വാർത്ത

പച്ചില പെട്രോളുണ്ടാക്കാനെത്തിയ രാമർ പിള്ളയ്ക്കു മൂന്നു വർഷം കഠിനതടവും 30,000 രൂപ പിഴയും; കള്ളത്തരം കണ്ടുപിടിച്ച സിബിഐയുടെ നിലപാടു ശരിവച്ചു ചെന്നൈ കോടതി

ചെന്നൈ: രാജ്യത്ത് ഏറെ ചർച്ച വിഷയമായ പച്ചിലപെട്രോൾ അവതരിപ്പിച്ച രാമർ പിള്ളയ്ക്കു മൂന്നു വർഷം കഠിനതടവും 30,000 രൂപ പിഴയും. ചെന്നൈ എഗ്മോർ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണു പച്ചിലപെട്രോൾ എന്ന ആശയം തട്ടിപ്പായിരുന്നെന്നും രാമർപിള്ള കബളിപ്പിക്കുകയായിരുന്നെന്നും കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഇരുപതു വർഷം മുമ്പാണു പെട്രോൾ ക്ഷാമത്തിനു പരിഹാരമായി പച്ചിലയിൽനിന്നുൽപാദിപ്പിക്കുന്ന ലായനി വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാമെന്ന അവകാശവാദവുമായി രാമർ എത്തിയത്. പലരിൽനിന്നായി പച്ചിലപെട്രോളിന്റെ പേരിൽ രാമർപിള്ളയും കൂട്ടാളികളും 2.27 കോടി രൂപ തട്ടിയതായും കോടതി കണ്ടെത്തി.

രാമർ പിള്ളയടക്കം അഞ്ചുപേർക്കാണു കോടതി ശിക്ഷ വിധിച്ചത്. ആർ വേണുദേവി, എസ് ചിന്നസ്വാമി, ആർ രാജശേഖരൻ, എസ് കെ ഭരത് എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. 1996-ലാണു വിരുദുനഗർ ജില്ലയിലെ രാജപാളയം സ്വദേശിയായ രാമർ പിള്ള പച്ചിലയിൽനിന്നു പെട്രോൾ ഉണ്ടാക്കാമെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്.

ചില പച്ചിലകൾ പ്രത്യേക അനുപാതത്തിൽ കൂട്ടിക്കലർത്തി തിളപ്പിക്കുമ്പോൾ പെട്രോളിന്റെ ഗുണങ്ങളുള്ള ദ്രാവകം ഉൽപാദിപ്പിക്കാമെന്നായിരുന്നു രാമറിന്റെ കണ്ടെത്തൽ. ഉപ്പും സിട്രിക് ആസിഡും ചേർക്കണമെന്നും രാമർ പറഞ്ഞിരുന്നു. അന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിക്കും ശാസ്ത്രജ്ഞർക്കും മുന്നിലും പെട്രോൾ ഉൽപാദന വിദ്യ രാമർ വിശദീകരിച്ചിരുന്നു. രാമർ ബയോ ഫ്യുവെൽ എന്ന പേരിലാണ് ഈ ദ്രാവകം രാമർ വിറ്റിരുന്നത്. താൻ ഉൽപാദിപ്പിച്ച പെട്രോൾ ഉപയോഗിച്ചു വാഹനങ്ങൾ സഞ്ചരിച്ചിരുന്നതായും രാമർ അവകാശപ്പെട്ടിരുന്നു.

എന്നാൽ സിബിഐ ഈ അവകാശം തെറ്റാണെന്നു കണ്ടെത്തിയിരുന്നു. രാമർ പിള്ളയും ചില എണ്ണക്കമ്പനി ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് തട്ടിപ്പു പെട്രോൾ എന്നാണു സിബിഐ കണ്ടെത്തിയത്. പെട്രോളിയം ഉപോൽപന്നങ്ങളായ ബെൻസീൻ, ടൊളുവിൻ എന്നിവ ഉപയോഗിച്ച് നിയമവിരുദ്ധമായ രീതിയിൽ നിർമ്മിച്ച ദ്രാവകമാണ് പച്ചില പെട്രോൾ എന്നപേരിൽ രാമർ വിൽപന നടത്തിയിരുന്നെന്നാണു സിബിഐയുടെ കണ്ടെത്തൽ. രാമറിന്റെ ചെന്നൈയിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിനു ശേഷമാണു സിബിഐ തട്ടിപ്പു കണ്ടെത്തിയത്. 2010-ൽ വേളാർ ബയോ ഹൈഡ്രോ കാർബണ്ഡ ഫ്യുവെൽ എന്ന പേരിൽ ബയോ ഇന്ധനം വികസിപ്പിച്ചതായും രാമർ അവകാശപ്പെട്ടിരുന്നു.

MNM Recommends


Most Read