ബഹ്റൈൻ

ഗൗരി ലങ്കേഷിന്റെ കൊല മാധ്യമ സ്വാതന്ത്ര്യത്തെ നടുക്കുന്നത്: ബഹ്‌റിനിൽ മലയാളി മാധ്യമ പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി

മനാമ: ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരെ നടുക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിനെ തിരായ കൈയേറ്റവുമാണു ഗൗരി ലങ്കേഷിന്റെ കൊലയെന്ന് ബഹ്റൈനിൽ നടന്ന മലയാളി മാധ്യമ പ്രവർത്തകരുടെ പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി.

ഭരണകൂട നയങ്ങളെയും ഫാഷിസ്റ്റ് പ്രവണതകളെയും വിമർശിക്കുന്ന വർക്കെതിരെ അസഹിഷ്ണുതയുടെ വക്താക്കൾ വേട്ട തുടരുകയാണ്. കൽബുർഗിയും നരേന്ദ്ര ധബോൽക്കറും ഗോവിന്ദ് പൻസാരെയും കൊല്ലപ്പെട്ടതിന്റെ തുടർച്ചയായി വേണം ഗൗരിയുടെ വധത്തെ കാണാൻ. ഫാഷിസത്തിന്റെയും ജാതീയമായ അടിച്ചമർത്തലുകളുടേയും കടുത്ത വിമർശകയായിരുന്നു അവർ. സാമൂഹികവും രാഷ്ട്രീയവുമായ അനീതികൾക്കെതിരെ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഗൗരി നടത്തിയത്.

നിർഭയ പത്ര പ്രവർത്തനത്തിന്റെ വക്താവായിരുന്ന പിതാവ് പി ലങ്കേഷിന്റെ പാത പിൻതുടർന്നാണ് ഗൗരി ഈ രംഗത്ത് ചുവടുറപ്പിച്ചത്. വിമത ശബ്ദങ്ങളെ അരിഞ്ഞു തള്ളുന്ന ഭീതിജനകമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലായ നാനാത്വത്തിൽ ഏകത്വമെന്ന തത്വം തന്നെ അസ്തമിച്ചുപോവുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വർഗീയ ഫാഷിസ്റ്റുകളുടെ കടന്നാക്രമണങ്ങളെ ചെറുക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. കെടുത്താനാകാത്ത അഗ്നിയാണ് അക്ഷരമെന്നും സർഗാത്മകതയുടെയും വാർത്തയുടെയും അർഥമറിയാത്തവരാണ് ഗൗരിയുടെ ഘാതകരെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാനാകില്ല. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യൻ മാധ്യമ രംഗം വികസിച്ചത്. ഫാഷിസത്തിന്റെ ഒച്ച കേൾക്കുന്ന കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്തിലും വർഗീയത കാണുന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. മനുഷ്യനെ വേർതിരിച്ചുകാണുന്ന സാഹചര്യങ്ങളെ തിരിച്ചറിയണം. ഗൗരി ലങ്കേഷിനെതിരായി ഉയർന്ന തോക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായാണ് ഉയർന്നതെന്ന് നാം മനസിലാക്കണംമെന്നും പ്രദീപ് കൂട്ടിച്ചേർത്തു.

മനാമയിൽ നടന്ന യോഗത്തിൽ എ വി ഷെറിൻ അധ്യക്ഷനായിരുന്നു. ഗൗരി ലങ്കേഷിനെ സ്മരിക്കുകയെന്നത് ഫാഷിസത്തിനെതിരായ ഓർമ പുതുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കെ ടി നൗഷാദ് സ്വാഗതം പറഞ്ഞു. നാസി ജർമനിയിൽ കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും നേരിട്ട പരീക്ഷണങ്ങളെ ഓർമിപ്പിക്കുന്ന കാലത്തിലൂടെയാണ് ഇന്ത്യയിലെ സാംസ്‌കാരിക സമൂഹം കടന്നുപോകുന്നതെന്ന് കെ ടി നൗഷാദ് പറഞ്ഞു.

എം ബിജുശങ്കർ പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. ക്ലാസിക്കൽ ഫാസിസത്തിന് വീണ്ടും തലപൊക്കാൻ ഇന്ത്യൻ സാഹചര്യത്തിൽ സാധ്യമല്ലെന്നും ഫാസിസത്തിന്റെ ലക്ഷണങ്ങളെ നേരിടാൻ മതേത, ജനാധിപത്യ ശക്തികളുടെ മുന്നേറ്റം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

അനസ് യാസിൻ, ഹരീഷ് മേനാൻ, രാജീവ് വെള്ളിക്കോത്ത്, ബെയ്സിൽ നെല്ലിമറ്റം, അശോക് കുമാർ, ഹാരിസ് തൃത്താല, അൻവർ മൊയ്തീൻ, ബോബി തേവറിൽ, അനിൽ തിരൂർ, പ്രമോദ് തിരൂർ, ഉണ്ണി സംസാരിച്ചു. സത്യൻ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയിൽ പ്രതിഷേധിച്ച് ബഹ്റൈനിലെ മലയാളി മാധ്യമ പ്രവർത്തകർ നടത്തിയ സംഗമം പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്യുന്നു.

MNM Recommends


Most Read