ്ഥാനത്ത് അനുവദിച്ചത്.

MNM Recommends


Most Read