വാർത്ത

പൈലറ്റ് പീഡിപ്പിച്ചെന്ന് എയർഹോസ്റ്റസിന്റെ പരാതി; മൂന്നുമാസം കഴിഞ്ഞിട്ടും എയർഇന്ത്യ നടപടി എടുക്കാതെ പ്രതിയെ സംരക്ഷിക്കുന്നതായി ആക്ഷേപം; ദേശീയ വനിതാകമ്മീഷനിൽ പരാതി നൽകാനൊരുങ്ങി യുവതി

കോഴിക്കോട്: എയർ ഇന്ത്യയിൽ ആകാശ പീഡന വിവാദം. പൈലറ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി എയർഹോസ്റ്റസ് രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. മൂന്ന് മാസം മുമ്പ് നൽകിയ പരാതിയിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് മഹാരാഷ്ട്ര സ്വദേശിനിയായ എയർഹോസ്റ്റസ് പരാതിപ്പെട്ടത്. പൈലറ്റും എയർഇന്ത്യ എക്സ്‌പ്രസിന്റെ കൊച്ചിയിലെ ചീഫ് ഓഫ് ഓപ്പറേഷനുമായ ആർ.പി.സിങ്ങിനെതിരെ ഏപ്രിൽ നാലിനാണ് മഹാരാഷ്ട്രക്കാരിയായ എയർഹോസ്റ്റസ് പരാതിപ്പെട്ടത്. ഇതേ ദിവസംതന്നെ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിരുന്നു.

മാനസികമായും അല്ലാതെയും നിരന്തരം ആർ.പി.സിങ് തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മൂന്നുമാസമായിട്ടും എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിനുശേഷം എമർജൻസി ലീവിന് അപേക്ഷ നൽകി എയർഹോസ്റ്റസ് അവധിയിൽ പ്രവേശിച്ചെങ്കിലും ഇതുവരെ അധികൃതർ അവധി പാസാക്കിയിട്ടില്ല.

അടിയന്തരമായി നെടുമ്പാശ്ശേരിയിൽ എത്തി ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന രീതിയിൽ സ്ഥാപനത്തിലെ ചില ഉന്നതർ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. സംഭവദിവസം വിമാനത്തിനുള്ളിൽവച്ച് പൈലറ്റ് മോശമായി പെരുമാറിയതിന് മറ്റ് കാബിൻ ക്രു സുഹൃത്തുകൾ സാക്ഷികളാണെന്ന് പറയുന്നു.

സാധാരണനിലയിൽ ഇത്തരം പരാതികൾ ലഭിച്ചാൽ നിയമാനുസൃതം സ്ഥാപനം തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മൂന്നുമാസമായിട്ടും ഉന്നത ഉദ്യോഗസ്ഥനെ വച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ കുറ്റാരോപിതനായ പൈലറ്റിൽനിന്ന് വിശദീകരണം തേടാനോ എയർഇന്ത്യ എക്സ്‌പ്രസ് തയ്യാറായിട്ടില്ല. പൈലറ്റിനെതിരെ മുമ്പും മോശമായ പെരുമാറ്റത്തിന്റെ പേരിൽ പരാതി ഉയർന്നിരുന്നു. എയർഇന്ത്യ എക്സ്‌പ്രസിലെ ചില ഉന്നതർ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ രണ്ടുദിവസത്തിനകം ദേശീയ വനിതാകമ്മീഷനിൽ പരാതി നൽകുമെന്ന് എയർഹോസ്റ്റസ് അറിയിച്ചു.

MNM Recommends


Most Read