കൂടുതൽ

ഇന്നുപുസ്തക പ്രകാശനം നടക്കാനിരിക്കെ അവിചാരിതമായി രചയിതാവിന്റെ വിടവാങ്ങൽ; എഴുത്തുകാൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു; നോവലിലും, കഥയിലും ബാലസാഹിത്യത്തിലും നിരവധി കൃതികൾ; 'ലുക്കാച്ചുപ്പി'യുടെ തിരക്കഥാകൃത്തായി സിനിമയിലും

 കോഴിക്കോട്: എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. പുതിയ നോവലായ 'ദ കോയ' യുടെ പ്രകാശനം കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് ഇന്ന് വൈകിട്ട് നടത്താനിരിക്കെയായിരുന്നു അന്ത്യം. ഫറോക്ക് പേട്ട സ്വദേശിയാണ്. കുറച്ചു കാലമായി മലപ്പുറം ചെമ്മാടാണ് താമസം. കാൻസർ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2015ൽ പുറത്തിറങ്ങിയ 'ലുക്കാച്ചുപ്പി' എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ?(കവിതാസമാഹാരങ്ങൾ), ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി(നോവലുകൾ), നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട്(ബാലസാഹിത്യം) എന്നിവ കൃതികളാണ്.

ഗഫൂർ അറയ്ക്കലിന്റെ ഏറ്റവും പുതിയ നോവലായിരുന്നു 'ദ കോയ'. രചയിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെതുടർന്ന് പുസ്തകപ്രകാശനം മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

ഉസ്സൻകോയ, പാത്തേയ് എന്നിവരുടെ മകനായി കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് ഗഫൂർ അറയ്ക്കൽ ജനിച്ചത്. ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read