വാർത്ത

ബണ്ടിചോറിനെ ദൈവത്തെപ്പോലെ ആരാധിച്ച് റോബിൻ അടിച്ചുമാറ്റിയത് നൂറോളം ആഡംബരക്കാറുകൾ; കള്ളന്റെ കളക്ഷനിൽ ഓഡിയും മെഴ്‌സിഡസും മുൻനിരയിൽ; ബണ്ടിയുടെ ജീവിതം ചിത്രീകരിച്ച സിനിമ 'ഓയേ ലക്കി' 25 തവണ കണ്ട റോബിന്റെ ചന്തത്തിൽ മയങ്ങി 15 കാമുകിമാരും

ന്യൂഡൽഹി: വർഷങ്ങൾക്കുമുമ്പ് കേരള പൊലീസിനെ വട്ടംചുറ്റിച്ച 'ആഡംബര കള്ളൻ' ബണ്ടിചോർ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലാണെങ്കിലും അയാളെ ദൈവത്തെപ്പോലെ കരുതി ആ മോഷണ പാരമ്പര്യം തുടരുന്ന മറ്റൊരു വൻകിട മോഷ്ടാവ് ഡൽഹി പൊലീസിന്റെ പിടിയിലായി. വൻകിട അപ്പാർട്ടുമെന്റുകളിലും സമ്പന്നരുടെ വീടുകളിലും മാത്രം കയറി മുന്തിയ കാറുകൾ അടിച്ചുമാറ്റുന്ന റോബിൻ എന്ന യുവാവിനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.

ബണ്ടി ചോറിന്റെ ഫോട്ടോ ദൈവത്തിന്റെ പടംപോലെ പഴ്‌സിൽ സൂക്ഷിച്ചുവച്ച് ആരാധിച്ചിരുന്ന റോബിൻ ഇതുവരെ അടിച്ചുമാറ്റിയത് മെഴ്‌സിഡസും ഓഡിയുമുൾപ്പെടെ നൂറോളം ആഡംബരക്കാറുകൾ. ബണ്ടി ചോറിന്റെ ജീവിതകഥ ചിത്രീകരിച്ച 'ഓയോ ലക്കി! ലക്കി ഓയേ!' എന്ന സിനിമ 25 തവണ കണ്ട റോബിന് ബണ്ടിയുടെ ജീവിതം മോഷണത്തിന് പ്രചോദനമായെന്ന് പൊലീസ് പറയുന്നു.

ബണ്ടിയുടേതുപോലെ വൻകിട കാറുകൾ മാത്രം മോഷ്ടിക്കുന്ന റോബിൻ ബുധനാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്. ദക്ഷിണ-കിഴക്കൻ ഡൽഹിയിലെ ദേവ്‌ലിയിലുള്ള ഇയാളുടെ ഒളിസങ്കേതത്തിൽ നിന്ന് കാറുകളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ കാമുകിയുമൊത്ത് ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സൂപ്പർ കാർമോഷ്ടാവ് എന്ന നിലയിൽ ഇയാൾക്കായി ഏറെക്കാലമായി പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പിടിയിലായിരുന്നില്ല. ഓയേ ലക്കി സിനിമ കണ്ട് ബണ്ടിയുടെ മോഷണരീതികൾ പഠിച്ച ശേഷമാണ് വൻകിട കാർമോഷണത്തിലേക്ക് റോബിൻ തിരിഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. വാഹനമോഷണം തടയുന്നതിനുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.

പിടിയിലാകുമ്പോൾ ഒരു ബിഎംഡബ്‌ള്യു കാറും ഒരു ടൊയോട്ടാ ഫോർച്യൂണറും ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. 14 വർഷമായി റോബിൻ മോഷണം ആരംഭിച്ചിട്ടെങ്കിലും സമീപകാലത്താണ് വൻകിട കാറുകളിൽ നോട്ടമിടുന്നത്. ഇപ്പോൾ ജയിലിലുള്ള കാർമോഷ്ടാവ് മനോജ് ബക്കർവാലയുമായി പരിചയപ്പെട്ട ശേഷമായിരുന്നു ഇത്. ഡൽഹിയിലെ ഉധംസിങ് നഗറിലുള്ള നവാബ് എന്നറിയപ്പെടുന്നയാൾക്കാണ് കാറുകൾ വിറ്റിരുന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

സമ്പന്നരുടെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു മോഷണങ്ങളിലേറെയും. വീട്ടുകാർ പ്രഭാത നടത്തത്തിനും മറ്റും പോകുന്ന വേളകൾ മനസ്സിലാക്കിയായിരുന്നു കാറുകൾ കടത്തിയിരുന്നത്. രാവിലെ കതകുതുറന്നിടുന്ന തക്കംനോക്കി നിന്ന് വീട്ടിൽകയറി കാറിന്റെ താക്കോൽ അടിച്ചുമാറ്റുകയും പുറത്തിറങ്ങി കാറുമായി കടന്നുകളയുകയുമായിരുന്നു രീതി.

ഡൽഹി, ഹരിയാന, യുപി, ചണ്ടിഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കാറുകളാണ് ഇയാൾ മോഷ്ടിച്ചതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ പുഷ്‌പേന്ദ്ര വ്യക്തമാക്കി. ആഡംബര ജീവിതമായിരുന്നു റോബിന്റെത്. കാണാൻ സുന്ദരനായ റോബിൻ മുന്തിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇയാൾ മോഷ്ടാവാണെന്ന് സമീപത്ത് താമസിക്കുന്നവർക്ക് ആർക്കും സംശയംപോലും ഉണ്ടായിരുന്നില്ല. ഇയാൾ നോയിഡയിലെ ഒരു വീട്ടിൽ നിന്ന് കാർ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ജൂലായ് 19ന് സിസിടിവിയിൽ പതിഞ്ഞിരുന്നു.

ഇതിനെ പിന്തുടർന്നാണ് റോബിനെ പിടികൂടുന്നത്. ഈ 27 കാരന് ആൺ സുഹൃത്തുക്കൾ കുറവായിരുന്നെങ്കിലും 15 കാമുകിമാർ ഉണ്ടായിരുന്നുവെന്നും മിക്കവരും കാൾസെന്റർ ജീവനക്കാരികളാണെന്നും പൊലീസ് പറയുന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read