കൂടുതൽ

മന്ത്രിയായിരുന്ന ടിവി തോറ്റത് അപ്രതീക്ഷിതമായി; ഭർത്താവിന്റെ വരുമാനം ഇല്ലാതായപ്പോൾ ചെലവിന് പണം കണ്ടെത്താൻ കൃഷി ചെയ്തും പശുവിനെ വളർത്തുകയും ചെയ്ത വിപ്ലവ നക്ഷത്രം; ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നുവെന്ന് പറഞ്ഞ രാഷ്ട്രീയ അപൂർവ്വത; ഗൗരിയമ്മയ്ക്ക് റെഡ് സല്യൂട്ട്

കൊച്ചി: 'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു' എന്നു പറഞ്ഞ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അപൂർവ്വതയാണ് ഗൗരിയമ്മയുടെ ജീവിതം. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായ ഗൗരിയമ്മയുടെ കുടുംബ പശ്ചാത്തലം അതിന് ആക്കം കൂട്ടി. നിയമ ബിരുദം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ഈഴവ പെൺകുട്ടിയും ഗൗരിയമ്മ തന്നെ. സമ്പന്ന കുടുംബത്തിന്റെ കൊടിക്കൂറകൾ അവരെ ആകർഷിച്ചതേയില്ല. ഈ രാഷ്ട്രീയ ജീവിതത്തിനാണ് 102-ാം വയസ്സിൽ അവസാനമാകുന്നത്.

1948 മുതൽ 2011 വരെ തുടർച്ചയായി നടന്ന എല്ലാ നിയമ സഭാ തെരഞ്ഞെടുപ്പുകളിലും മൽസരിച്ച് 12 പ്രാവശ്യം വിജയിയായി. 102-ാം വയസിൽ മരിക്കും വരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അമരത്തു തുടർന്ന ഒരു രാഷ്ട്രീയ നേതാവും ലോകത്തു തന്നെ കാണുകയില്ല-ജെഎസ്എസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജൻബാബുവിന്റേതാണ് വാക്കുകൾ. കേരള രാഷ്ട്രീയത്തിന്റെ അമ്മയായിരുന്നു ഗൗരിയമ്മ. എല്ലാ അർത്ഥത്തിലും റെഡ് സല്യൂട്ട് നൽകി യാത്ര ആയയ്‌ക്കേണ്ട വിപ്ലവ നക്ഷത്രം.

കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴ വലിയചുടുകാട്ടിൽ. മരണത്തോട് പോലും പോരാടിയാണ് ഗൗരിയമ്മയുടെ വിയോഗം. നൂറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് ഇതിഹാസമാണ് വിടവാങ്ങിയത്. ത്യാഗനിർഭരമായ ആ ജീവിതം ഇനി ചരിത്രത്തിന്റെ ഭാഗം. വിപ്ലവ നായിക ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരിക്ക് കിട്ടേണ്ട എല്ലാ ആദരവും കേരളത്തിലെ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും ഗൗരിയമ്മയ്ക്ക് നൽകും. 2021 ജൂൺ 27-ന് ഗൗരിയമ്മയ്ക്ക് 102 വയസ് തികയുമായിരുന്നു. ജീവിതത്തിൽ ഒരു നൂറ്റാണ്ടും രണ്ടു വർഷവും പിന്നിട്ട കെ.ആർ.ഗൗരിയമ്മ മുഥുനത്തിലെ തിരുവോണം നാളിൽ ഗൗരിയമ്മയുടെ 103-ാം പിറന്നാളാണ്. വിപ്ലവ തിളപ്പും കർക്കശ നിലപാടുകളും ആർദ്രമായ മനസിനെ പൊതിഞ്ഞു നിന്നു.

വിശേഷണങ്ങൾ ആവശ്യമില്ലാത്ത ദീർഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാർഥവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമ. എന്നും മർദ്ദിദ ജനങ്ങൾക്കുവേണ്ടി വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടം നടത്തിയ കരുത്തുറ്റ നേതാവ്, മികച്ച ഭരണാധികാരി, 1952- ൽ തിരുകൊച്ചി നിയമ സഭാംഗമായതുമുതൽ 2006 വരെ 12 നിയമ സഭകളിലായി പ്രഗൽഭമായ സാന്നിധ്യം തെളിയിച്ച നിയമ സഭാംഗം, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹ്യ നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, രാഷ്ട്രീയം ജനസേവനത്തിനാണ് പണസമ്പാദന മാർഗ്ഗമല്ലെന്ന പ്രമാണത്തെ എന്നും മുറുകെ പിടിച്ച രാഷ്ട്രീയ നേതാവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രസഭകളിലായി 16 വർഷക്കാലം മന്ത്രി എന്നിങ്ങനെ ഗൗരിയമ്മയുടെ ശിരസ്സിനിണങ്ങുന്ന പൊൻ തൂവലുകൾ ഏറെയാണ്.

