കായികം

സിഡ്‌നിയിലെ രണ്ടാം ഏകദിനത്തിലും റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ ജയം; മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസിസിന്; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി സ്റ്റീവൻ സ്മിത്ത് കളിയിലെ താരം

സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയക്ക്. രണ്ടാം മത്സരത്തിൽ ഇന്ത്യയെ 51 റൺസിന് കീഴടക്കിയാണ് ഓസീസ് പരമ്പര ജയം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 338 റൺസ് മാത്രം. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഇതേ വേദിയിൽ നടന്ന ആദ്യ മത്സരത്തിലും കൂറ്റൻ സ്‌കോർ നേടിയ ഓസീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട
തുടക്കമാണ് ഓപ്പണിങ് വിക്കറ്റിൽ മായങ്ക് അഗർവാളും ശിഖർ ധവാനും നൽകിയത്. ഇരുവരും ചേർന്ന് 58 റൺസ് എടുത്തു. 23 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 30 റൺസെടുത്ത ധവാനെ ഹെയ്സൽവുഡ് പുറത്താക്കി.
ഏറെ വൈകാതെ മായങ്ക് അഗർവാളിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 26 പന്തിൽ നിന്ന് നാലു ഫോറുകളടക്കം 28 റൺസെടുത്താണ് മായങ്ക് പുറത്തായത്.

പിന്നാലെ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ വിരാട് കോലിയും ശ്രേയസ് അയ്യരും നാലാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. 36 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 38 റൺസെടുത്ത ശ്രേയസിനെ
സ്റ്റീവ് സ്മിത്ത് തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി.

നാലാം വിക്കറ്റിൽ കെ.എൽ രാഹുലിനെ കൂട്ടുപിടിച്ച് കോലി 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. . 87 പന്തുകൾ നേരിട്ട കോലി, ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 89 റൺസെടുത്ത് പുറത്തായി. ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിൽ കോലിയെ പുറത്താക്കാൻ മോയ്‌സസ് ഹെന്റിക്വസ് എടുത്ത ഉജ്വല ക്യാച്ചാണ് മത്സരഫലം നിർണയിച്ചത്. വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ

അഞ്ചാം വിക്കറ്റിൽ രാഹുൽ - ഹാർദിക് പാണ്ഡ്യ സഖ്യം 63 റൺസ് ചേർത്തു. 66 പന്തിൽ നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 76 റൺസെടുത്ത രാഹുൽ 44-ാം ഓവറിലാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ (31 പന്തിൽ 28), രവീന്ദ്ര ജഡേജ (11 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു പ്രധാന ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. മുഹമ്മദ് ഷമി (ഒന്ന്), ജസ്പ്രീത് ബുമ്ര (0), നവ്ദീപ് സെയ്‌നി (പുറത്താകാതെ 10), യുസ്വേന്ദ്ര ചെഹൽ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം

ഓസീസിനായി പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റ് വീഴ്‌ത്തി. ജോഷ് ഹെയ്സൽവുഡ്, ആദം സാംപ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 389 റൺസ് അടിച്ചുകൂട്ടിയിരുന്നു.  തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീസ് സ്മിത്ത്, അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്‌സ്വെൽ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.

62 പന്തിൽ നിന്ന് സെഞ്ചുറി തികച്ച സ്മിത്ത് 64 പന്തിൽ നിന്ന് 104 റൺസെടുത്ത് പുറത്തായി. രണ്ടു സിക്‌സും 14 ഫോറുമടക്കമാണ് സ്മിത്ത് 104 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ മാർനസ് ലബുഷെയ്നൊപ്പം 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്മിത്ത് മടങ്ങിയത്.

61 പന്തുകൾ നേരിട്ട ലബുഷെയ്ൻ അഞ്ചു ഫോറുകടക്കം 70 റൺസെടുത്ത് പുറത്തായി.തുടർച്ചയായ രണ്ടാം മത്സരത്തിലും തകർത്തടിച്ച ഗ്ലെൻ മാക്‌സ്വെൽ വെറും 29 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 63 റൺസോടെ പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ലബുഷെയ്ൻ - മാക്‌സ്വെൽ സഖ്യം 80 റൺസ് ചേർത്തു.

നേരത്തെ പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

ഓപ്പണർമാരായ ഡേവിഡ് വാർണറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും നിലയുറപ്പിച്ചതോടെ ഓസീസ് സ്‌കോറിലേക്ക് അതിവേഗം റൺസെത്തി. ഓപ്പണിങ് വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഈ സഖ്യം 100 കടന്നു.

69 പന്തിൽ നിന്ന് ഒരു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡേവിഡ് വാർണറെ ശ്രേയസ് അയ്യർ റണ്ണൗട്ടാക്കി. 77 പന്തിൽ നിന്ന് മൂന്നു സിക്സും ഏഴു ഫോറുമടക്കം 83 റൺസായിരുന്നു വാർണറുടെ സമ്പാദ്യം.

ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങി. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നവ്ദീപ് സെയ്‌നി ഏഴ് ഓവറിൽ 70 റൺസും യുസ്വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു.

ന്യൂസ് ഡെസ്‌ക്‌ editor@marunadanmalayali.com

MNM Recommends


Most Read