കായികം

ലോകകപ്പ് കിട്ടിയില്ല; ലോക ഇലവനിലും ആരുമില്ല; ഇന്ത്യൻ താരങ്ങളില്ലാതെ ലോക ടീമിനെ തെരഞ്ഞെടുത്ത് ഐസിസി; നായകൻ മക്കല്ലം

ദുബായ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ ടീമിന് തിരിച്ചടിയേകി ഐസിസിയുടെ ലോക ഇലവനെ പ്രഖ്യാപിച്ചു. സെമി ഫൈനൽ വരെ എത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് ഒരാൾ പോലും ലോക ഇലവനിൽ ഇടംപിടിച്ചില്ല.

ബ്രൻഡൻ മക്കല്ലം നയിക്കുന്ന ടീമിൽ ഇടം നേടിയവരിൽ ഏറ്റവും കൂടുതലള്ളത് ന്യൂസിലൻഡ് താരങ്ങളാണ്. ന്യൂസിലൻഡിൽ നിന്ന് അഞ്ചു താരങ്ങളാണ് ടീമിലുള്ളത്. ചാംപ്യന്മാരായ ഓസ്‌ട്രേലിയയിൽ നിന്ന് മൂന്നു താരങ്ങളും ഇടം നേടി.

കോറി ആൻഡേഴ്‌സൻ, ട്രെന്റ് ബോൾട്ട്, മാർട്ടിൻ ഗപ്ടിൽ, ഡാനിയൽ വെട്ടോറി എന്നിവരാണ് മക്കല്ലത്തെ കൂടാതെ ലോക ഇലവനിൽ സ്ഥാനം നേടിയ കിവീസ് താരങ്ങൾ. ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ്, മോണി മോർക്കൽ എന്നിവരും തുടർച്ചയായി നാലു സെഞ്ച്വറികൾ നേടി ചരിത്രം സൃഷ്ടിച്ച ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ടീമിലിടംപിടിച്ചു. ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച സിംബാബ്‌വെ താരം ബ്രൻഡൻ ടെയ്‌ലറാണ് ടീമിലെ പന്ത്രണ്ടാമൻ.

ലോകകപ്പിൽ സെമി വരെയെത്തിയ ഇന്ത്യൻ ടീമിന്റേത് മികച്ച പ്രകടനമായിരുന്നെങ്കിലും ഒരു ഇന്ത്യൻ താരത്തിന് പോലും ഐസിസിയുടെ ലോക ഇലവനിൽ സ്ഥാനം നേടാനായില്ല. ഐസിസി ജനറൽ മാനേജർ ജിയോഫ് അലാർഡൈസിന്റെ നേതൃത്വത്തിലുള്ള പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. ബംഗ്ലാദേശിന്റെ മഹ്മൂദുല്ല, യുഎഇയുടെ ഷായ്മൻ അൻവർ, ഇന്ത്യയുടെ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ആർ അശ്വിൻ, പാക്കിസ്ഥാന്റെ വഹാബ് റിയാസ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ എന്നിവരുടെ പേരുകളും ലോക ഇലവനിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇവർക്ക് അവസാന പതിനൊന്നിൽ ഇടം നേടാനായില്ല. രണ്ടു ഇരട്ട സെഞ്ചുറികളും 38 സെഞ്ചുറികളും രണ്ട് ഹാട്രിക്കും 28 നാലു വിക്കറ്റ് നേട്ടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ലോകകപ്പ് ടൂർണമെന്റ്.

MNM Recommends


Most Read