പല കാലഘട്ടങ്ങളിലായി ദീർഘകാലത്തെ യാതനാപൂർണ്ണമായ ജയിൽ വാസം, ശാരീരിക മാനസിക പീഡനങ്ങളും ഗൗരയമ്മയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എതിർപ്പുകളുടെ തീജ്വാലയ്ക്കുമുമ്പിലും അചഞ്ചലമായി നിൽക്കാനുള്ള ധീരതയും തന്റെ വിശ്വാസങ്ങൾക്കായി അവസാനം വരെ മുഖം നോക്കാതെ തളരാതെ നിന്നു പൊരുതുവാനുള്ള കരളുറപ്പും ഗൗരിയമ്മയുടെ പ്രത്യേക സ്വഭാവമുദ്രകളാണ്. ഭൂപരിഷ്‌കരണ നിയമം, പൊതുപ്രവർത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മീഷൻ നിയമം, കുടികിടപ്പുകാരെയും, പാട്ടക്കാരെയും, ഒഴിപ്പിക്കലിനെതിരെ ധന നിയമം, ടെക്നോപാർക്ക് ഉൾപ്പെടെ കേരളീയ സമുഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശിൽപി ഗൗരിയമ്മയായിരുന്നു-രാജൻ ബാബു പറയുന്നു.

പുന്നപ്ര വയലാറിന്റെ തീച്ചൂളയായി മാറിയ ചേർത്തലയിലെ തിളച്ചുമറിഞ്ഞ മണ്ണിൽ നിന്നാണ് കെ.ആർ.ഗൗരിയെന്ന അഗ്‌നിപുത്രിയെ കേരളത്തിന് ലഭിച്ചത്. 1946 മുതൽ പൊതുരംഗത്തും, രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഗൗരിയമ്മയ്ക്ക് അഴിമതിയുടെ കറ ഒട്ടു പുരളാത്ത വ്യക്തിത്വമാണുള്ളത്. 1957-ലെ മന്ത്രി സഭ കഴിഞ്ഞ് വന്ന തിരഞ്ഞെടുപ്പിൽ ടി.വി.തോമസ് തോറ്റു. വരുമാനം ഇല്ലതായി. ഗൗരിയമ്മയുടെ വരുമാനം കൊണ്ട് ജീവിക്കണമായിരുന്നു. ചെലവിന് പണം കണ്ടെത്താൻ ഗൗരിയമ്മ പച്ചക്കറി കൃഷി ചെയ്തു.

പശുവിനെ വളർത്തി പാൽ വിറ്റിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് കമ്മ്യൂണിസത്തിന്റെ വിത്തിന് വെള്ളവും വളവും നൽകി പരിചരിച്ച പെൺകരുത്ത് . കാലം പോലും അതിശയത്തോടെ നോക്കി നിന്ന ആ ഇരുണ്ട വഴിയിലൂടെ ചങ്കൂറ്റത്തോടെ നടന്ന ഗൗരിയമ്മ. ബ്രീട്ടീഷ് ലാത്തിയുടെ കൊടും ക്രൂരതയുടെ വേദന കടിച്ചമർത്തിയപ്പോഴും ഉള്ളിൽ തിളച്ചത് വിപ്ലവാവേശമായിരുന്നു. കേരളം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും എന്നായിരുന്ന ഒരുകാലത്ത് സിപിഎംന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

രാഷ്ട്രീയ എതിരാളികൾ പോലും എതിർപ്പില്ലാതെ ആദരിക്കുന്ന കെ.ആർ.ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ-ൽ നിന്നും സിപിഎമ്മിലേയ്ക്ക് ചങ്കൂറ്റത്തോടെ കാലെടുത്തുവച്ച ഗൗരിയമ്മയ്ക്ക് അതിനായി ജീവിത പങ്കാളിയെയാണ് കൈവെടിയേണ്ടി വന്നത്. പി.കൃഷ്ണപിള്ളയിൽ നിന്നുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഗൗരിയമ്മ സ്വീകരിച്ചത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ ഒന്നാം തലമുറ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ഗൗരിയമ്മ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.

ദിവാൻ ഭരണത്തിനെതിരെ പൊരുതിയ ഗൗരിയമ്മയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സർ.സി.പി മജിസ്ട്രേട്ട് പദവി വാഗ്ദാനം ചെയ്തതും, ഗൗരിയമ്മ അത് നിരാകരിച്ചതും ചരിത്ര ഭാഗമാണ് എന്നും മജിസ്ട്രേട്ട് പദവി സ്വീകരിച്ച് സർ.സി.പിയുടെ ന്യായാധിപ ആകുന്നതിൽ ആയിരുന്നില്ല, സർ. സി.പിക്കെതിരെ പൊരുതി അദ്ദേഹത്തിന്റെ തടവറയിലാകുന്നതായിരുന്നു ഗൗരിയമ്മയ്ക്ക് താല്പര്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത്. േ

ശതാബ്ദി സമ്മേളനത്തിൽ മലയാളികളുടെ മനസ്സിനെ സ്വാധീനിച്ച പുരുഷൻ ഏതെന്ന് ചോദിച്ചാൽ ഒരുപാട് പേരുകൾ പറയാൻ സാധിക്കും, എന്നാൽ വനിത ഏതെന്ന് ചോദിച്ചാൽ അത് ഗൗരിയമ്മ മാത്രമാണെന്നും , ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രം കൂടിയാണെന്നും , തിരുകൊച്ചി നിയമസഭയിൽ അംഗമായി ജീവിച്ചിരിക്കുന്ന ഏക അംഗം ഗൗരിയമ്മയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read